
ഏത് രോഗമായാലും സമയത്തിന് രോഗനിര്‍ണയം നടത്താനായാല്‍ ചികിത്സയും അത്രമാത്രം ഫലപ്രദമായിരിക്കും. ഗുരുതരമായി നാം കണക്കാക്കുന്ന ക്യാൻസര്‍ രോഗത്തിന് വരെ ഇക്കാര്യം ബാധകമാണ്. ഇന്ന് ലോകത്തില്‍ സംഭവിക്കുന്ന ക്യാന്‍സര്‍ മരണങ്ങളില്‍ ഭൂരിഭാഗം കേസുകളും സമയത്തിന് രോഗനിര്‍ണയം നടത്താൻ സാധിക്കാതിരിക്കുന്നത് മൂലമുണ്ടാകുന്നതാണ്.
അതുപോലെ തന്നെ രോഗം തെറ്റായി നിര്‍ണയിക്കപ്പെടുന്നതും വ്യാപകമായൊരു പ്രശ്നമാണ്. ചെറിയ രോഗങ്ങള്‍ മുതല്‍ അടിയന്തരമായി കാര്യമായ ചികിത്സ ആവശ്യമുള്ള ഗൗരവതരമായ രോഗങ്ങള്‍ വരെ ഇത്തരത്തില്‍ തെറ്റായി നിര്‍ണയിക്കപ്പെടുന്നുണ്ട്. ഇത് തീര്‍ച്ചയായും വലിയ രീതിയിലുള്ള സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക.
അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഇരുപത്തിയേഴുകാരിയായ ഷാര്‍ലറ്റ് വെസ്റ്റെര്‍ സാള്‍ട്ടര്‍. ഫ്ളൈറ്റ് അറ്റൻഡന്‍റായി ജോലി ചെയ്തുവരികയാണിവര്‍.2018 മുതല്‍ ഇവരുടെ വായില്‍ നിരന്തരം പുണ്ണ് വന്നുകൊണ്ടിരുന്നു. തുടര്‍ന്ന് പലപ്പോഴായി ഡോക്ടര്‍മാരെ കണ്ടപ്പോള്‍ അവര്‍ ഇത് വിസ്ഡം പല്ല് വരുന്നതിന്‍റെ ഭാഗമായുള്ള പ്രശ്നമാണെന്നും, തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഭാഗമായ മാനസികസമ്മര്‍ദ്ദം മൂലം വരുന്നതാണെന്നുമെല്ലാമാണ് അറിയിച്ചത്.
ഓരോ തവണയും ഡോക്ടര്‍മാരുടെ അടുത്ത് പോകുമ്പോള്‍ അവര്‍ എന്തെങ്കിലും മരുന്ന് നല്‍കും. അത് കഴിക്കുമ്പോള്‍ അല്‍പം ആശ്വാസം തോന്നും. വീണ്ടും ഇത് തിരിച്ചുവരും. അങ്ങനെ ഒരു വര്‍ഷത്തിലധികം കടന്നുപോയി.
വായ്പുണ്ണില്‍ നിന്നുള്ള വേദന അസഹനീയമായി തുടങ്ങിയപ്പോള്‍ സംഗതി കുറെക്കൂടി ഗൗരവത്തോടെ എടുക്കാൻ തുടങ്ങി. അങ്ങനെ 2021ആദ്യം ബയോപ്സി ചെയ്തു. ഇതിന് പിന്നാലെയാണ് നാവില്‍ ക്യാൻസറാണെന്ന വിവരം സ്ഥിരീകരിക്കപ്പെടുന്നത്. രോഗനിര്‍ണയത്തിന് ഇനിയും വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ അവസ്ഥ കൂടുതല്‍ മോശമാകുമായിരുന്നു.
തനിക്ക് ഒരിക്കലും ക്യാൻസറായിരിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അതിന്‍റെ ഒരു സൂചന പോലും അതുവരേക്കും ഡോക്ടര്‍മാര്‍ തന്നെ തന്നിരുന്നില്ലെന്നും ഷാര്‍ലറ്റ് ഓര്‍മ്മിക്കുന്നു. ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞ് അധികം വൈകാതെ തന്നെ ഇവര്‍ സര്‍ജറിക്ക് വിധേയയായി. ഒമ്പത് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിലൂടെ നാവിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി. ഇതിന് പകരം തുടയില്‍ മാംസം എടുത്ത് വയ്ക്കുകയും ചെയ്തു. ഇതിന് പുറമെ കഴുത്തിലെ ലിംഫ് നോഡും എടുത്തുമാറ്റി.
സര്‍ജറിക്ക് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ഒരക്ഷരമെങ്കിലും പറയാൻ ഷാര്‍ലറ്റിന് സാധിച്ചത്. ഇപ്പോള്‍ പൂര്‍ണമായും ക്യാൻസര്‍ രോഗത്തില്‍ നിന്ന് രക്ഷ നേടിയ ഷാര്‍ലറ്റ് സാധാരണനിലയില്‍ സംസാരിക്കുന്നതിനും നാവ് അനക്കുന്നതിനും മറ്റും ഫിസിയോതെറാപ്പിയിലൂടെ പരിശീലനം തേടിവരികയാണ്.
രോഗനിര്‍ണയത്തിന് കാലതാമസം നേരിടുന്നത് എത്രമാത്രം അപകടകരമാണെന്ന് അറിയിക്കുന്നതിനും ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നതിനുമാണ് താൻ തന്‍റെ അനുഭവം തുറന്നുപറയുന്നതെന്നാണ് ഷാര്‍ലറ്റ് പറയുന്നത്. ഷാര്‍ലറ്റ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Also Read:- ക്യാൻസര്‍ സാധ്യത കൂടുതലും പുരുഷന്മാരിലോ? അറിയാം ഇതിന്‍റെ സത്യാവസ്ഥ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam