വാഷിം​ഗ്ടൺ: ചൈനയ്ക്കെതിരെ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണെന്ന സൂചന നൽകി വൈറ്റ്ഹൗസ്. എന്നാൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വളരെ വഷളായ സാഹചര്യമാണുള്ളത്. 

ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കൻ‌ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം, ഉയ്ഘർ മുസ്ലീംങ്ങളോടുള്ള പെരുമാറ്റം. ടിബറ്റിൽ ഏർപ്പെടുത്തിയ പുതിയ സുരക്ഷാ നിയമം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വളരെയധികം വാ​ഗ്വാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചൈനയ്ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റിന് മുമ്പ് നിങ്ങളെ അറിയിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. പക്ഷേ ചൈനയ്ക്കെതിരെയുള്ള ചില നടപടികളെക്കുറിച്ച് വളരെ വൈകാതെ നിങ്ങൾ കേൾക്കും. എനിക്കത് ഉറപ്പായും പറയാൻ സാധിക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനി മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിലും ലോകത്തും സംഭവിച്ച വമ്പൻ നാശനഷ്ടങ്ങൾക്ക് കാരണം ചൈനയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആരോപണം. പല അവസരങ്ങളിലായി ചൈനയ്ക്കെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു. ചൈനയിൽ നിന്ന്  വന്ന കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നത് വരെ രാജ്യം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു എന്നും ട്രംപ് പറഞ്ഞിരുന്നു.