
ഓരോ വ്യക്തിയുടെ ശരീരത്തിനും സവിശേഷമായ ഗന്ധം ഉണ്ടായിരിക്കും. ചിലരില്‍ ഇത് വളരെ പെട്ടെന്ന് ചുറ്റമുള്ളവരിലേക്ക് എത്തും വിധം തീവ്രമായിരിക്കും ( Body Odour ) . മറ്റ് ചിലരിലാണെങ്കില്‍ മനസിലാകാത്ത രീതിയില്‍ വളരെ നേര്‍ത്ത ഗന്ധമായിരിക്കും ( Mild Odour).
എന്തായാലും ശരീരഗന്ധത്തെ കുറിച്ച് പറയുമ്പോള്‍ മിക്കവരും ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുയരുന്നതിനെ കുറിച്ചായിരിക്കും ചിന്തിക്കുക. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോകാത്തവര്‍ ഉണ്ടായിരിക്കില്ല. ഒന്നുകില്‍ മറ്റൊരാളുടെ ദുര്‍ഗന്ധം നമ്മെ വിഷമത്തിലാക്കിയ സാഹചര്യം, അതല്ലെങ്കില്‍ നമുക്ക് തന്നെ സ്വയം ദുര്‍ഗന്ധമുണ്ടെന്ന് തിരിച്ചറിയുന്ന സാഹചര്യം നേരിടാത്തവര്‍ ഉണ്ടാകില്ല.
മറ്റുള്ളവരുടെ ദുര്‍ഗന്ധം ശല്യമാകുമ്പോള്‍ നമുക്ക് അത്തരം ഇടങ്ങളില്‍ നിന്ന് മാറാം. എന്നാല്‍ സ്വയം തന്നെയാണ് ഈ പ്രശ്‌നം നേരിടുന്നതെങ്കിലോ! തീര്‍ച്ചയായും അത് ആത്മവിശ്വാസത്തിന്റെ തോതിനെ കാര്യമായി തന്നെ ബാധിക്കാം.
എന്താണ് ഇതിന് പരിഹാരം? ഫിറ്റ്‌നസ് പരിശീലകയായ യാസ്മിന്‍ കറാച്ചിവാലയും, പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ജയശ്രീ ശരദും ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്.
പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തിലെ ശാരീരിക വ്യതിയാനങ്ങള്‍ മൂലമോ, അമിതമായ വിയര്‍പ്പ് മൂലമോ, അതല്ലെങ്കില്‍ വൃത്തിയില്ലായ്മയുടെ ഭാഗമായോ എല്ലാം ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാകാം. പ്രധാനപ്പെട്ട കാരണങ്ങള്‍ ആദ്യം അറിയാം...
1. വൃത്തിയില്ലായ്മ
2. ഫംഗല്‍/ ബാക്ടീരിയല്‍/ ഈസ്റ്റ് അണുബാധ
3. ഹോര്‍മോണ്‍ വ്യതിയാനം
4. അമിതമായ വിയര്‍പ്പ്
ഇനി, ഈ പ്രശ്‌നത്തെ എങ്ങനെയെല്ലാം പരിഹരിക്കാം എന്ന് കൂടി നോക്കാം...
- ശരീരം വൃത്തിയായി സൂക്ഷിക്കുക
- അണുബാധകളുണ്ടെങ്കില്‍ അവ പരിശോധിച്ച് അറിയുകയും ചികിത്സ തേടുകയും ചെയ്യുക
- ആന്റി ഫംഗല്‍ പൗഡര്‍ ഉപയോഗിക്കാം
- പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- ഭക്ഷണത്തില്‍ വെളുത്തുള്ളി, ഉള്ളി എന്നിവ കുറയ്ക്കുക.
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും അവയ്ക്ക് കണ്ടെത്താവുന്ന പരിഹാരങ്ങളെ കുറിച്ചുമെല്ലാം യാസ്മിനും ഡോ. ജയശ്രീയും സോഷ്യല്‍ മീഡിയയിലൂടെ വേണ്ട വിദഗ്ധ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും വീഡിയോകള്‍ക്ക് വലിയ തോതിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളതും.
Also Read:- ആവശ്യത്തിന് ഉറങ്ങിയാല്‍ 'സ്‌ട്രെസ്' തീരുമെന്ന് കരുതല്ലേ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam