
ഇന്ന് മാർച്ച് 3. ലോക കേൾവി ദിനം (World Hearing Day). കേൾവിയെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്. ഈ ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പ്രമേയം ‘ജീവിതകാലം മുഴുവൻ കേൾക്കാൻ, ശ്രദ്ധിച്ചു കേൾക്കാം’ (To hear for life, listen with care) എന്നാണ്.
ബധിരതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2007 ലാണ് ഈ ദിനം ആരംഭിച്ചത്. പിന്നീട് ഇതിനെ ഇന്റർനാഷണൽ ഇയർ ഡേ എന്ന് വിളിച്ചിരുന്നു. എന്നാൽ പേര് 2016 ൽ വേൾഡ് ഹിയറിംഗ് ഡേ എന്നാക്കി മാറ്റിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കേൾവിക്കുറവിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 2050 ആകുമ്പോഴേക്കും കേൾവിക്കുറവ് വലിയ പ്രശ്നമാകും. അതിനെ മറികടക്കാൻ സുരക്ഷിതമായ കേൾവി എന്ന ആശയമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്.
ഈ ദിവസം, സുരക്ഷിതമായ ശ്രവണം പ്രോത്സാഹിപ്പിക്കുന്നതിന് അവബോധം വളർത്താൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. ഈ ആചരണം ബധിര സമൂഹത്തിന് അവരുടെ പ്രതിനിധി സംഘടനകൾ, ആരോഗ്യ സംവിധാനങ്ങൾ, ഗവൺമെന്റുകൾ എന്നിവയ്‌ക്കൊപ്പം ശ്രവണ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമാണ്.
കേൾവിക്കുറവ് പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
1. ചെവികൾ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക.
2. തീപ്പെട്ടി, പെൻസിൽ, ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടരുത്. കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
3. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്. ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക.
4. ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും.
Read more കൊളസ്ട്രോളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം? ഡോക്ടർ പറയുന്നത്