
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് നമ്മുടെ മാനസികാരോഗ്യവും. എന്നാല്‍ പലപ്പോഴും മാനസികാരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നതാണ് സത്യം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ശാരീരികാരോഗ്യത്തില്‍ നിന്ന് മാറിനില്‍ക്കുന്നതല്ല മാനസികാരോഗ്യം.
നമ്മള്‍ കഴിക്കുന്ന ഭക്ഷണം അടക്കം എന്തെല്ലാം ഘടകങ്ങള്‍ ശരീരത്തെ സ്വാധീനിക്കുന്നുവോ അതെല്ലാം തന്നെ മനസിനെയും സ്വാധീനിക്കുന്നതാണ്. അതിനാല്‍ത്തന്നെ മാനസികപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം പരിശോധിക്കേണ്ടിവരും.
ഇതേ കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് കരീഷ്മ ഷാ. നാം ഭക്ഷണത്തിലൂടെ നേടിയെടുക്കുന്ന പോഷകങ്ങളും മനസിന്‍റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ, പെട്ടെന്ന് മാനസികാവസ്ഥ മാറിമറിയുന്നു എന്ന്. 'മൂഡ് ഡിസോര്‍ഡര്‍' എന്നാണീ അവസ്ഥയെ വിളിക്കുന്നത്.
ഇതര മാനസികപ്രശ്നങ്ങളടക്കം പല കാരണങ്ങള്‍ മൂലവും മൂഡ് ഡിസോര്‍ഡര്‍ ഉണ്ടാകാം. ഇക്കൂട്ടത്തില്‍ നാലോളം പോഷകങ്ങളില്‍ വരുന്ന പ്രശ്നങ്ങളും മൂഡ് ഡിസോര്‍ഡറിലേക്ക് നയിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ആന്‍റി ഓക്സിഡന്‍റുകളുടെ കുറവുണ്ടെങ്കില്‍ അത് മൂഡ് ഡിസോര്‍ഡറിലേക്ക് നയിക്കുകയോ അല്ലെങ്കില്‍ അതിന് ആക്കം കൂട്ടുകയോ ചെയ്യാം. അമിതമായി മധുരം, റിഫൈൻഡ് കാര്‍ബ്സ്, പ്രോസസ്ഡ് ഫുഡ്, ടോക്സിക് ഫാറ്റ്, കെമിക്കലുകള്‍ എന്നിവ ചെല്ലുമ്പോള്‍ ആന്‍റി ഓക്സിഡന്‍റുകളുടെ അഭാവം മനസിനെ ബാധിക്കാം. ആന്‍റിഓക്സിഡന്‍റുകളടങ്ങിയ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടാം.
രണ്ട്...
നമ്മുടെ ശരീരത്തില്‍ വിവിധ ധര്‍മ്മങ്ങള്‍ വഹിക്കുന്നൊരു ഘടകമാണ് സിങ്ക്. ഇതിന്‍റെ കുറവോ അഭാവമോ നമ്മളില്‍ മൂഡ് ഡിസോര്‍ഡറുണ്ടാക്കാമെന്നാണ് കരീഷ്മ ഷാ പറയുന്നത്. സിങ്കിന്‍റെ കുറവ് തലച്ചോറിന്‍റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് വഴിയാണത്രേ നമ്മുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത്. ചിക്കന്‍, ഷെല്‍ഫിഷ്, ഓയിസ്റ്റേഴ്സ്, ബദാം തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം സിങ്ക് കാര്യമായി അടങ്ങിയിരിക്കുന്നു.
മൂന്ന്...
വൈറ്റമിൻ ബി- 6ന്‍റെ കുറവും മൂഡ് ഡിസോര്‍ഡറിന് കാരണമാകാം. നമ്മുടെ മാനസികാവസ്ഥകളെ സ്വാധീനിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്നൊരു ഘടകമാണ് വൈറ്റമിൻ ബി-6. അതിനാലാണ് ഇതിന്‍റെ അഭാവം മാനസികാരോഗ്യത്തെ ബാധിക്കുന്നത്. സീഫുഡ്, ഇറച്ചി, ബീൻസ്, നട്ട്സ്, ഇലക്കറികള്‍ എന്നിവയിലെല്ലാം വൈറ്റമിൻ ബി-6 അടങ്ങിയിരിക്കുന്നു.
നാല്...
കോപ്പറിന്‍റെ അളവ് അമിതമാകുന്ന അവസ്ഥയിലും മാനസികാരോഗ്യം ബാധിക്കപ്പെടാം. ഇത് ഡോപമിൻ എന്ന ഹോര്‍മോണ്‍ കുറയുന്നതിന് കാരണമാകും. അതോടെ മാനസികാവസ്ഥ മോശമാകുന്നു. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് വരെ ഇത് കാരണമാകാറുണ്ട്. ഉത്കണ്ഠ വര്‍ധിപ്പിക്കാനും കോപ്പര്‍ കൂടുന്നത് കാരണമാകാറുണ്ട്. പൊതുവെ മാനസികാരോഗ്യം മോശമാകാനേ കോപ്പര്‍ കൂടുന്നത് കാരണമാകൂ.
Also Read:- നിങ്ങള്‍ 'ഓക്കെ' അല്ലെങ്കില്‍ ശരീരത്തില്‍ കാണുന്ന ചില സൂചനകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam