
തൊണ്ടയിലെ കാവല്‍ക്കാരാണ് ടോണ്‍സിലുകള്‍. തൊണ്ടയില്‍ രണ്ട് വശങ്ങളിലായി അവ രോഗപ്രതിരോധ പ്രവര്‍ത്തന ജോലികള്‍ നിര്‍വഹിക്കുന്നു. ലിംഫ് കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ടോണ്‍സില്‍ ഗ്രന്ഥികള്‍ ശരീരത്തിന്റെ പ്രാഥമിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ശ്വാസവായുവിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാം കടന്നുവരുന്ന രോഗാണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സില്‍ ഗ്രന്ഥികളാണ്.
രോഗാണുക്കള്‍ക്കെതിരേ ആന്‍റി ബോഡികള്‍ ഇവ ഉത്പാദിപ്പിക്കും. എന്നാല്‍ ചിലപ്പോള്‍ ഈ ടോണ്‍സിലുകളിലും ക്യാന്‍സര്‍ ബാധിക്കാം. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്നതാണ് ക്യാന്‍സര്‍. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.
പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും ടോണ്‍സില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്. ഇന്ന് പുരുഷന്മാരില്‍ ഈ ക്യാന്‍സര്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. തൊണ്ടയുടെ ഏത് ഭാഗത്താണ് പ്രശ്‌നമെന്നതിനനുസരിച്ച് ലക്ഷണങ്ങളും മാറാം. എങ്കിലും, പൊതുവേ രണ്ടാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന ഒച്ചയടപ്പ്, ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, ഭക്ഷണമിറക്കുമ്പോള്‍ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുക എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തുന്നതാണ് നല്ലതാണ്. അതുപോലെ തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പും പ്രത്യേകം ശ്രദ്ധിക്കണം.
അറിയാം ടോണ്‍സില്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍...
1. ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്
2. കഴുത്തില്‍ വേദന, നീര്
3. ഒച്ചയടപ്പ്
4. ചെവി വേദന
5. കാരണമില്ലാതെ ശരീരഭാരം കുറയുക
6. ചിലരില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട്
7. ക്ഷീണം
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്. ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സേവനം തേടുന്നത് നല്ലതാണ്.
Also Read: ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam