ബയോപ്സിയില്ലാതെ സർവിക്കൽ കാൻസർ വേഗത്തില്‍ തിരിച്ചറിയാം, പുതിയ ഉപകരണം വികസിപ്പിക്കാന്‍ ആര്‍ജിസിബി ഗവേഷകര്‍ക്ക് 7 കോടിയുടെ ഗ്രാന്‍റ്

Published : Oct 16, 2026, 03:47 PM IST
cancer medicine price

Synopsis

ഗർഭാശയമുഖ അർബുദം ബയോപ്സി ഇല്ലാതെ രക്തപരിശോധനയിലൂടെ വേഗത്തിൽ കണ്ടെത്താനുള്ള ഉപകരണം വികസിപ്പിക്കാൻ ആർജിസിബി ഗവേഷകർക്ക് 7 കോടി രൂപയുടെ ഗ്രാൻ്റ് ലഭിച്ചു. നാനോപോർ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ എളുപ്പത്തിൽ രോഗനിർണയം നടത്താൻ സഹായിക്കും.

തിരുവനന്തപുരം: ഗര്‍ഭാശയമുഖ അര്‍ബുദത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കുന്ന പദ്ധതിയ്ക്കായി ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഗവേഷകര്‍ക്ക് ഏഴ് കോടി രൂപയുടെ ധനസഹായം ലഭിച്ചു. സാങ്കേതിക വിദഗ്ദ്ധരുടെയോ ബയോപ്സി പരിശോധനകളുടെയോ സഹായമില്ലാതെ രക്തപരിശോധനയിലൂടെ മിനിറ്റുകള്‍ക്കകം അര്‍ബുദം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും.

അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്ന് നടപ്പിലാക്കുന്ന 'മഹാ മെഡ്ടെക് മിഷന്‍റെ' ഭാഗമായാണ് ഗ്രാന്‍റ് ലഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ 'ഇന്‍ഡ്സിറ്റ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്', മഹാരാഷ്ട്രയിലെ 'കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്നിവയുമായി സഹകരിച്ചാണ് ആര്‍ജിസിബി ഈ ഗവേഷണം നടത്തുന്നത്.

ബ്രിക്-ആര്‍ജിസിബി യിലെ ശാസ്ത്രജ്ഞരായ ഡോ. ജാക്സണ്‍ ജെയിംസ്, ഡോ. അനി വി. ദാസ്, ഡോ. മഹേന്ദ്രന്‍ കെ. ആര്‍. എന്നിവരടങ്ങുന്നതാണ് ഗവേഷകസംഘം.

ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ഗ്രാന്‍റ് ലഭിച്ചതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ബീന പിള്ള പറഞ്ഞു. ഈ ഗ്രാന്‍റിനായി ആയിരത്തിലധികം പ്രൊപ്പോസലുകളാണ് അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് ലഭിച്ചത്. അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 33 പ്രൊപ്പോസലുകളിലൊന്ന് ആര്‍ജിസിബിയുടേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രക്തത്തിലെ പൈ ആര്‍.എന്‍.എ അധിഷ്ഠിത ബയോമാര്‍ക്കറുകള്‍ കണ്ടെത്താനും അതീവ കൃത്യതയുള്ള തന്‍മാത്രാ പരിശോധനാ സംവിധാനമായ 'നാനോപോര്‍ ടെക്നോളജി' ഉപയോഗിച്ച് അവ വിശകലനം ചെയ്യാനും കഴിയുന്ന രീതിയിലാണ് ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ പരിശീലനം കൊണ്ട് വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓട്ടോമേറ്റഡ് പരിശോധനാ സംവിധാനം വികസിപ്പിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

പ്രത്യേക ലബോറട്ടറി സൗകര്യങ്ങള്‍ കൂടാതെയും ഉപയോഗിക്കാന്‍ കഴിയുന്ന ലളിതമായ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോ. ജാക്സണ്‍ ജെയിംസ് പറഞ്ഞു. ഉപകരണം പൂര്‍ണ്ണമായി വികസിപ്പിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിക്കഴിഞ്ഞാല്‍ രക്തസാമ്പിള്‍ മാത്രം രോഗി നല്‍കിയാല്‍ മതിയാകും. തുടര്‍ന്ന് ഓട്ടോമേറ്റഡ് സംവിധാനം വിശകലനം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ഏറ്റവും സാധാരണമായ അര്‍ബുദങ്ങളിലൊന്നാണ് ഗര്‍ഭാശയമുഖത്തിലെ അര്‍ബുദം. ആദ്യഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയുന്നത് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും. രോഗം ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതിന് മുന്‍പ് തന്നെ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അസാധാരണ മാറ്റങ്ങള്‍ കണ്ടെത്താന്‍ നേരത്തെയുള്ള പരിശോധനയിലൂടെ സാധിക്കും. എന്നാല്‍ നിലവിലെ പല പരിശോധനകളും പ്രയാസകരവും വിദഗ്ദ്ധരുടെ സേവനം ആവശ്യമുള്ളതും ഗ്രാമീണ മേഖലകളിലും ചെറിയ നഗരങ്ങളിലും ലഭ്യമാകാത്തതുമാണ്. ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ആര്‍ജിസിബി സംഘം ലക്ഷ്യമിടുന്നത്.

ശരീരത്തില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കാത്തതും ചെറിയതോതിലുള്ള സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്നതും വേഗത്തിലും എളുപ്പത്തിലും പരിശോധന നടത്താന്‍ സഹായകവുമായ രീതിയിലാണ് ഈ സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗവേഷണ സംഘത്തിലെ അംഗമായ ഡോ. അനി വി. ദാസ് പറഞ്ഞു. പരമ്പരാഗത ലബോറട്ടറി സൗകര്യങ്ങള്‍ പരിമിതമായ സാഹചര്യങ്ങളില്‍പ്പോലും രോഗനിര്‍ണയത്തിനായുള്ള പരിശോധനയ്ക്കും രോഗം നേരത്തേ കണ്ടെത്തുന്നതിനും സഹായകമാകുന്ന സംവിധാനം വികസിപ്പിക്കാന്‍ ഇതിലൂടെ സാധ്യമാകും.

ഇതിനോടകം പേറ്റന്‍റ് നേടിയ ഈ സാങ്കേതികവിദ്യ സെല്‍ കള്‍ച്ചറുകളിലും എലികളിലും നടത്തിയ പ്രാഥമിക ലബോറട്ടറി പരിശോധനകളില്‍ വിജയം കണ്ടിട്ടുണ്ട്. കൂടാതെ മനുഷ്യന്‍റെ രക്ത സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പൈലറ്റ് പഠനവും ലബോറട്ടറി തലത്തില്‍ പൂര്‍ത്തിയായി. ഉപകരണത്തിന്‍റെ പ്രാരംഭ ഘട്ട പ്രോട്ടോടൈപ്പ് നിര്‍മ്മാണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ലാബില്‍ കണ്ടെത്തിയ സാങ്കേതികവിദ്യയെ ഉപയോഗപ്രദമായ ഒരു രോഗനിര്‍ണ്ണയ ഉപകരണമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Spine Day 2026 : 'ടെക്സ്റ്റ് നെക്ക് സിൻഡ്രോം' എന്ന നിശബ്ദ വില്ലനെ സൂക്ഷിക്കണം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കരൾ രോഗസാധ്യത 30% വരെ വർദ്ധിപ്പിക്കുന്നതായി പഠനം