
മുഖത്ത് ചുളിവുകൾ, മുഖക്കുരുവിന്റെ പാട്, മുഖത്തെ കരുവാളിപ്പ് ഇങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാകാം. പല കാരണങ്ങൾ കൊണ്ടാണ് ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിലരിൽ പ്രായം കൂടുന്നതിൻറെ ഭാഗമായി ആകാം മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത്. എന്നാൽ മറ്റു ചിലരിൽ ജീവിതശൈലിയുടെ ഭാഗമായും ചർമ്മം മോശമാകാം. പ്രായത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ലെങ്കിലും ചർമ്മത്തെ സംരക്ഷിക്കാൻ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.
മുഖസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ. കരോട്ടിൻ, വിറ്റാമിൻ എ, ബി, ബി1, സി, ഇ തുടങ്ങിയ നിരവധി വിറ്റാമിനുകളും പോഷകങ്ങളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നിർജ്ജലീകരണം സംഭവിച്ച ചർമ്മകോശങ്ങളെ മോയ്സ്ചറൈസ് ചെയ്യുന്നു. മാത്രമല്ല, വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സിങ്ക്, മറ്റ് സംയുക്തങ്ങൾ എന്നിവ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ചർമ്മത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചർമ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാൻ സഹായിക്കും.
'ചർമ്മ സംരക്ഷണത്തിനായി വാഴപ്പഴം രണ്ട് രീതിയിൽ ഉപയോഗിക്കാം....'
ഒന്ന്...
ആദ്യം പകുതി പഴം, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
രണ്ട്...
പകുതി വാഴപ്പഴത്തിനൊപ്പം ഒരു ടീസ്പൂൺ ഓറഞ്ച് ജ്യൂസും തൈരും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് പതിവായി ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ മാറാൻ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ