
സംസ്ഥാനത്ത് 2025ഓടുകൂടി കുഷ്ഠരോഗം (Leprosy ) നിര്‍മ്മാര്‍ജനം ചെയ്യാൻ ലക്ഷ്യമിടുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (veena george). കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വിധേയനായാല്‍ ഈ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നതാണ്. കുഷ്ഠരോഗത്തെ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒട്ടനവധി പദ്ധതികള്‍ ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. രോഗത്തെ ഏത് അവസ്ഥയിലും ചികിത്സിച്ചു ഭേദമാക്കാം. 6 മുതല്‍ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ രോഗ ലക്ഷണമുള്ളവര്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
2021-22 വര്‍ഷം മാത്രം 302 കുഷ്ഠ രോഗികളെയാണ് കണ്ടെത്തി ചികിത്സ നല്‍കിയത്. 2020-21 വര്‍ഷത്തില്‍ 311 രോഗികളെയാണ് കണ്ടെത്തിയത്. നിലവില്‍ 460 രോഗികളാണ് ചികിത്സയിലുള്ളത്. രണ്ടു ഘട്ടങ്ങളിലായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍, സ്പര്‍ശ് ലെപ്രസി അവയര്‍നസ് ക്യാമ്പയിന്‍, ഈ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ കുഷ്ഠരോഗ നിര്‍മാര്‍ജന സര്‍വേ എന്നിവ പ്രകാരമാണ് ഈ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി രോഗലക്ഷണമുളളവര്‍ സ്വയം പരിശോധനയ്ക്ക് വിധേയമായി ഇ സഞ്ജീവനി പോര്‍ട്ടല്‍ വഴിയോ, അടുത്തുളള ആരോഗ്യകേന്ദ്രങ്ങള്‍ വഴിയോ രോഗനിര്‍ണയം നടത്താന്‍ ഉതകുന്ന ഇറാഡിക്കേഷന്‍ ഓഫ് ലെപ്രസി ത്രൂ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ആന്റ് അവയര്‍നസും (ELSA) കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കുട്ടുകയുണ്ടായി.
കുഷ്ഠ രോഗത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണയാണ് കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്തെ പ്രധാന വെല്ലുവിളി. കൈകാലുകളില്‍ വിരലുകള്‍ നഷ്ടപ്പെട്ട വ്രണങ്ങളോടു കൂടിയ വിരൂപമാണ് കുഷ്ഠം എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. സ്പര്‍ശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും, വേദന ഉളളതും വീര്‍ത്ത് തടിച്ചതുമായ നാഡികള്‍ എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.
മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണു മൂലമാണ് കുഷ്ഠ രോഗം ഉണ്ടാകുന്നത്. പ്രധാനമായും വായുവിലൂടെയാണ് രോഗം പകരുന്നത്. സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. ഈ രോഗാണുക്കള്‍ ശ്വസിക്കുന്ന ആളുകള്‍ക്ക് രോഗം വരാം. എന്നാല്‍ 85 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് കുഷ്ഠരോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉളളതിനാല്‍ രോഗം വരാന്‍ സാധ്യത കുറവാണ്.
Also Read: കുഷ്ഠരോഗ നിർമാർജ്ജന ദിനം; അറിയാം രോഗലക്ഷണങ്ങൾ, പ്രതിരോധം...
അറിയാം കുഷ്ഠരോഗ ലക്ഷണങ്ങൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam