മലേറിയക്കെതിരെ ജെഎൻയുവിൽ നിന്ന് ശുഭവാർത്ത, ഹെപ്പറ്റൈറ്റിസ് സി യുടെ മരുന്നിലെ പരീക്ഷണത്തിൽ കണ്ടെത്തിയത്!

Published : Nov 16, 2022, 09:57 PM IST
മലേറിയക്കെതിരെ ജെഎൻയുവിൽ നിന്ന് ശുഭവാർത്ത, ഹെപ്പറ്റൈറ്റിസ് സി യുടെ മരുന്നിലെ പരീക്ഷണത്തിൽ കണ്ടെത്തിയത്!

Synopsis

മലേറിയക്ക് കാരണമാകുന്ന പ്ലാസ്മോഡിയം സൂഷ്മ ജീവികൾ നിലവിലെ ഒട്ടുമിക്ക മരുന്നുകൾക്കുമെതിരായ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് ആന്റിമൈക്രോബയൽ ഏജന്റ്സ് ആൻഡ് കീമോതെറാപ്പി ജേണലിൽ നേരത്തെ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടികാട്ടിയിരുന്നു

ദില്ലി: ഹെപ്പറ്റൈറ്റിസ് സി ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന മരുന്നായ അലിസ്‌പോരിവിർ മലേറിയ ചികിത്സയ്ക്കും ഉപയോഗിക്കാമെന്ന് ജെ എൻ യുവിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തി. കൊതുകുകളിലൂടെ ശരീരത്തിലെത്തുന്ന പ്ലാസ്മോഡിയം എന്ന ഏക കോശ സൂഷ്മ ജീവികളാണ് മലേറിയക്ക് കാരണമാകുന്നത്. പ്ലാസ്മോഡിയത്തിനെതിരായ പ്രവ‍ർത്തിക്കാൻ അലിസ്‌പോരിവിറിന് സാധിക്കുമെന്നാണ് ഗവേഷകരുടെ പഠനത്തിൽ പറയുന്നത്. ഇത് മലേറിയയുടെ ചികിത്സക്ക് ഗുണം ചെയ്യുമെന്നാണ് ജെ എൻ യു ഗവേഷകരുടെ പ്രതീക്ഷ.

മലേറിയക്ക് കാരണമാകുന്ന പ്ലാസ്മോഡിയം സൂഷ്മ ജീവികൾ നിലവിലെ ഒട്ടുമിക്ക മരുന്നുകൾക്കുമെതിരായ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് ആന്റിമൈക്രോബയൽ ഏജന്റ്സ് ആൻഡ് കീമോതെറാപ്പി ജേണലിൽ നേരത്തെ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടികാട്ടിയിരുന്നു. ഇക്കാരണത്താൽ നേരത്തെ മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന ക്ലോറോക്വിൻ, പ്രോഗ്വാനിൽ, പൈറിമെത്തമിൻ, സൾഫഡോക്‌സിൻ പൈറിമെത്തമിൻ, മെഫ്ലോക്വിൻ തുടങ്ങിയ മരുന്നുകൾ ഇപ്പോൾ ഉപയോഗം നിർത്തിവച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ജെ എൻ യു ഗവേഷക സംഘത്തിൽ നിന്ന് ശുഭ വാർത്തയെത്തുന്നത്.

നിലവിലെ മരുന്നുകൾക്കെതിരായ പ്രതിരോധ ശേഷി കൈവരിച്ച പ്ലാസ്മോഡിയം കാരണമായുണ്ടായ മലേറിയ ചികിത്സയ്ക്കായി, ഹെപ്പറ്റൈറ്റിസ് സി ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന മരുന്നായ അലിസ്‌പോരിവിർ ഉപയോഗിക്കാമെന്നാണ് ജെ എൻ യു വിലെ സ്‌പെഷ്യൽ സെന്റർ ഫോർ മോളിക്യുലാർ മെഡിസിനിലെ ഗവേഷകർ കണ്ടെത്തിയത്. അവയവമാറ്റത്തിന് വിധേയമാകുന്നവരിൽ ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയ്ക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സൈക്ലോസ്പോറിൻ എ എന്ന മരുന്നിന് സമാനമായതും എന്നാൽ പ്രതിരോധശേഷിയെ കുറയ്ക്കാത്തതുമായ മരുന്നാണ് അലിസ്‌പോരിവിർ. പ്രതിരോധശേഷി കുറയ്ക്കുന്ന പ്രവർത്തനം കാരണം പ്ലാസ്മോഡിയത്തിന്‍റെ വളർച്ച മന്ദീഭവിപ്പിക്കാനും സൈക്ലോസ്പോറിൻ എ ക്ക് സാധിക്കും. എന്നാൽ അതിനെ ഇതുവരെ മലേരിയ ചികിത്സയ്ക്കുള്ള മരുന്നായി അംഗീകരിച്ചിട്ടില്ല.

പ്ലാസ്മോഡിയത്തിനെതിരായ പ്രവ‍ർത്തനം മലേറിയയുടെ ചികിത്സയ്ക്കായി അലിസ്‌പോരിവിർ പരീക്ഷിക്കുകയായിരുന്നുവെന്ന് ജെ എൻ യു ഗവേഷക സംഘത്തിലെ പങ്കാളിയായ ആനന്ദ് രംഗനാഥൻ വ്യക്തമാക്കി. ബ്ലഡ് സ്റ്റേജ് കൾച്ചറിലും എലികളിലുള്ള പരീക്ഷണത്തിലും അലിസ്‌പോരിവിർ പ്ലാസ്മോഡിയത്തിനെതിരായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ചുവന്നരക്ത കോശങ്ങൾ നശിച്ചുപോകുന്ന എരിപ്പ്റ്റോസിസ് എന്ന അവസ്ഥ ഈ മരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്നില്ലെന്നും പഠനത്തിൽ വ്യക്തമായെന്നും ആനന്ദ് രംഗനാഥൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലുള്ള പഠനം മാത്രമാണെന്നും കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങളും വിശദമായ പഠനങ്ങളും ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

അതേസമയം ലോക ജനസംഖ്യക്ക് വലിയ ഭീഷണിയാണ് മലേറിയ ഉയർത്തുന്നത്. ലോക ജനസംഖ്യയുടെ പകുതിയോളം പേർ മലേറിയ ഭീഷണിയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ 2020 ലെ കണക്ക് പറയുന്നത്. ചില ജനസംഖ്യാ ഗ്രൂപ്പുകൾക്ക് മലേറിയ പിടിപെടാനും ഗുരുതരമായ രോഗം വരാനും സാധ്യത കൂടുതലാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, എച്ച് ഐ വി / എയ്ഡ്സ് ഉള്ള രോഗികൾ, അതുപോലെ പ്രതിരോധശേഷി കുറഞ്ഞ ആളുകൾ തീവ്രമായ മലേറിയ പകരുന്ന പ്രദേശങ്ങളിലേക്ക് നീങ്ങുമ്പോള്‍ രോഗ വ്യാപനത്തിന് ഇടയാകുന്നു. അതിനാല്‍ തന്നെ ജെഎന്‍യുവിലെ കണ്ടുപിടുത്തം മലേറിയയ്ക്കെതിരായ വൈദ്യശാസ്ത്രത്തിന്‍റെ പോരാട്ടത്തില്‍ പ്രതീക്ഷ നൽകുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ