
ഷുഗര്‍ അഥവാ പ്രമേഹരോഗത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. രക്തത്തില്‍ ഷുഗര്‍നില ( ഗ്ലൂക്കോസ് ) കൂടുന്ന അവസ്ഥയിലാണ് പ്രമേഹം പിടിപെടുന്നത്. ഒരു ജീവിതശൈലീ രോഗമായാണ് നാം പ്രമേഹത്തെ കണക്കാക്കുന്നത്. അതായത് ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ പോരായ്മകള്‍ മൂലം പിടിപെടുന്ന രോഗം.
ജീവിതശൈലികളിലെ പോരായ്മകള്‍ പതിവാകുമ്പോഴാണ് അത് പ്രമേഹം പോലൊരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. അതുവരേക്കും ഷുഗര്‍നിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ ശരീരത്തെ പല രീതിയില്‍ ബാധിച്ചുകൊണ്ടിരിക്കും. അതായത് രക്തത്തില്‍ ഷുഗര്‍ കൂടുന്നത് കൊണ്ട് പ്രമേഹം മാത്രമല്ല പിടിപെടുന്നത്.
രക്തത്തില്‍ ഷുഗര്‍ ഉയരുമ്പോള്‍ അത് ശരീരവണ്ണത്തെയും സ്വാധീനിക്കുന്നു. ഇതെക്കുറിച്ച് പലര്‍ക്കും അറിവില്ലെന്നതാണ് സത്യം. പ്രധാനമായും വയര്‍ കൂടുന്നതിനാണ് ഇത് ഇടയാക്കുന്നത്. വയര്‍ കുറയ്ക്കാൻ ഒരുപക്ഷേ, ആകെ വണ്ണം കുറയ്ക്കാനുള്ളതിനെക്കാള്‍ ബുദ്ധിമുട്ടാണ്. അങ്ങനെയെങ്കില്‍ വയര്‍ കൂടുന്നതിന് കാരണമാകുന്ന ഈ പ്രശ്നം കഴിവതും മുൻകൂട്ടിത്തന്നെ ഒഴിവാക്കുന്നതല്ലേ ഉചിതം?
ഇതിനായി ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് പൂജ മല്‍ഹോത്ര.
ദിവസം തുടങ്ങുമ്പോള്‍ തന്നെ ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ബദാം, വാള്‍നട്ട്സ്, ഫ്ളാക്സ് സീഡ്സ്, മത്തൻ സീഡ്സ്സ്, ചിയ സീഡ്സ് എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. പ്രോട്ടീൻ കാര്യമായി അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതും നല്ലത് തന്നെ. മുട്ട, സ്പ്രൗട്ട്സ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
ദോശ, ഇഡ്ഡലി, ഉപ്പുമാവ് പോലുള്ള സാധാരണ ബ്രേക്ക്ഫാസ്റ്റുകള്‍ കഴിക്കുമ്പോള്‍ അവയിലെ കാര്‍ബോഹൈഡ്രേറ്റിനെ കുറിച്ച് ഓര്‍മ്മ വേണം. ഇല്ലെങ്കില്‍ ഇവയെല്ലാം ഷുഗര്‍നില ഉയര്‍ന്നിരിക്കുന്നതിന് കാരണമാവുകയും വയര്‍ കൂടുന്നതിലേക്ക് നയിക്കുകയും ചെയ്യാം.
ഇനി, കാര്‍ബ് കാര്യമായി അടങ്ങിയ ഭക്ഷണം പരിപൂര്‍ണമായി ഒഴിവാക്കണമെന്നല്ല. ഇതിനെ 'ബാലൻസ്' ചെയ്യുന്നതിനായി ധാരാളം പച്ചക്കറികളും പ്രോട്ടീനും കഴിക്കണം. അതുപോലെ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പായി ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നതും നല്ലതാണത്രേ.
ഫൈബറിനാല്‍ സമ്പന്നമായ ഭക്ഷണം ദിവസത്തില്‍ ഒരു കപ്പെങ്കിലും കഴിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നിര്‍ദേശിക്കുന്നത്. ഇത് ഒന്നുകില്‍ പച്ചയ്ക്ക് കഴിക്കാം. അല്ലെങ്കില്‍ പാകം ചെയ്തതും ആകാം. ഇതിനൊപ്പം തന്നെ ഒരു കപ്പ് ലീൻ പ്രോട്ടീനും വേണം.
ഭക്ഷണശേഷം പത്ത് മിനുറ്റ് നടക്കുന്നതും വയര്‍ കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിനൊപ്പം ഡിസേര്‍ട്ട് പോലെ മധുരമുള്ളത് എന്തെങ്കിലും കഴിച്ചിട്ടുണ്ടെങ്കില്‍ വീണ്ടും പത്ത് മിനുറ്റ് കൂടി നടക്കണമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഇത്തരം കാര്യങ്ങളിലെല്ലാം അല്‍പം ശ്രദ്ധ വച്ചാല്‍ തന്നെ വയര്‍ കൂടുന്നത് തടയാൻ സാധിക്കും.
Also Read:- ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് മെലിയാം ; കഴിക്കേണ്ട ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam