Breast Cancer: സ്തനാര്‍ബുദം; അറിയാം പ്രാരംഭ ലക്ഷണങ്ങളും സ്വയം പരിശോധനയും

Published : Feb 04, 2022, 12:10 PM IST
Breast Cancer: സ്തനാര്‍ബുദം; അറിയാം പ്രാരംഭ ലക്ഷണങ്ങളും സ്വയം പരിശോധനയും

Synopsis

മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം എന്നിവയാണ് ബ്രസ്റ്റ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ (Breast Cancer) അഥവാ സ്തനാര്‍ബുദം. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം എന്നിവയാണ് ബ്രസ്റ്റ് ക്യാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

ഒരു സ്തനത്തിന്  മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും,  സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കിലും  ഡോക്ടറെ കാണുക.  അതുപോലെ തന്നെ മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം അടര്‍ന്നിരിക്കുന്ന അവസ്ഥ, സ്തനത്തിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം പടരുന്ന അവസ്ഥ, കക്ഷത്തില്‍ നീര് വന്നത് പോലെ വീര്‍ത്തിരിക്കുന്ന അവസ്ഥ, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, ഘടനയില്‍ വ്യത്യാസം കാണുക തുടങ്ങിയവയില്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണുക. 

എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല.  ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്.  

സ്വയം പരിശോധന എങ്ങനെ? 

എല്ലാ ആര്‍ത്തവത്തിനും ശേഷം സ്തനങ്ങള്‍ സൂക്ഷ്മമായി സ്വയം പരിശോധിക്കുക. ഒരു പരിധി വരെ സ്തനാര്‍ബുദ സൂചനകള്‍ സ്വയം കണ്ടെത്താവുന്നതേയുള്ളൂ. സ്വയം പരിശോധന എങ്ങനെ ചെയ്യണമെന്ന് നോക്കാം...

ഒന്ന്...

ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക.

രണ്ട്...

കക്ഷത്തിലും ഇതുപോലെ എന്തെങ്കിലും കല്ലിപ്പോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക.

മൂന്ന്...

കണ്ണാടിയുടെ സഹായത്തോടെ സ്തനങ്ങളെ നോട്ടത്തിലൂടെയും പരിശോധിക്കാം. ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ നിറവ്യത്യാസം, പാടുകള്‍ മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക. 

നാല്...

മുലക്കണ്ണുകളില്‍ നിന്ന് എന്തെങ്കിലും ദ്രാവകമോ നീരോ പുറത്തുവരുന്നുണ്ടോ എന്നും നോക്കാം. അത്തരത്തില്‍ മുലക്കണ്ണില്‍ നിന്ന് ദ്രാവകം പുറത്തുവരുന്നത് കണ്ടാല്‍ ഡോക്ടറെ കാണുക. 

അഞ്ച്...

സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്. 

Also Read: ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം