
ഫ്ലോറിഡ: തലച്ചോര്‍ ഭക്ഷിക്കുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഫ്ലോറിഡയിലെ ആരോഗ്യവകുപ്പ്. വളരെ അപൂര്‍വ്വമായി കാണുന്ന നേഗ്ലേറിയ ഫൌലേറി എന്നയിനം അമീബയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. ഫ്ലാറിഡയിലെ ഹില്‍സ്ബോ കൌണ്ടിയിലാണ് ഏകകോശ ജീവിയുടെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലുള്ളത്.
തലച്ചോറിലെ അണുബാധയുമായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശുദ്ധജലത്തില്‍ കാണുന്ന നേഗ്ലേറിയ ഫൌലേറി അമീബ മൂക്കിലൂടെയാണ് തലച്ചോറിനുള്ളിലെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖം പകരില്ലെന്നും ഫ്ലോറിഡ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ചികിത്സയിലുള്ളയാളിലേക്ക് അമീബ എത്തിയതിന്‍റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വിശദമാക്കി.
ദക്ഷിണ അമേരിക്കയിലെ സ്ഥലങ്ങളില്‍ കാണാറുള്ള അമീബയെ ഫ്ലോറിഡയില്‍ കണ്ടത് അപൂര്‍വ്വമാണ്. 1962 മുതല്‍ 37 സംഭവങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തലച്ചോറില്‍ അമീബ മൂലമുണ്ടാകുന്ന അണുബാധ ജീവഹാനിക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ടാപ്പുകളില്‍ നിന്നും മറ്റ് ജല ശ്രോതസ്സുകളില്‍ നിന്നും മൂക്കിലൂടെ ജലം ശരീരത്തിലെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
നദികളിലും തടാകങ്ങളിലും കുളങ്ങളിലും കനാലിലും ഇറങ്ങുന്നവര്‍ മൂക്കിലൂടെ ജലം ശരീരത്തിലെത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഫ്ലോറിഡയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വേനല്‍ക്കാലമായതിനാല്‍ ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ആളുകള്‍ കൂടുതലായി ജലാശങ്ങളുടെ സമീപമെത്താനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നു.
പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന, തലവേദന എന്നീ ലക്ഷണങ്ങളാണ് അമീബ അണുബാധയെ തുടര്‍ന്ന് പ്രകടമാവുക. തക്ക സമയത്ത് ചികിത്സ തേടുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ മരണം സംഭവിക്കുമെന്നും ആരോഗ്യ വകുപ്പ് വിശദമാക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ആരും ചികിത്സ തേടാന്‍ വൈകരുതെന്നും ഫ്ലോറിഡ ആരോഗ്യ വകുപ്പ് വിശദമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam