
ചൈനയിൽ പടരുന്ന അതിവേഗ വ്യാപന ശേഷിയുള്ള കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ബി എഫ്7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തും ജാഗ്രത. കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കൊറോണ വൈറസ് കേസുകൾ കൂടുന്ന ഈ സമയത്ത് രോഗം പിടിപെടാതിരിക്കാൻ പിന്തുടരേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യക്തമാക്കുന്നു.
ഇന്ത്യയിൽ സ്ഥിതിഗതികൾ ഭയാനകമല്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതിനാൽ,ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാവരോടും നിർദ്ദേശിക്കുന്നു.
മുൻകരുതലുകൾ എന്തൊക്കെ?
എല്ലാ പൊതു ഇടങ്ങളിലും മാസ്ക് ഉപയോഗിക്കണം.
സാമൂഹിക അകലം പാലിക്കണം.
സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറുകളും ഉപയോഗിച്ച് പതിവായി കൈ കഴുകുക.
വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങൾ തുടങ്ങിയ പൊതുയോഗങ്ങൾ ഒഴിവാക്കണം.
അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കുക.
പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക.
മുൻകരുതൽ ഡോസ് ഉൾപ്പെടെ കൊവിഡ് വാക്സിനേഷൻ എത്രയും വേഗം എടുക്കുക.
ചൈന, യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ പ്രധാന രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.37 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഐഎംഎ അറിയിച്ചു.
ചൈനയുടെ ഇപ്പോഴത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് പിന്നിലെ ഒമൈക്രോൺ സബ് വേരിയന്റ് ബിഎഫ്.7 ന്റെ നാല് കേസുകൾ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിൽ രണ്ട്, ഒഡീഷയിൽ രണ്ട്. പുതിയ ഒമിക്രോൺ സബ് വേരിയന്റ് BF.7 വളരെ വേഗത്തിൽ വ്യാപിക്കുന്നതും കുറഞ്ഞ ഇൻകുബേഷൻ കാലയളവുള്ളതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam