
സ്മാര്‍ട് ഫോൺ ഉപയോഗം ഇപ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് കുട്ടികളിലേക്കും അതിവേഗം വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, പഠനത്തിലേക്ക് പോലും കടന്നിട്ടില്ലാത്ത അത്രയും ചെറിയ കുഞ്ഞുങ്ങളും ഫോണ്ഡ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
പലപ്പോഴും കുട്ടികള്‍ വാശി പിടിച്ച് കരയുമ്പോഴോ, ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ, മുതിര്‍ന്നവരെ ശല്യപ്പെടുത്തുമ്പോഴോ എല്ലാം ഒരു പോംവഴിയായി ഇവരുടെ ശ്രദ്ധ ഫോണിലേക്ക് തിരിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളെ നാം എത്രയോ കാണാറുണ്ട്.
എന്നാലിത്തരത്തില്‍ കുട്ടികളെ അധികം ഫോണില്‍ കളിപ്പിക്കുന്നത് അത്ര നല്ലതല്ല. ഇതിന് പല വിധത്തിലുള്ള ദോഷവശങ്ങളുണ്ടെങ്കിലും അവരുടെ കണ്ണിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം.
മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി വളരെ 'സെൻസിറ്റീവ്' ആയ കണ്ണുകളായിരിക്കും കുട്ടികളുടേത്. അവരുടെ കണ്ണുകള്‍ മുഴുവനായി വികസിക്കുകയോ, പാകപ്പെടുകയോ ചെയ്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ അവരുടെ കണ്ണുകള്‍ എളുപ്പത്തില്‍ ബാധിക്കപ്പെടാം.
കാഴ്ചാപ്രശ്നം, കണ്ണ് വേദന, ഡ്രൈ ഐസ്, കണ്ണില്‍ അസ്വസ്ഥത എന്നിങ്ങനെ പല പ്രശ്നങ്ങളും കുട്ടികളുടെ കണ്ണുകളെ ഈ രീതിയില്‍ ബാധിക്കാം. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് പരമാവധി ഫോണ്‍ നല്‍കി അവരെ സന്തോഷപ്പെടുത്താൻ മാതാപിതാക്കള്‍ ശ്രമിക്കാതിരിക്കുക. ഇത് ചെറുതിലേ തൊട്ട് ശീലിപ്പിച്ചില്ലെങ്കില്‍ പിന്നീട് ശീലിപ്പിക്കാനും പ്രയാസമായിരിക്കും.
കുട്ടികളുടെ കണ്ണിനേല്‍ക്കുന്ന പ്രശ്നങ്ങള്‍ അവരുടെ പഠനം, സാമൂഹികമായ പെരുമാറ്റം, വ്യക്തിത്വം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടികളെ കഴിയുന്നതും വീടിന് പുറത്തിറക്കി നടക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും പരിശീലിപ്പിക്കുക,. വ്യായാമത്തിലേക്ക് ചെറുതിലേ അവരെ ആകര്‍ഷിക്കുക, അവര്‍ വായിക്കുമ്പോഴോ വരയ്ക്കുമ്പോഴോ എല്ലാം വീട്ടിനകത്തെ വെളിച്ചം നല്ലരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിച്ച് അവരെ ശീലിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കുട്ടികളുടെ കണ്ണിന്‍റെ ആരോഗ്യവും ആകെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്.
ഇതോടൊപ്പം തന്നെ കുട്ടികളില്‍ കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തുന്നതും ഏറെ നല്ലതാണ്.
Also Read:- എപ്പോഴും സ്ട്രെസിലാണെങ്കില്‍ ക്രമേണ നിങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam