കുടവയറുള്ളവര്‍ ശ്രദ്ധിക്കുക; അമിതഭാരവും കുടവയറും കൊവിഡ് രോഗമുക്തിക്ക് തടസമാകുന്നതായി വിദഗ്ധര്‍

By Web TeamFirst Published May 10, 2021, 9:44 PM IST
Highlights

വയറിലും നെഞ്ചിലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ശ്വാസകോശം ഞെരിഞ്ഞ് അമര്‍ന്ന സ്ഥിതിയിലാണ് പല കൊവിഡ് രോഗികളുമുള്ളത്. ഇത്തരത്തിലുള്ളവരില്‍ ശ്വാസകോശത്തിന്‍റെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം നടക്കാതെ വരുന്നു

നാഗ്പൂര്‍: അമിത വണ്ണമുള്ളവരില്‍ കൊവിഡ് മുക്തി എളുപ്പമല്ലെന്ന് നിരീക്ഷണത്തിന് പിന്നാലെ കുടവയറും കൊവിഡ് 19 ഭേദമാകാന്‍ കാലതാമസം വരുത്തുന്നതായി പഠനങ്ങള്‍. പ്രത്യേകിച്ച് കൊവിഡ് രൂക്ഷമായ രണ്ടാം തരംഗത്തില്‍ കുടവയറുള്ളവര്‍ക്ക് അപകടസാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. മറ്റ് രോഗികളെ അപേക്ഷിച്ച് കുടവയറുള്ള കൊവിഡ് 19 രോഗികള്‍ രോഗമുക്തരാവാന്‍ ഏറെ കാലതാമസം വരുന്നതായാണ് പഠനം.  

കൊവിഡ് മൂന്നാം തരംഗത്തിന് മുന്‍പേ ശരീരത്തിന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. വയറിലും നെഞ്ചിലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ശ്വാസകോശം ഞെരിഞ്ഞ് അമര്‍ന്ന സ്ഥിതിയിലാണ് പല കൊവിഡ് രോഗികളുമുള്ളത്. ഇത്തരത്തിലുള്ളവരില്‍ ശ്വാസകോശത്തിന്‍റെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം നടക്കാതെ വരുന്നുവെന്നാണ് ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റായ ഡോ ഇമ്രാന്‍ നൂര്‍ മുഹമ്മദ് വിശദമാക്കുന്നത്.

അമിതവണ്ണമുള്ളവരില്‍ ദീര്‍ഘകാലത്തേക്ക് വെന്‍റിലേറ്റര്‍ ഉപയോഗം വേണ്ടി വരും. ശരീരത്തിലെ കൊഴുപ്പിന്‍റെ സാന്നിധ്യം മൂലം അണുബാധയും ഇവരില്‍ കൂടുതലായിരിക്കും. ഫ്ലാറ്റായുള്ള വയറുള്ള കൊവിഡ് രോഗികള്‍ രോഗമുക്തി നേടാനുള്ള സാധ്യത ഏറെയാണെന്നും വിദഗ്ധര്‍ പറയുന്നു. ശ്വാസമെടുക്കാനായി ശ്വാസകോശം വികസിക്കുന്നതിനേയാണ് വയറില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് സാരമായി ബാധിക്കുക. ഇവര്‍ക്ക് നല്‍കേണ്ടി വരുന്ന ഓക്സിജന്‍ മാസ്കിന്‍റെ സൈസും ചികിത്സയില്‍ വെല്ലുവിളിയാണ്. മിക്കപ്പോഴും ഈ സൈസിലുള്ളത് ലഭ്യമായിരിക്കില്ല.

കൊവിഡ് ആദ്യതരംഗത്തിനേക്കാള്‍ യുവതലമുറയിലെ അമിത വണ്ണവും കുടവയറും കൊവിഡ് ചികിത്സയില്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നതായി കിംഗ്സ് വേയ്സ് ആശുപത്രിയിലെ കൊവിഡ് രോഗ വിഭാഗം തലവന്‍ ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ ബോറ പറയുന്നു. ലോക്ക്ഡൌണില്‍ മറ്റ് വ്യായാമങ്ങള്‍ ഇല്ലാതെ പെട്ടന്ന് ഭാരം കൂടുകയാണ്. കായിക അധ്വാനം ഇല്ലാതിരിക്കുന്നത് സ്ഥിതി ഒന്നുകൂടി ഗുരുതരമാക്കുന്നു. അമിത വണ്ണമുള്ളവര്‍ ചികിത്സയോട് ആദ്യഘട്ടങ്ങളില്‍ പ്രതികരിക്കുന്നത് കുറവാണെന്നും   ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ ബോറ വിശദമാക്കുന്നു. വാക്സിന്‍ സ്വീകരിച്ച് വ്യായാമം ചെയ്യുന്നത് കൊവിഡ് ബാധിച്ചാലും ഗുരുതരാവസ്ഥയിലേക്ക് പോകാതെ സഹായിക്കുമെന്നാണ് സെന്‍ഗുപ്ത ആശുപത്രിയിലെ ഡയറക്ടറായ ഡോക്ടര്‍ ശാന്തനു സെന്‍ഗുപ്ത പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!