
പല്ലിന്‍റെ ആരോഗ്യം നമ്മുടെ ആകെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍ തന്നെ ക്രമേണ മറ്റ് രോഗങ്ങളിലേക്കും ആരോഗ്യപരമായ പ്രയാസങ്ങളിലേക്കും നമ്മെ നയിക്കാം. അതിനാല്‍ പല്ലിനെ കേട് കൂടാതെയും ആരോഗ്യത്തോടെയും സംരക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.
പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ നമ്മള്‍ പല സ്വാഭാവികമായും പല രോഗങ്ങളെയും അകറ്റുകയും ചെയ്യുന്നു. ഇത്തരത്തില്‍ നമുക്ക് അകറ്റാൻ സാധിക്കുന്ന ചില രോഗങ്ങള്‍.
1. പല്ലിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ ക്രമേണ ബാധിക്കാനിടയുള്ളൊരു അവയവമാണ് ഹൃദയം. വായില്‍ നിന്നുള്ള ബാക്ടീരിയ രക്തത്തിലേക്ക് പ്രവേശിക്കുകയും ഇത് പിന്നീട് ഹൃദയത്തെ ബാധിക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ ഹൃദയത്തിനും ഒരു കരുതലാകാം.
2. പ്രമേഹനിയന്ത്രണത്തിലും പല്ലിന്‍റെ ആരോഗ്യത്തിന് വലിയ പങ്കാണുള്ളത്. മോണരോഗമുള്ളവരില്‍ പതിയെ പ്രമേഹം പിടിപെടുന്നത് ഇതിനുദാഹരണമാണ്. പല്ല് സുരക്ഷിതമാണെങ്കില്‍ ഒരളവ് പ്രമേഹത്തെയും നമ്മള്‍ പ്രതിരോധിച്ചു എന്ന് കണക്കാക്കാം.
3. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും പല്ലിന്‍റെ ആരോഗ്യവുമായി ബന്ധമുണ്ട്. വായില്‍ നിന്നുള്ള ബാക്ടീരിയ ശ്വാസകോശത്തിലുമെത്താം. ഇതാണ് ശ്വാസകോശത്തെ ബാധിക്കുന്നതിലേക്ക് നയിക്കുന്നത്. അതിനാല്‍ത്തന്നെ പല്ലിന്‍റെ ആരോഗ്യം നല്ലതാണെങ്കില്‍ ശ്വാസകോശത്തിനും അത് ഗുണമാണ്.
4. ഗര്‍ഭകാലപ്രശ്നങ്ങളും പല്ലിന്‍റെ ആരോഗ്യം പ്രശ്നത്തിലാണെങ്കില്‍ വരാൻ സാധ്യത കൂടുതലാണ്. അതിനാല്‍ ഗര്‍ഭിണികളും പല്ലിന് പ്രത്യേക പരിഗണന നല്‍കുന്നത് നല്ലത്.
5. വായിലെ ബാക്ടീരിയകള്‍ തന്നെ സന്ധികളെയും ബാധിക്കാറുണ്ട്. വാതരോഗത്തിനെല്ലാം ഇത്തരത്തില്‍ അവസരം വരാം. അതിനാല്‍ സന്ധികളുടെ ആരോഗ്യത്തിനും പല്ലിന്‍റെ ആരോഗ്യം ഏറെ പ്രധാനം.
6. ദഹനപ്രശ്നങ്ങളും ഇതുപോലെ തന്നെ പല്ലിന്‍റെയും വായുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പല്ലിനുള്ള കേടുകളോ മോണരോഗമോ എല്ലാം ഇത്തരത്തില്‍ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാം.
Also Read:- ഹാര്‍ട്ട് ബ്ലോക്ക് മനസിലാക്കാം; ഈ ആറ് ലക്ഷണങ്ങളിലൂടെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-