സെക്സിനിടയിലെ ശബ്ദങ്ങൾ ചെയ്യുക ഗുണമോ ദോഷമോ?

By Web TeamFirst Published Nov 17, 2021, 4:11 PM IST
Highlights

പോൺ സിനിമകളിലെ ഒരു നിത്യ സാന്നിധ്യമാണ് സെക്സിനിടയിലെ ഞരക്കങ്ങളും മൂളലുകളും എല്ലാം.

'സൈലൻസ് ഈസ് ഗോൾഡൻ'(Silence is Golden) എന്നൊരു പഴഞ്ചൊല്ലുള്ളത് ജർമൻ ഭാഷയിലാണ്. നിശ്ശബ്ദതയ്ക്ക് അതിന്റെതായ ഒരു സൗന്ദര്യമുണ്ട്. എന്നാൽ ആ നിശബ്ദത സെക്സിനിടയിൽ(Sex) ആയാലോ? അത് രതി എന്ന അനുഭവത്തിന് ചെയ്യുക ഗുണമോ ദോഷമോ? എന്താണ് അതിന്റെ പിന്നിലെ ശാസ്ത്രീയത? തലച്ചോറാണ് നമ്മുടെ ഏറ്റവും വലിയ ലൈംഗികാവയവം (Brain is he biggest sex organ) എന്നാണ് പറയാറുള്ളത്. അങ്ങനെ ഒരു കഴിവ് തലച്ചോറിന് കിട്ടുന്നത് ശബ്ദം, ദൃശ്യം എന്നിവയുടെ രൂപത്തിൽ അതിലേക്ക് എത്തിച്ചേരുന്ന സിഗ്നലുകളുടെ ബലത്തിലാണ്. രണ്ടു പേർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവിടെ പ്രവർത്തിക്കുന്നത് അവരുടെ ജനനേന്ദ്രിയങ്ങളോ, ശരീരങ്ങളോ മാത്രമല്ല. അവരുടെ മനസ്സുകൾ കൂടി ഇഴചേർന്നു പ്രവർത്തിക്കുമ്പോൾ മാത്രമാണ് ആ അനുഭവം അതിന്റെ പൂർണ്ണതയിലേക്കെത്തുന്നത്. 

സെക്സ് എന്ന അനുഭവവുമായി ബന്ധപ്പെട്ടുള്ള ശബ്ദസൂചനകൾ(audio cues) തലച്ചോറിലെ ഒരു കേന്ദ്രം പ്രോസസ് ചെയ്യുകയും, അതിനെ വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള ചില സൂചനകളാണ് ശരീരം ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുകയാണ് എന്ന നിഗമനത്തിലേക്ക് നമ്മുടെ മസ്തിഷ്കത്തെ എത്തിക്കുന്നതും അതിനു സഹായകമായ രീതിയിൽ നമ്മുടെ നാഡീവ്യൂഹത്തെ തയ്യാറെടുപ്പിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്. 

നമ്മുടെ ശരീരത്തിലെ മുലക്കണ്ണുകൾ, കാലടികൾ, കഴുത്ത് തുടങ്ങിയ ഭാഗങ്ങൾ സ്വതവേ ലൈംഗികമായി കൂടുതൽ പ്രതികരണശേഷിയുള്ളതായി മാറുന്നത്  തലച്ചോറിലെ സെൻസറി കോർട്ടെക്‌സ് നിമിത്തമാണ് എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. ശരീരത്തിന്റെ പലഭാഗങ്ങളിലായി ചെന്നവസാനിക്കുന്ന നാഡികളിൽ നിന്ന്, നട്ടെല്ലുവഴി അങ്ങോട്ടും ഇങ്ങോട്ടും ഇതുമായി ബന്ധപ്പെട്ട പലതരം സിഗ്നലുകൾ തുരുതുരാ സഞ്ചരിച്ചുകൊണ്ടേയിരിക്കും. 

നമ്മുടെ കാതുകളിൽ ലൈംഗിക വികാരം ധ്വനിപ്പിക്കുന്ന ഒരു ശബ്ദം വന്നു വീഴുമ്പോൾ, അതുസംബന്ധിച്ച ഒരു സിഗ്നൽ ഉടനടി തലച്ചോറിന് കൈമാറപ്പെടും. ശരീരത്തിന് ഇതാ വികാരം വന്നു തുടങ്ങുന്നു എന്നതാണ് ആ സന്ദേശം. ഈ ശബ്ദം തന്ന സൂചനകളോടുള്ള പ്രതികരണമായി തലച്ചോർ അടുത്തതായി ചെയുക, ലൈംഗികാവയവങ്ങളിലേക്ക് " സെക്‌സിന് തയ്യാറായിക്കൊള്ളൂ" എന്ന സന്ദേശം അയക്കുകയാണ്. ഈ സന്ദേശം ലഭിക്കുന്നതോടെയാണ് പുരുഷന്മാരിൽ ഉദ്ധാരണം എന്ന പ്രക്രിയക്ക് തുടക്കമാവുന്നതും, സ്ത്രീകളിൽ ലൈംഗികാവയവങ്ങളിൽ ഘർഷണം കുറയാൻ വേണ്ട ദ്രാവകങ്ങൾ ഉത്പാദിതമാവുന്നതുമൊക്കെ.

പോൺ സിനിമകളിലെ ഒരു നിത്യ സാന്നിധ്യമാണ് സെക്സിനിടയിലെ ഞരക്കങ്ങളും മൂളലുകളും എല്ലാം. ഒരു 'ലൗഡ് പെർഫോമൻസ്' എന്ന നിലയ്ക്കാണ് ഈ ചിത്രങ്ങളിൽ ഇത്തരം ശബ്ദങ്ങളും കടന്നുവരുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിലോ? നമ്മുടെ ജീവിതത്തിൽ നടക്കുന്ന സെക്സിനിടയിലും, ഇത്തരം ശബ്ദങ്ങൾ ഉണ്ടാവാറുണ്ട്. അത് പ്രസ്തുത പ്രക്രിയയിൽ ഏർപ്പെടുന്നവർ അവർക്ക് അനുഭവവേദ്യമാവുന്ന സന്തോഷത്തിന്റെ വെളിപ്പെടുത്തൽ എന്ന നിലയ്ക്ക് സ്വാഭാവികമായി ചെയ്തു പോവുന്ന ഒന്നാണ്. (ചുരുക്കം ചിലർ, അങ്ങനെ ആസ്വാദ്യമായ ഒരു അനുഭവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു പങ്കാളിയെ ധരിപ്പിക്കാൻ വേണ്ടി, ആ ശബ്ദങ്ങൾ ബോധപൂർവം പുറപ്പെടുവിക്കുന്ന പതിവുമുണ്ട്.) സെക്സിനിടയിൽ പങ്കാളിയിൽ നിന്നുണ്ടാവുന്ന ഏതൊരു പ്രവൃത്തിയിലാണോ ഒരാൾക്ക് കൂടുതൽ ആനന്ദമുണ്ടായത് എന്നു ധരിപ്പിക്കാനുള്ള ഒരു ഉപാധികൂടിയാണ് സത്യത്തിൽ ഇത്തരം ശബ്ദങ്ങൾ. "ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നതും, പങ്കാളിയിൽ നിന്ന് ഉണ്ടായിക്കേൽക്കുമ്പോഴും അത് രതി എന്ന അനുഭവത്തിന്റെ ആസ്വാദ്യത വർധിപ്പിക്കും" എന്നാണ് സൈക്കോളജിസ്റ്റ് ആയ ഡോ. ലോറി മിന്റ്സിന്റെ അഭിപ്രായം. നമ്മുടെ പ്രവൃത്തികൾ പങ്കാളിയിൽ സുഖാനുഭൂതി ഉണ്ടാക്കുന്നുണ്ട് എന്ന തിരിച്ചറിവ് സെക്സിലെ ആവേശം ചോർന്നു പോവാതെ നിലനിർത്തും എന്നുതന്നെയാണ് ഇന്നോളമുള്ള പഠനങ്ങളും തെളിയിക്കുന്നത്. അത് സെക്സിൽ ഏർപ്പെടുന്നവരുടെ ആത്മവിശ്വാസത്തിലും കാര്യമായ വർദ്ധനവുണ്ടാക്കും.

സെക്സിനിടയിൽ ഒച്ച വെക്കുന്നത്, ദീർഘനിശ്വാസം വിടുന്നത്, കരയുന്നത് എല്ലാം തന്നെ സെൻട്രൽ നെർവസ് സിസ്റ്റത്തെ(Central Nervous System) ഉത്തേജിപ്പിക്കും എന്നും തദ്വാരാ ലൈംഗികതൃഷ്ണയെ മെച്ചപ്പെടുത്തും എന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, പോർണോഗ്രഫിക് ചിത്രങ്ങളെ അനുകരിച്ചുകൊണ്ട് തുടർച്ചയായി ഒച്ചവെച്ചുകൊണ്ടേയിരിക്കുന്നതും രസംകൊല്ലിയാവാം എങ്കിലും ആനന്ദാനുഭൂതികൾക്കിടയിൽ ആത്മാർഥമായി പുറപ്പെടുന്ന ശബ്ദങ്ങളെ അടക്കിപ്പിടിക്കേണ്ട കാര്യമില്ല എന്നും, ഉള്ളിൽ നിന്ന് പുറപ്പെടുന്ന ഒച്ചകൾ സെക്സ് എന്ന അനുഭവത്തിന്റെ തൃപ്തി ഇരട്ടിപ്പിക്കുകയെ ഉള്ളൂ എന്നുമാണ് ഗവേഷകർ പറയുന്നത്.

ചുരുക്കത്തിൽ, ഏർപ്പെടുന്ന സ്ഥലം പബ്ലിക് ലൈബ്രറി അല്ലാത്തിടത്തോളം, സെക്സ് എന്നത് ഒച്ചയും ശ്വാസവും അടക്കിപ്പിടിച്ച് രഹസ്യത്തിൽ സാധിച്ചെടുക്കേണ്ട ഒന്നല്ല എന്നും, സ്വന്തം കിടപ്പറയുടെ സ്വകാര്യതയിൽ ആവശ്യത്തിന് ശബ്ദമൊക്കെ ആവാം, അത് ഗുണമേ ചെയ്യൂ എന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.  

click me!