
പ്രമേഹം അഥവാ ഷുഗര്‍ ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിസാരമായ ജീവിതശൈലീരോഗമായല്ല, മറിച്ച് ഗൗരവമുള്ള പല അവസ്ഥകളിലേക്കും അസുഖങ്ങളിലേക്കും നയിക്കാൻ കഴിവുള്ള കാര്യമായ പ്രശ്നമായി തന്നെയാണ് ഇന്ന് പ്രമേഹത്തെ കണക്കാക്കുന്നത്.
വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് പ്രമേഹം ഭേദപ്പെടുത്താൻ സാധിക്കുക.പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹം ഭക്ഷണം അടക്കമുള്ള ജീവിതശൈലികളിലെ നിയന്ത്രണം വച്ചുകൊണ്ട് മാത്രം കൈകാര്യം ചെയ്ത് മുന്നോട്ട് പോകാൻ കഴിയുന്ന അവസ്ഥയാണ്.
ഇത്തരത്തില്‍ പ്രമേഹമുള്ളര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു സംഗതിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ശരീരഭാരം അഥവാ വണ്ണം ആണ് പ്രമേഹമുള്ളവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു വിഷയം. ഇത് നിര്‍ബന്ധമായും എപ്പോഴും നിരീക്ഷണത്തിലുണ്ടാകേണ്ട വിഷയം തന്നെയാണ്.
കാരണം പ്രമേഹമുള്ളവരുടെ വണ്ണം കൂടുംതോറും പ്രമേഹസംബന്ധമായ മറ്റ് പ്രശ്നങ്ങളുടെ സാധ്യതയും കൂടുതലായി വരും. ബിപി (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം), കൊളസ്ട്രോള്‍, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം അമിതവണ്ണമുള്ള പ്രമേഹരോഗികളില്‍ കൂടുതലായി വരാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ശരീരവണ്ണം നേരത്തെ ഉള്ളവരാണെങ്കില്‍ പ്രമേഹം സ്ഥിരീകരിച്ച ശേഷം അല്‍പമെങ്കിലും വണ്ണം കുറയ്ക്കാൻ സാധിച്ചാല്‍ തന്നെ ഒരുപാട് ആശ്വാസം പ്രമേഹസംബന്ധമായ പ്രശ്നങ്ങളില്‍ നന്ന് ലഭിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
'ഒരു പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ പ്രമേഹരോഗികളില്‍ 67 ശതമാനം പേരിലും അമിതവണ്ണവും കാണപ്പെടുന്നുവെന്നാണ്.ഇതൊരുപാട് ഗുരുതരമായ അനുബന്ധ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഹൃദയം, വൃക്ക, എല്ലുകള്‍ എന്നിങ്ങനെയുള്ള ഭാഗങ്ങളാണ് പ്രമേഹമുള്ളവരിലെ അമിതവണ്ണം ഏറ്റവുമധികം ബാധിക്കുക...'- ഗുഡ്ഗാവില്‍ നിന്നുള്ള പ്രമേഹരോഗ വിദഗ്ധൻ ഡോ. അംബരീഷ് മിത്തല്‍ പറയുന്നു.
ബാലൻസ്ഡ് ഡയറ്റ്, സജീവമായ ജീവിതരീതി,നല്ല ഉറക്കം എന്നിവയെല്ലാം പ്രമേഹത്തെ പിടിച്ചുനിര്‍ത്താൻ ഏറെ സഹായിക്കും. പ്രമേഹമുള്ളവര്‍ക്ക് തങ്ങളുടെ പ്രായവും ആരോഗ്യാവസ്ഥയും അടിസ്ഥാനപ്പെടുത്തിയുള്ള വ്യായാമവും പതിവാക്കാവുന്നതാണ്.
Also Read:- വണ്ണം കുറയ്ക്കാൻ എത്ര ശ്രമം നടത്തിയിട്ടും പരാജയപ്പെടുന്നോ? പരിശോധിക്കൂ ഇക്കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam