
വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ( Weight Loss ) ജീവിതശൈലികളില്‍ തന്നെ ധാരാളം മാറ്റങ്ങള്‍ വരുത്താം. 'ബാലന്‍സ്ഡ് ഡയറ്റ്' ( Balanced Diet ), കൃത്യമായ വ്യായാമം ( Exercise ) എന്നിങ്ങനെ വണ്ണം കുറയ്ക്കാന്‍ ശരിയായ മാര്‍ഗങ്ങള്‍ തന്നെ തെരഞ്ഞെടുക്കാം.
എന്നാല്‍ ചിലരെങ്കിലും ഇതിനായി സര്‍ജറികളെ ആശ്രയിക്കാറുണ്ട്. ഈ സര്‍ജറികള്‍ തന്നെ പല വിഭാഗത്തില്‍ പെടുന്നതാണ്. ഇത്തരം സര്‍ജറികള്‍ ഇന്ന് അപൂര്‍വമല്ലതാനും.
എന്നാല്‍ ഇക്കൂട്ടത്തില്‍ പെടുന്ന 'ഗ്യാസ്ട്രിക് ബൈപാസ്' എന്ന സര്‍ജറിക്ക് പിന്നീട് ചില പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ ഹെല്‍ത്ത്'ല്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആമാശയത്തില്‍ നടത്തുന്ന 'സ്ലീവ് ഗ്യാസ്‌ട്രെക്ടമി'യും 'ഗ്യാസ്ട്രിക് ബൈപാസ്'ഉം തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും പഠനം ഉയര്‍ത്തിക്കാട്ടുന്നത്. ഇവ രണ്ടുമാണ് ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന രണ്ട് സര്‍ജറികളത്രേ.
ആമാശയത്തിന്റെ ഒരു ഭാഗം സര്‍ജറിയിലൂടെ നീക്കം ചെയ്ത്, അതിനെ പതിനഞ്ച് ശതമാനത്തോളം ചുരുക്കിയെടുക്കുകയാണ് 'സ്ലീവ് ഗ്യാസ്‌ട്രെക്ടമി'യില്‍ ചെയ്യുന്നത്. ഫലത്തില്‍ ആമാശയം ഒരു ട്യൂബ് (അല്ലെങ്കില്‍ സ്ലീവ്) പരുവത്തിലേക്കെത്തും.
അതേസമയം ആമാശയത്തെ പല അറകളാക്കി മാറ്റി അവകളെ കുടലുമായി ബന്ധപ്പെടുത്തിവയ്ക്കുകയാണ് 'ഗ്യാസ്ട്രിക് ബൈപാസ്' സര്‍ജറിയില്‍ ചെയ്യുന്നത്. ഇതില്‍ പിന്നീട് ആരോഗ്യപരമായ 'റിസ്‌കുകള്‍' ഉണ്ടാകാമെന്നാണ് പഠനം പറയുന്നത്. 'സ്ലീവ് ഗ്യാസ്‌ട്രെക്ടമി'യാകുമ്പോള്‍ ആ 'റിസ്‌ക്' ഇല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ 'സ്ലീവ് ഗ്യാസ്‌ട്രെക്ടമി'യില്‍ സര്‍ജറിക്ക് ശേഷം വീണ്ടും തുടര്‍ സര്‍ജറികള്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടാകാം. പലരും ഇതിന് മടിച്ചാണ് 'ഗ്യാസ്ട്രിക് ബൈപാസ്' തെരഞ്ഞെടുക്കുന്നതത്രേ. എന്നാല്‍ ഇതിന്റെ റിസ്‌കുകള്‍ കൃത്യമായി രോഗികളെ ധരിപ്പിക്കേണ്ടത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തം തന്നെയാണെന്നും അതിന് ശേഷവും അവരത് തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് അംഗീകരിക്കാമെന്നും പഠനം പറയുന്നു.
മുമ്പും ചില പഠങ്ങള്‍ 'സ്ലീവ് ഗ്യാസ്‌ട്രെക്ടമി'യാണ് സുരക്ഷിതമെന്ന നിലയ്ക്കുള്ള നിഗമനങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇത്രമാത്രം വിശാലമായൊരു പഠനറിപ്പോര്‍ട്ട് നേരത്തേ വന്നിട്ടില്ലെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
Also Read:- അമിതവണ്ണമുള്ള കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത്; മാതാപിതാക്കള്‍ അറിയാന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam