ഹൃദയത്തെ ബാധിക്കുന്ന ഏറെ ഗൗരവമുള്ളൊരു പ്രശ്നമാണ് ബ്ലോക്ക്. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞുകിടക്കുകയും രക്തയോട്ടം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്

ഹൃദയം എത്രമാത്രം പ്രധാനപ്പെട്ടൊരു അവയവമാണ് നമ്മുടെ ശരീരത്തില്‍ എന്നത് എടുത്തുപറയേണ്ടതില്ല. കാരണം ഹൃദയത്തിന്‍റെ പ്രാധാന്യം ഏവര്‍ക്കും അറിയാം. അതിനാല്‍ തന്നെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം സമയത്തിന് തിരിച്ചറിയേണ്ടത് നിര്‍ബന്ധമാണ്. സമയത്തിന് തിരിച്ചറിയുകയും പരിഹാരം തേടുകയും വേണം.

ഇത്തരത്തില്‍ ഹൃദയത്തെ ബാധിക്കുന്ന ഏറെ ഗൗരവമുള്ളൊരു പ്രശ്നമാണ് ബ്ലോക്ക്. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞുകിടക്കുകയും രക്തയോട്ടം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം തന്നെയാണ് ഇതിന്‍റെ ഫലം. ബ്ലോക്ക് നേരത്തെ മനസിലാക്കാൻ കഴിഞ്ഞാല്‍ ഹൃദയാഘാതത്തെ നമുക്ക് ചെറുക്കാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് മനസിലാക്കാൻ സഹായിക്കുന്ന, ഇതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലേക്കാണിനി പോകുന്നത്.

ഒന്ന്...

നെഞ്ചുവേദന തന്നെയാണ് ബ്ലോക്കിന്‍റെ പ്രധാന സൂചന. നെഞ്ചിനകത്ത് വല്ലാത്തൊരു സമ്മര്‍ദ്ദം അനുഭവപ്പെടുന്നതും ബ്ലോക്കിന്‍റെ ലക്ഷണമാണ്. അതുപോലെ നെഞ്ചില്‍ കനവും ബ്ലോക്കുണ്ടെങ്കില്‍ അനുഭവപ്പെടാം. ഈ പ്രയാസങ്ങളെല്ലാം നെഞ്ചില്‍ നിന്ന് കൈകളിലേക്കും കഴുത്തിലേക്കും പ്രവഹിക്കുന്നതായും തോന്നാം. പ്രത്യേകിച്ച് ശരീരമനങ്ങി എന്തെങ്കിലും ചെയ്യുകയോ ജോലിയിലോ ആകുമ്പോഴാണിവയെല്ലാം അനുഭവപ്പെടുക. 

രണ്ട്...

ശ്വാസതടസം നേരിടുന്നതും ബ്ലോക്കിന്‍റെ സൂചനയാകാം. രക്തയോട്ടം കുറയുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ ശ്വാസതടസമുണ്ടാകുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍, അല്ലെങ്കില്‍ സ്ട്രെസ് ഏറുമ്പോള്‍. ശ്വാസം വലിച്ചെടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ ഹൃദയത്തിന്‍റെ കാര്യം പരിശോധിക്കുന്നതാണ് നല്ലത്. 

മൂന്ന്...

തലകറക്കം അനുഭവപ്പെടുന്നതും ബ്ലോക്കിന്‍റെ സൂചനയാകാം. ഇതും ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം എത്താതിനെ തുടര്‍ന്നാണുണ്ടാകുന്നത്. നെഞ്ചില്‍ വേദന, സമ്മര്‍ദ്ദം, ശ്വാസതടസം എന്നിവയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാറുണ്ടെങ്കില്‍ തീര്‍ച്ചയായും ഹൃദയത്തിന്‍റെ കാര്യം പരിശോധിക്കണം.

നാല്... 

വല്ലാത്ത തളര്‍ച്ച അനുഭവപ്പെടുന്നതിന് പിന്നിലും ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്ലോക്ക് കാരണം ഹൃദയത്തിലേക്കെത്തുന്ന രക്തത്തില്‍ അളവ് കുറവാകുമ്പോള്‍ ആണ് തളര്‍ച്ച അനുഭവപ്പെടുന്നത്. എപ്പോഴും കാര്യമായ ക്ഷീണവും ഉന്മേഷക്കുറവും നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് നല്ലത്. 

അഞ്ച്...

നെഞ്ചിടിപ്പ് ഉയരുന്നതോ അല്ലെങ്കില്‍ നെഞ്ചിടിപ്പില്‍ സാധാരണയില്‍ കവിഞ്ഞ വ്യത്യാസം കാണുന്നതോ ബ്ലോക്ക് സൂചനയാകാം. അതിനാല്‍ തന്നെ ഈ ലക്ഷണവും നിസാരമാക്കി തള്ളിക്കളയരുത്.

ആറ്...

മുതുക് വേദന, കൈകളിലും തോളുകളിലും കഴുത്തിലും കീഴ്ത്താടിയിലും വേദന എന്നിവ അനുഭവപ്പെടുന്നതിന് പിന്നിലും ബ്ലോക്ക് ഒരു കാരണമാകാം. ഈ ലക്ഷണങ്ങളും അവഗണിക്കാതിരിക്കുക. 

Also Read:- പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലറക്കം, നെഞ്ചിരിച്ചിലും നെഞ്ചിടിപ്പും; കാരണം ഇതാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo