World Cancer Day : ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അർബുദത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

Published : Feb 04, 2022, 09:38 AM ISTUpdated : Feb 04, 2022, 11:46 AM IST
World Cancer Day : ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അർബുദത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

Synopsis

 ക്യാന്‍സര്‍ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ ആപ്തവാക്യമായി ഉയര്‍ത്തിയിരിക്കുന്നത്.  

ഇന്ന് ലോക ക്യാന്‍സര്‍ ദിനം (World Cancer Day). ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി (smoking), വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം (obesity) മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്.

പ്രതിവര്‍ഷം 60,000ത്തോളം ക്യാന്‍സര്‍ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.. ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും സര്‍ക്കാര്‍ ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നു എന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ക്യാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി വരുന്നു. വര്‍ദ്ധിച്ചു വരുന്ന ഈ രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യ വകുപ്പ് ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ക്യാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്.

എല്ലാ വര്‍ഷവും ഫെബ്രുവരി നാലിന് ലോക ക്യാന്‍സര്‍ ദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ ലോക ക്യാന്‍സര്‍ ദിന സന്ദേശം 'ക്യാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം' (Closing the care gap) എന്നതാണ്. കാന്‍സര്‍ ചികിത്സാ രംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തകള്‍ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. ഈ അസമത്വങ്ങള്‍ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങള്‍ക്കും ഒരേ തരത്തിലുള്ള ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നു വര്‍ഷങ്ങളില്‍ കൂടി നിലനില്‍ക്കുന്നതാണ്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളില്‍ നിന്ന് ക്യാന്‍സര്‍ രോഗ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.

കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ക്യാന്‍സര്‍ പോലെയുള്ള ദീര്‍ഘസ്ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇവരില്‍ രോഗവ്യാപനം കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് പല ഇടപെടലുകളും നടത്തി. ദീര്‍ഘദൂരം യാത്ര ചെയ്ത് ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും വരാതെ വീടിന് തൊട്ടടുത്ത് തന്നെ അതേ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

Also Read: അടുത്ത 25 വർഷത്തിനുള്ളിൽ കാൻസർ മരണങ്ങൾ 50 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി അമേരിക്ക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ