പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; മാതാപിതാക്കള്‍ അറിയേണ്ടത്...

By Web TeamFirst Published Aug 26, 2021, 1:44 PM IST
Highlights

മൂക്കിന്റെ പിന്‍ഭാഗത്തും ശ്വാസനാളത്തിലുമായാണ് പിന്ന് തറച്ചിരുന്നത്. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ അനസ്‌തേഷ്യ നല്‍കിയ ശേഷം 'ലാറിംഗോസ്‌കോപ്പി'യിലൂടെയാണ് ഡോക്ടര്‍മാര്‍ പിന്‍ പുറത്തേക്കെടുത്തത്

കൊല്ലത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയ സംഭവം ഇതിനോടകം തന്നെ വാര്‍ത്തകളിലൂടെ മിക്കവരും അറിഞ്ഞിരിക്കും. കരുനാഗപ്പള്ളിയിലാണ് പത്തുമാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയത്. 

ഭാഗ്യവശാല്‍ ഇക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതോടെ സമയത്തിന് ചികിത്സ ലഭ്യമാക്കാനും കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമാക്കാനും സാധിച്ചു. 

മൂക്കിന്റെ പിന്‍ഭാഗത്തും ശ്വാസനാളത്തിലുമായാണ് പിന്ന് തറച്ചിരുന്നത്. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ അനസ്‌തേഷ്യ നല്‍കിയ ശേഷം 'ലാറിംഗോസ്‌കോപ്പി'യിലൂടെയാണ് ഡോക്ടര്‍മാര്‍ പിന്‍ പുറത്തേക്കെടുത്തത്. 

കുഞ്ഞുങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ അതിന് മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി തീവ്രത കൂടുതലായിരിക്കും. അവര്‍ക്ക് കാര്യം തുറന്നുപറയാനോ, മറ്റേതെങ്കിലും രീതിയില്‍ അത് സ്വയം കൈകാര്യം ചെയ്യാനോ ഒന്നും സാധിക്കില്ലെന്നതുകൊണ്ടാണ് അപകടത്തിന്റെ ആഴം വര്‍ധിക്കുന്നത്. 

 


ഇക്കാരണം കൊണ്ടുതന്നെ, കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിവാകുന്ന പ്രായം വരെ മാതാപിതാക്കള്‍ ധാരാളം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്. 

ഒന്ന്...

ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് സേഫ്റ്റി പിന്‍, ബ്ലേഡ് പോലെ അപകടകരമായ വസ്തുക്കളൊന്നും തന്നെ കുഞ്ഞുങ്ങള്‍ക്ക് കിട്ടത്തക്ക രീതിയില്‍ അലക്ഷ്യമായി വീട്ടിനകത്തോ പരിസരത്തോ ഇടരുത് എന്നതാണ്. വീട്ടില്‍ വരുന്ന സന്ദര്‍ശകരും ഈ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോയെന്നത് വീട്ടുകാര്‍ തന്നെ നിരീക്ഷിക്കേണ്ടതുമുണ്ട്. 

രണ്ട്....

ഇത്തരം വസ്തുക്കള്‍ക്കായി കുഞ്ഞുങ്ങള്‍ വാശി പിടിച്ചുകരയുമ്പോള്‍ ഇവ അപകടമുണ്ടാക്കുന്നതാണെന്ന തരത്തില്‍ ഭയപ്പെടുത്തി തന്നെ വേണം അവയെ കുഞ്ഞുങ്ങളില്‍ നിന്ന് മാറ്റിവയ്ക്കാന്‍. വെറുതെ പിടിച്ചുമാറ്റി വയ്ക്കുമ്പോള്‍ അവയിലേക്ക് കുഞ്ഞുങ്ങള്‍ക്ക് കൗതുകം കൂടാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെയോ മറ്റ് മുതിര്‍ന്നവരുടെയോ കണ്ണില്‍ പെടാതെ ഇവ എത്തിപ്പിടിക്കാന്‍ കുഞ്ഞ് കൂടുതലായി ശ്രമിക്കുകയും ചെയ്‌തേക്കാം. 

മൂന്ന്...

അസാധാരാണമായി കുഞ്ഞുങ്ങള്‍ കരയുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ പരിശോധിക്കേണ്ടതുണ്ട്. കരച്ചില്‍ നിര്‍ത്താത്തപക്ഷം ആശുപത്രിയിലെത്തിക്കുകയും വേണം. 

നാല്...

ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ സ്വയം ചികിത്സ നടത്താന്‍ ശ്രമിക്കരുത്. 

 

 

കുഞ്ഞുങ്ങള്‍ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ മുതുകില്‍ തട്ടുക, തല കീഴാക്കി പിടിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ക്കൊന്നും മുതിരാതിരിക്കുക. എത്രയും പെട്ടെന്ന് അവരെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. 

അഞ്ച്...

കുഞ്ഞുങ്ങളെ ദീര്‍ഘസമയത്തേക്ക് ശ്രദ്ധയില്ലാതെ വിടരുത്. അവര്‍ തനിച്ചിരുന്ന് കളിച്ചോളുമെന്ന് പറഞ്ഞാലും ഇടവിട്ട് അവരെ ശ്രദ്ധിക്കുകയും, അടുത്തുപോയി പരിശോധിക്കുകയും വേണം. പലവിധത്തിലുള്ള അപകടങ്ങളിലേക്കും കുഞ്ഞുങ്ങള്‍ എത്താം. അതിനാല്‍ തന്നെ എപ്പോഴും അവരിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. മുതിര്‍ന്നവരുടെ അശ്രദ്ധ മൂലം കുഞ്ഞുങ്ങള്‍ക്ക് ഒരുപകടവും സംഭവിക്കാതിരിക്കട്ടെ. 

Also Read:- കുട്ടികളെ ശാരീരികമായി ശിക്ഷിക്കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...

click me!