വായ്നാറ്റവും മോണയില്‍ നിന്ന് രക്തവും; വായില്‍ കാണുന്ന രോഗലക്ഷണങ്ങള്‍...

By Web TeamFirst Published Aug 19, 2022, 9:42 PM IST
Highlights

മോണയില്‍ നിന്ന് രക്തസ്രാവം പലരും നേരിടുന്ന പ്രശ്നമാണ്. മോണ വിളര്‍ത്ത് കാണുന്നതും രക്തം പൊടിയുന്നതുമെല്ലാം പ്രധാനമായും മോണരോഗങ്ങളുടെ തന്നെ ലക്ഷണമായാണ് വരുന്നത്. മോണരോഗങ്ങള്‍ ക്രമേണ സങ്കീര്‍ണമായ മറ്റ് ബുദ്ധിമുട്ടുകളിലേക്കും നീങ്ങാമെന്നതിനാല്‍ ഇത് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ച് ആവശ്യമുള്ള ചികിത്സ തേടേണ്ടതാണ്. 

നമ്മെ ബാധിക്കുന്ന ഓരോ അസുഖത്തിന്‍റെയും, ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങള്‍ ശരീരത്തിന്‍റെ പലയിടങ്ങളിലായും പ്രകടമായി വരാം. ഇത്തരത്തില്‍ വായ്ക്കകത്ത് വരുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പല രോഗങ്ങളുടെയും സൂചനകള്‍ വായില്‍ കാണാം. അവയില്‍ പ്രധാനപ്പെട്ട ചിലതിനെ കുറിച്ചറിയാം...

ഒന്ന്...

മോണയില്‍ നിന്ന് രക്തസ്രാവം പലരും നേരിടുന്ന പ്രശ്നമാണ്. മോണ വിളര്‍ത്ത് കാണുന്നതും രക്തം പൊടിയുന്നതുമെല്ലാം പ്രധാനമായും മോണരോഗങ്ങളുടെ തന്നെ ലക്ഷണമായാണ് വരുന്നത്. മോണരോഗങ്ങള്‍ ക്രമേണ സങ്കീര്‍ണമായ മറ്റ് ബുദ്ധിമുട്ടുകളിലേക്കും നീങ്ങാമെന്നതിനാല്‍ ഇത് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ച് ആവശ്യമുള്ള ചികിത്സ തേടേണ്ടതാണ്. 

മോണരോഗമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘആതം, പക്ഷാഘാതം എന്നിവയ്ക്ക് രണ്ടോ മൂന്നോ മടങ്ങ് അധികസാധ്യതയുണ്ടെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനം പറയുന്നത്. 

ചില വൈറ്റമിനുകളുടെ കുറവ് മൂലവും മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകാം. മള്‍ട്ടിവൈറ്റമിൻ- ഒമേഗ 3 ഫിഷ് ഓയില്‍ എന്നിവയെല്ലാം ഈ പ്രശ്നം പരിഹരിക്കാൻ സഹായകമാണ്. 

രണ്ട്...

നാവില്‍ വെളുത്ത നിറം കാണുന്നത് സാധാരണഗതിയില്‍ അത്ര പ്രശ്നമുള്ള കാര്യമല്ല. എന്നാല്‍ നല്ലരീതിയില്‍ പ്രകടമായി വെളുത്ത നിറം പടര്‍ന്നിരിക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. ക്യാന്‍സര്‍ രോഗത്തിന്‍റെ ലക്ഷണമായും ഇങ്ങനെ വരാം. 

വായയെ ബാധിക്കുന്ന അത്ര ഗുരുതരമല്ലാത്ത ചില രോഗങ്ങളുടെ ലക്ഷണമായും ഇങ്ങനെ കാണാം. ലൈംഗികരോഗമായ സിഫിലിസ് ലക്ഷണമായും 'വൈറ്റ് ടംഗ്' കാണാം. ഇത് വൈകാതെ തന്നെ ചികിത്സിക്കേണ്ട രോഗമാണെന്ന് മനസിലാക്കുക.

മൂന്ന്...

വായ് പുണ്ണ് സര്‍വസാധാരണമായി മിക്കവരിലും കാണാറുള്ളൊരു പ്രശ്നമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ടോ, പരമാവധി ഒരാഴ്ച കൊണ്ടെല്ലാം മിക്കവാറും വായ്പുണ്ണ് ഭേദമാകാറുണ്ട്. കവിളില്‍ പല്ല് കൂട്ടിക്കടിക്കുക, പരുക്കനായ ബ്രഷുപയോഗിക്കുക, സോഡിയം ലോറില്‍ സള്‍ഫേറ്റ് അടങ്ങിയ പേസ്റ്റ് ഉപയോഗിക്കുക, ചില ഭക്ഷണങ്ങള്‍ എന്നിങ്ങനെ പല കാരണവും പുണ്ണിലേക്ക് നയിക്കാം. 

വൈറ്റമിൻ-ബി, സിങ്ക്, അയേണ്‍ എന്നിവയുടെ കുറവുണ്ടെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നതിനുമെല്ലാം വായ്പുണ്ണ് കാരണമാകാം. എന്നാല്‍ ദീര്‍ഘനാളത്തേക്ക് പുണ്ണ് നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് കണ്‍സള്‍ട്ട് ചെയ്യുക. 

നാല്...

ധാരാളം പേര്‍ നേരിടുന്നൊരു പ്രശ്നമാണ് വായ്നാറ്റം. വായ വൃത്തിയായി സൂക്ഷിക്കാത്തത് കൊണ്ട് മാത്രമല്ല, വായ്നാറ്റമുണ്ടാകുന്നത്. പല അസുഖങ്ങളുടെയും ലക്ഷണമാണിത്. മോണരോഗം, മൂക്കിലോ സൈനസിലോ ഉള്ള അമുബാധ, ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി എന്നിവയെല്ലാം വായ്നാറ്റത്തിന് കാരണമാകും. അസാധാരണമായ രീതിയില്‍ വായ്നാറ്റം വരികയും ഇത് നീണ്ടുനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. കാരണം, ഇതും ക്യാൻസര്‍ രോഗത്തിന്‍റെ വരെ ലക്ഷണമായി വരാറുണ്ട്. 

അഞ്ച്...

ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതും ഒരുപാട് പേര്‍ നേരിടുന്ന പ്രശ്നമാണ്. നിര്‍ജലീകരണം തൊട്ട് പല കാരണങ്ങളും ഇതിന് പിന്നില്‍ വരാം. എന്നാല്‍ ചിലരില്‍ ചുണ്ടുകളുടെ കോണുകളില്‍ പൊട്ടല്‍ വരാം. വൈറ്റമിൻ-ബി, സിങ്ക്, അയേണ്‍ എന്നിവയുടെ കുറവ്, ദഹനപ്രശ്നങ്ങള്‍, സീലിയാക് രോഗം, ക്രോണ്‍സ് രോഗം, അള്‍സറേറ്റീവ് കോളൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങളുടെ ലക്ഷണമായും ചുണ്ടുകളുടെ കോണില്‍ പൊട്ടലുണ്ടാകാം. 

എന്തായാലും ഇതത്ര ഗുരുതരമായൊരു പ്രശ്നമല്ലെന്ന് മനസിലാക്കാം. 

അഞ്ച്...

വായില്‍ ക്യാൻസര്‍ രോഗമുണ്ടാകുന്നതിന്‍റെ ഭാഗമായും വായില്‍ ചില വ്യത്യാസങ്ങള്‍ കാണാം. വായില്‍ ക്യാൻസര്‍ എന്ന് പറയുന്നത് വായില്‍ എവിടെയുമാകാം വരുന്നത്. ചുണ്ടുകള്‍, മോണ, നാവ്, കവിളുകളുടെ ഉള്‍വശം, അണ്ണാക്ക്, വായുടെ താഴ്ഭാഗം എന്നിങ്ങനെ എവിടെയും വരാം. 

പല്ല് പൊഴിയല്‍, ചുണ്ടിലോ വായ്ക്കകത്ത് എവിടെയെങ്കിലുമോ മുറിവുണ്ടായി അത് ഭേദമാകാതിരിക്കുക, വായില്‍ വെളുപ്പോ ചുവപ്പോ നിറത്തില്‍ പാടുകള്‍ കാണുക, ചെറിയ വളര്‍ച്ച- മുഴ എന്നിവ, വായില്‍ വേദന, ഭക്ഷണമിറക്കാൻ വേദന എന്നിവയും വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളായി വരുന്നതാണ്. 

Also Read:- വായില്‍ എപ്പോഴും പുണ്ണ്, വിസ്ഡം പല്ലിന്‍റെ പ്രശ്നമെന്ന് ഡോക്ടര്‍മാര്‍; ഒടുവില്‍ നാവ് നഷ്ടമായി

click me!