
ചെവിയിൽ ചെറുതായൊന്ന് അഴുക്ക് വന്നാൽ ഉടൻ തന്നെ ഇയർ ബഡ്സ് (Earbuds) തേടി പോകുന്നവരാണ് പലരും. ചിലർ മണിക്കൂറോളം ഇയർ ബഡ്സ് ഉപയോഗിക്കുന്നതും കാണാം. ഇയർ ബഡ്സ് പതിവായി ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ അറിയുക. ചെവിക്കായം നീക്കാനാണ് പ്രധാനമായും ഇയർ ബഡ്ഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ചെവിക്കായം നമ്മുടെ ശത്രുവല്ല എന്നതാണ് നിങ്ങൾ ആദ്യം അറിയേണ്ടത്.
ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം.സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറി പോകാൻ സാധ്യതയുണ്ട്. മാത്രമല്ല ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ സാധ്യതയുണ്ട്. ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്.
ചെവിക്കായം ഒരു രോഗമല്ല. ഏതാനും മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ ചെവിക്കായം ഉണ്ടാകാറുണ്ട്. ചെവിയിലെ ചർമ്മ സ്രവങ്ങൾ, ചർമ്മത്തിലെ മൃതകോശങ്ങൾ എന്നിവയുടെ മിശ്രിതമായതിനാൽ ചെവിക്കായം ചെവിയിൽ രൂപം കൊള്ളുന്നത് ഒരു സാധാരണ കാര്യമാണ്. ഇത് ചെവിയുടെ ചർമ്മത്തെ ലൂബ്രിക്കേറ്റ് ചെയ്യുകയും വരൾച്ചയും അണുബാധയും തടയുകയും ചെയ്യുന്നു. ഇത് രൂപപ്പെടുമ്പോൾ, അത് സ്വന്തമായി ചെവി കനാലിൽ നിന്ന് കണികാ രൂപത്തിൽ പുറത്തുവരുന്നു. ചില ആളുകളിൽ, ഇത് കൂടുതൽ രൂപം കൊള്ളുന്നു. ചെവിക്കായം നീക്കം ചെയ്യുന്നതിനായി ENT സ്പെഷ്യലിസ്റ്റിനെ സമീപിക്കേണ്ടത് പ്രധാനമാണെന്നും ദുബായ് സുലേഖ ഹോസ്പിറ്റലിലെ ഇഎൻടി സ്പെഷ്യലിസ്റ്റായ ഡോ. നവീൻ ഗുപ്ത പറഞ്ഞു. ചെവിക്കായം ചെവിയിലെ ബാക്ടീരിയകളെയും ഫംഗസിനെയും ചെറുക്കാൻ സഹായിക്കുന്നു, ഇത് ചെറുതായി എണ്ണമയമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇയർ ഫോണിന്റെ അമിത ഉപയോഗം...
ഇയർഫോൺ (earphone) ഇന്ന് അമിതമായി ഉപയോഗിക്കുന്നവരാണ് പലരും. സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. 35 വയസ്സിന് താഴെയുള്ള ചെറുപ്പക്കാർ പാട്ട് കേൾക്കാൻ ഇയർഫോൺ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും,അവരിൽ 50 ശതമാനത്തോളം പേരും ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇയർഫോൺ ഉപയോഗിച്ച് ഉച്ചത്തിലുള്ള പാട്ട് കേൾക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലിൽ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും 2002 ലെ മലേഷ്യൻ ജേണൽ ഓഫ് മെഡിക്കൽ സയൻസ' സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും കാരണമാകും.
'എന്നെന്നും കേള്‍ക്കാനായി കരുതലോടെ കേള്‍ക്കാം', ഇന്ന് ലോക കേള്‍വി ദിനം