
ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് നമ്മുടെ ആരോഗ്യസ്ഥിതി ( Climate and Health ) മാറിവരാറുണ്ട്. അതുപോലെ മഴക്കാലമാണെങ്കില്‍ അതിന് അനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും ( Climate and Health ) അസുഖങ്ങളുമുണ്ട്. അസുഖങ്ങള്‍ അധികവും കൊതുകുകള്‍ പരത്തുന്നത് മൂലമുള്ളതാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങളില്‍ പ്രധാനമായും വരുന്നത് 'സ്കിൻ' സംബന്ധമായ ( Skin Irritation ) പ്രശ്നങ്ങളാണ്.
ഇതില്‍ തന്നെ ചര്‍മ്മം അങ്ങോട്ടും ഇങ്ങോട്ടും ഉരഞ്ഞുണ്ടാകുന്ന ഇന്‍ഫെക്ഷനാണ് ( Skin Irritation ) കാര്യമായും മഴക്കാലത്ത് മിക്കവരും നേരിടുന്നൊരു പ്രശ്നം. നനവ് കൂടുതലായി ഇരിക്കുന്നത് മൂലമാകാം ഇത് സംഭവിക്കുന്നത്. മഴക്കാലത്ത് ചര്‍മ്മത്തില്‍ ബാക്ടീരിയ- ഫംഗസ് പോലുള്ള രോഗാണുക്കളുടെ നിലനില്‍പും അനുകൂലാന്തരീക്ഷത്തിലായിരിക്കും.
നേരിയ ചുവന്ന നിറത്തില്‍ വരുന്ന അണുബാധയില്‍ ചൊറിച്ചിലുണ്ടാകാം. അതുപോലെ നീറ്റലും കാണാം. ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയുള്ളയിടങ്ങളില്‍ വീക്കം വരികയും ബ്ലീഡിംഗ് (രക്തം) വരികയും ചെയ്യാം. ഇത് ചര്‍മ്മത്തിന് ദീര്‍ഘകാലത്തേക്ക് വരെ കേടുപാട് വരുത്തുകയും ചെയ്യാം.
മഴക്കാലത്ത് ശുചിത്വമില്ലാതിരിക്കുന്നതും ഇത്തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് കൈകാലുകള്‍ എപ്പോഴും അഴുക്കില്‍ നിന്ന് വിമുക്തമാണെന്ന് ഉറപ്പിക്കണം, അതുപോലെ നനവ് ഇരിക്കാൻ അനുവദിക്കാതെ തുടച്ചുണക്കാനും ശ്രദ്ധിക്കണം. അഴുക്കും നനവുമാണ് മഴക്കാലത്ത് 'സ്കിൻ' പ്രധാനമായും പ്രശ്നത്തിലാകാൻ കാരണമാകുന്ന രണ്ട് ഘടകങ്ങള്‍. പുറത്തുപോയി വന്നാല്‍ ഉടൻ തന്നെ കാലുകള്‍ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കണം. ഇതൊരു ശീലമാക്കുക.
വണ്ണമുള്ളവരിലും 'സ്കിൻ' അണുബാധകള്‍ സാധാരണമാകാം. ഇത് വേനല്‍ക്കാലങ്ങളിലും മഴക്കാലങ്ങളിലും ഉണ്ടാകാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ഇറുകിയ വസ്ത്രങ്ങള്‍- പോളിസ്റ്റര്‍ പോലുള്ളവ ഒഴിവാക്കുക എന്നിവയെല്ലാം ഇവരില്‍ 'സ്കിൻ' അണുബാധകളെ ചെറുക്കാൻ സഹായിക്കും.
ചര്‍മ്മത്തിലെവിടെയെങ്കിലും അണുബാധ കണ്ടാല്‍ തന്നെ അത് വ്യാപകമാകും മുമ്പേ ചികിത്സ തേടുക. പ്രത്യേകമായ പൗഡറോ, ക്രീമോ ഉണ്ടെങ്കില്‍ അത് മുടങ്ങാതെ ഉപയോഗിക്കുകയും വേണം. ചര്‍മ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന തരം ഭക്ഷണവും മഴക്കാലത്ത് ശീലമാക്കാം. ഒപ്പം തണുപ്പാണെന്നോര്‍ത്ത് കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കല്ലേ, ഇതും ചര്‍മ്മത്തിന് ദോഷമാണ്.
Also Read:- കാഴ്ചയില്‍ പ്രായം കുറയ്ക്കാം; നിത്യവും ചെയ്യേണ്ട ചില കാര്യങ്ങള്‍...