Breast Cancer Awareness Month 2022: സ്തനാര്‍ബുദം; ആരംഭത്തിലേ കണ്ടെത്തിയാൽ ശസ്ത്രക്രിയ വേണ്ടിവരില്ല?

By Web TeamFirst Published Oct 17, 2022, 2:13 PM IST
Highlights

ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. ആരംഭഘട്ടത്തില്‍ കാണിക്കുന്ന സൂചനകള്‍ ആദ്യമേ കണ്ടെത്താന്‍ കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും സ്വയം പരിശോധിക്കാവുന്നതേയുള്ളൂ. 

ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായാണ് ആചരിക്കുന്നത്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞാല്‍ മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോള്‍ ഇതില്‍ ഒന്നു മാത്രമായി ചുരുക്കാനും കഴിയും. അതിനാല്‍ ആരംഭഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താന്‍ ശ്രമിക്കണം.

ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. ആരംഭഘട്ടത്തില്‍ കാണിക്കുന്ന സൂചനകള്‍ ആദ്യമേ കണ്ടെത്താന്‍ കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും സ്വയം പരിശോധിക്കാവുന്നതേയുള്ളൂ.  മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം എന്നിവയാണ് ബ്രസ്റ്റ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍.

ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം അടര്‍ന്നിരിക്കുന്ന അവസ്ഥ, സ്തനത്തിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം പടരുന്ന അവസ്ഥ, കക്ഷത്തില്‍ നീര് വന്നത് പോലെ വീര്‍ത്തിരിക്കുന്ന അവസ്ഥ, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, ഘടനയില്‍ വ്യത്യാസം കാണുക തുടങ്ങിയവയില്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാലും ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.

 എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല.  ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്.  

Also Read: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഡ്രാഗണ്‍ ഫ്രൂട്ട്; അറിയാം ഈ അഞ്ച് ആരോഗ്യ ഗുണങ്ങള്‍...

 

click me!