ക്യാൻസറിന് കാരണമാകുന്ന ഈ 6 തരം ഭക്ഷണം നിങ്ങള്‍ ഒഴിവാക്കണം

By Web TeamFirst Published Mar 29, 2019, 10:09 PM IST
Highlights

അനാരോഗ്യകരമായ പാശ്ചാത്യ ഭക്ഷണസംസ്‌ക്കാരം കൂടുതലായി നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നുണ്ട്.

മാറിയകാലത്തെ ഭക്ഷണശീലം ക്യാൻസറിന് പ്രധാന കാരണമായി മാറുന്നതായി വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അനാരോഗ്യകരമായ പാശ്ചാത്യ ഭക്ഷണസംസ്‌ക്കാരം കൂടുതലായി നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നുണ്ട്. ഇവയിൽ ചിലതെങ്കിലും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഇത്തരം ഹാനികരമായ ഭക്ഷണങ്ങളെ മനസിലാക്കി ഒഴിവാക്കിനിര്‍ത്തിയാൽ ഒരു പരിധിവരെ ക്യാൻസര്‍ ഭീഷണി ഒഴിവാക്കാവുന്നതാണ്. ക്യാൻസറിന് കാരണമാകുന്ന 6 തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. മൈക്രോവേവ് പോപ്‌കോണ്‍...

പോപ്കോണ്‍ ഇഷ്‌ടപ്പെടാത്തവരായി അധികമാരും ഉണ്ടാകില്ല. സിനിമയ്‌ക്കുപോകുമ്പോഴും മറ്റും പോപ്‌കോണ്‍ കൊറിക്കുകയെന്നത് പലരുടെയും ശീലമാണ്. മൈക്രോവേവ് ഓവനിൽ തയ്യാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ ക്യാൻസറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പോപ്‌കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

2. കാൻ ഫുഡ്...

പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണം അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തിൽപ്പെടുന്ന ഇത്തര ഭക്ഷണങ്ങള്‍ അധികനാള്‍ കേടാകാതിരിക്കാൻ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ഇത്തരം ഭക്ഷണങ്ങളെ അപകടകരമാക്കുന്നത്.

3. അമിത മധുരമുള്ള, ട്രാൻസ് ഫാറ്റ് ഫുഡ്...

അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. സാധാരണ പഞ്ചസാരയിൽനിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്രക്‌ടോസ് അമിതമായി അടങ്ങിയിട്ടുള്ള ബ്രൗണ്‍ ഷുഗര്‍ പോലെയുള്ളവ ചേര്‍ത്തുവരുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്നതിലൂടെ ക്യാൻസര്‍ കോശങ്ങള്‍ അതിവേഗം പുറത്തുവരാനും വളരാനും കാരണമാകുന്നു. പഞ്ചസാര കഴിയുന്നയത്ര കുറച്ച് തേൻ പോലെയുള്ള പ്രകൃതിദത്ത മധുരമാര്‍ഗങ്ങള്‍ തേടുന്നതാണ് ഉത്തമം.

4. കോള...

കോള പോലെയുള്ള കാര്‍ബണേറ്റഡായ ശീതളപാനീയങ്ങള്‍ അമിതമായി കുടിച്ചാൽ ക്യാൻസര്‍ പിടിപെടാനുള്ള സാധ്യത കൂടും.

5. ഡയറ്റ് ഫുഡ്...

ശരീരഭാരവും വണ്ണവും കുറയ്‌ക്കുന്നതിന് സഹായിക്കുന്നവയെന്ന പേരിൽ വിപണിയിൽ ലഭ്യമാകുന്ന ഡയറ്റ് ഫുഡ് പലപ്പോഴും ക്യാൻസറിന് കാരണമായേക്കാം. ഇത്തരം ഭക്ഷണം കൂടുതലായി കഴിക്കുന്നത് അനാരോഗ്യകരവും പ്രതിരോധശേഷി ഇല്ലാതാകുന്നതിനും കാരണമാകുന്നു.

6. പൊരിച്ച സ്നാക്ക്‌സ്...

ചിപ്സ്, മിക്‌ചര്‍ പോലെയുള്ള വറുത്ത സ്‌നാക്ക് സ്ഥിരമായും അമിതമായും കഴിക്കുന്നത് ക്യാൻസറിന് കാരണമാകുന്നു. ഇത്തരം സ്‌നാക്ക്‌സ് കഴിക്കാൻ ഏതൊരാളും ഇഷ‌്ടപ്പെടുന്നു, എന്നാൽ ഇവ എത്രത്തോളം അപകടകരമാണെന്ന കാര്യം ആര്‍ക്കും അറിയില്ല.

click me!