
ഗര്‍ഭാവസ്ഥയിലിരിക്കെ അമ്മയെ ബാധിക്കുന്ന ശാരീരിക-മാനസികപ്രശ്നങ്ങളെ ഭാഗികമായോ അല്ലാതെയോ കുഞ്ഞിനെയും ബാധിക്കുമെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇത് എല്ലാ കേസുകളിലും ഒരുപോലെ സംഭവിക്കണമെന്നില്ല.
അതുപോലെ തന്നെ കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ അച്ഛനുള്ള ശാരീരിക പ്രശ്നങ്ങളോ രോഗങ്ങളോ ബീജത്തിലൂടെ ബാധിക്കപ്പെട്ട് അത് കുഞ്ഞിനെയും ബാധിക്കാം.
എന്നാല്‍ ഈ രണ്ട് പ്രതിസന്ധികളും അതിജീവിച്ച് ഭൂമിയില്‍ വന്ന് പിറന്നിരിക്കുകയാണ് ഒരു പെണ്‍കുഞ്ഞ്. യുകെയിലാണ് സംഭവം.യുകെയിലെ വോര്‍സെസ്റ്റ്ഷയര്‍ സ്വദേശിയായ ജെയിംസ് ജെഫേഴ്സണ്‍ ലവ്ഡേ എന്ന യുവാവിന് കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ക്യാൻസര്‍ സ്ഥിരീകരിക്കുന്നത്.
ഇതോടെ റേഡിയേഷൻ ചികിത്സ അടക്കമുള്ള ക്യാൻസര്‍ ചികിത്സ തുടങ്ങും മുമ്പ് തന്നെ കുഞ്ഞിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ജെയിംസും ഭാര്യ ബെതാനിയും നടത്തി. ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ജെയിംസിന്‍റെ ബീജം സ്വീകരിക്കുന്നത് വെല്ലുവിളിയാണെന്നതിനാലാണ് ചികിത്സയ്ക്ക് മുമ്പെ ദമ്പതികള്‍ ഇതിനൊരുങ്ങിയത്.
അങ്ങനെ വൈകാതെ ബെതാനി ഗര്‍ഭിണിയായി. ഇതിനിടെ ജെയിംസിന്‍റെ ക്യാൻസര്‍ ചികിത്സ തുടങ്ങുകയും ചെയ്തു. എന്നാല്‍ വിധി ഇവരെ വീണ്ടും പരീക്ഷണത്തിന് ഇട്ടുകൊടുക്കുകയായിരുന്നു.ഗര്‍ഭിണിയായി മൂന്ന് മാസത്തിനകം പല ആരോഗ്യപ്രശ്നങ്ങളും ബെതാനിയെ അലട്ടിത്തുടങ്ങി.
തലയ്ക്കകത്ത് വൻ സമ്മര്‍ദ്ദം, അസഹനീയമായ തലവേദന, ശ്വാസതടസം എന്നിവയായിരുന്നു ആദ്യം കണ്ട ലക്ഷണങ്ങള്‍. ഇത് കൂടാതെ കഴുത്തില്‍ ഒരു മുഴയും വന്നു. നിത്യേന ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാനാകാത്ത വിധം തളര്‍ച്ചയും ഇവരെ ബാധിച്ചു. എല്ലാം ഗര്‍ഭിണിയായതിന്‍റെ അനുബന്ധപ്രശ്നങ്ങളാണെന്ന് ദമ്പതികള്‍ ആദ്യം കരുതി.
എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ പതിവായപ്പോള്‍ ഡോക്ടറെ കണ്ട് പരിശോധിക്കാൻ തന്നെ നിശ്ചയിച്ചു. പരിശോധനയില്‍ ഭര്‍ത്താവിനുള്ള അതേ ക്യാൻസര്‍ ബാധ തനനെ ബെതാനിയിലും സ്ഥിരീകരിച്ചു. അല്‍പം കൂടി ഗുരുതരമായ അവസ്ഥയായിരുന്നു ഇവരുടേത്.
പിന്നീട് വിദഗ്ധരുടെ നിര്‍ദേശപ്രകാരം ബെതാനിയും ക്യാൻസര്‍ ചികിത്സ തുടങ്ങി. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അച്ഛനും അമ്മയും ക്യാൻസര്‍ ബാധിതര്‍. പോരാത്തതിന് ക്യാൻസര്‍ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ, പലവിധ മരുന്നുകള്‍ എല്ലാം അമ്മയുടെ ശരീരത്തിലെത്തിയിരുന്നു. ഇതെല്ലാം കുഞ്ഞിനെ എത്തരത്തിലാണ് ബാധിക്കുകയെന്നതായിരുന്നു ഏവരുടെയും ആശങ്ക. എന്നാല്‍ എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് തീര്‍ത്തും 'നോര്‍മല്‍' ആയ കുഞ്ഞിനെയാണ് ഇവര്‍ക്ക് ലഭിച്ചത്.
ബെതാനിയുടെ ചികിത്സ നടത്തിയ ആശുപത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അത്ഭുത ശിശു എന്നാണ് ഇരുവരുടെയും മകളെ ആശുപത്രി അധികൃതരും ഡോക്ടര്‍മാരുമെല്ലാം വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ക്യാൻസര്‍ ചികിത്സയില്‍ ഇപ്പോള്‍ കുഞ്ഞ് വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നത്.
Also Read:- വയറ്റിലെ സാധാരണപ്രശ്നങ്ങളും ക്യാൻസര്‍ ലക്ഷണങ്ങളും എങ്ങനെ തിരിച്ചറിയാം?