Stress And Covid 19 : സമ്മർദ്ദം കൊവിഡ് 19 ലേക്ക് നയിക്കുമോ? പഠനം പറയുന്നത്

By Web TeamFirst Published Jan 16, 2022, 10:26 PM IST
Highlights

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾക്ക് കൊവിഡ് 19 ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ എന്നറിയുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യമെന്ന് പ്രൊഫ. കവിത വേദര പറഞ്ഞു.

കൊവിഡിന്റെ തുടക്കത്തിൽ ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോയ ആളുകൾക്ക് കൊവിഡ് 19 വരാനുള്ള സാധ്യത കൂടുതലാണെന്ന്  പുതിയ പഠനം. 'ആനൽസ് ഓഫ് ബിഹേവിയറൽ മെഡിസിൻ ജേണലിൽ' പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മർദ്ദം നേരിടുന്നവരിൽ SARS-CoV-2 അണുബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നതായി പഠനത്തിൽ പറയുന്നു.

നോട്ടിംഗ്‌ഹാം സർവകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ കവിത വേദര, ലണ്ടനിലെ കിംഗ്‌സ് കോളേജ്, ന്യൂസിലാന്റിലെ ഓക്ക്‌ലൻഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സഹപ്രവർത്തകർ പഠനത്തിന് നേതൃത്വം നൽകി.

സമ്മർദ്ദം, സാമൂഹിക പിന്തുണ തുടങ്ങിയ മനഃശാസ്ത്രപരമായ ഘടകങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്കും കൂടുതൽ ഗുരുതരമായ രോഗലക്ഷണങ്ങളിലേക്കും ഉള്ള വർദ്ധിച്ച സംവേദനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾക്ക് കൊവിഡ് 19 ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ എന്നറിയുക എന്നതായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യമെന്ന് പ്രൊഫ. കവിത വേദര പറഞ്ഞു. 1,100 മുതിർന്നവരിൽ പഠനം നടത്തി. 2020 ഏപ്രിലിൽ സർവേ പൂർത്തിയാക്കി. 

ഉയർന്ന മാനസിക ക്ലേശം അനുഭവിക്കുന്നവരിൽ കൊവിഡ് 19 അണുബാധയും ലക്ഷണങ്ങളും കൂടുതലായി കാണപ്പെടുന്നതായി ഫലങ്ങൾ കാണിക്കുന്നു. വർദ്ധിച്ചുവരുന്ന സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കൊവിഡ്  ലഭിക്കാനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളും ആയിരിക്കാമന്നും പ്രൊഫ. വേദര പറഞ്ഞു.

Read more : 'സ്ട്രെസ്' കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
 

click me!