'കൊറോണ' ചൈനീസ് ലാബില്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍

Web Desk   | others
Published : Sep 24, 2020, 02:49 PM IST
'കൊറോണ' ചൈനീസ് ലാബില്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍

Synopsis

കൊവിഡ് വ്യാപകമായ ആദ്യഘട്ടം മുതല്‍ തന്നെ ഇതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിലനിന്നിരുന്നു. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നുമാണ് വൈറസ് മനുഷ്യരിലേക്കെത്തിയത് എന്ന് നിഗമനത്തിലാണ് ശാസ്ത്രലോകം മുഴുവന്‍ മുന്നോട്ടുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ഗവേഷക സമിതിയും ഇക്കാര്യം ചൈനയിലെത്തി പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു

ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനയും അറിഞ്ഞുകൊണ്ടാണ് ഈ കളികള്‍ മുഴുവന്‍ എന്നാണ് ചൈനീസ് വൈറോളജിസ്റ്റായ ലി- മെങ് യാന്‍ പറയുന്നത്. 

'വൈറസ് ആദ്യമായി കണ്ടെത്തപ്പെട്ടു എന്ന് പറയുന്ന മാര്‍ക്കറ്റ് വെറും പുകമറയാണ്. ഇത് ചൈനീസ് സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചതാണ്. ലോകാരോഗ്യ സംഘടന ഈ കളവുകളെയെല്ലാം ഒളിപ്പിച്ചുനിര്‍ത്തുകയാണ്...'- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യാന്‍ പറഞ്ഞു.

വൈറസ്, ലാബില്‍ നിര്‍മ്മിച്ചതാണെന്ന് തുറന്നുപറഞ്ഞതോടെ തന്നെയും കുടുംബത്തേയും അപമാനിച്ച് തകര്‍ക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വലിയ തോതിലുള്ള സൈബര്‍ അറ്റാക്കുകളാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. 

സുരക്ഷയെ മുന്‍നിര്‍ത്തിക്കൊണ്ട് യാന്‍ ചൈനയില്‍ നിന്ന് യുഎസിലേക്ക് കടന്നിരുന്നു. എന്നാല്‍ കുടുംബം ഇപ്പോഴുമുള്ളത് ചൈനയിലാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് യാനിന്റെ ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

കൊവിഡ് വ്യാപകമായ ആദ്യഘട്ടം മുതല്‍ തന്നെ ഇതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിലനിന്നിരുന്നു. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നുമാണ് വൈറസ് മനുഷ്യരിലേക്കെത്തിയത് എന്ന് നിഗമനത്തിലാണ് ശാസ്ത്രലോകം മുഴുവന്‍ മുന്നോട്ടുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ഗവേഷക സമിതിയും ഇക്കാര്യം ചൈനയിലെത്തി പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വാദവുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യാന്‍ രംഗത്തെത്തിയത്. 'ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്' എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യാന്‍. കൊറോണ വൈറസിനെ കുറിച്ച് പഠിക്കാന്‍ ഡിസംബര്‍ 31ന് അവിടെ നിന്നും നിര്‍ദേശം ലഭിച്ചുവെന്നും എന്നാല്‍ അതനുസരിച്ച് പഠനം തുടങ്ങിയ തന്നെ പിന്നീട് നിര്‍ബന്ധിതമായി പിന്തിരിപ്പിക്കുകയായിരുന്നു എന്നുമാണ് യാന്‍ പറഞ്ഞത്.

'കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയായിരുന്നു എന്റെ നിരീക്ഷണം. എന്നാല്‍ ഇതെക്കുറിച്ച് ഒന്നും പുറത്തുപറയണ്ട, നമ്മള്‍ അപകടത്തിലാവും എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. വുഹാനിലെ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ വൈറസ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ഇത് തെളിയിക്കാനുള്ള രേഖകളും എന്റെ കൈവശമുണ്ട്. മനുഷ്യന്റെ വിരലടയാളം പോലെ തന്നെ അത്രയും പ്രത്യേകമാണ് ഓരോ സൂക്ഷ്മജീവിയുടേയും ജനിതക ഘടന. ഇത് എളുപ്പത്തില്‍ മനസിലാക്കാവുന്നതേയുള്ളൂ. ബയോളജി അറിയാത്തവര്‍ക്ക് പോലും ഇത് തിരിച്ചറിയാന്‍ സാധിക്കും...'- ഇതായിരുന്നു വിവാദമായ യാനിന്റെ വെളിപ്പെടുത്തല്‍.

അതേസമയം യാനിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് 'ദ ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍', 'യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്', ലോകാരോഗ്യ സംഘടന എന്നിവര്‍ ചൂണ്ടിക്കാട്ടിയത്. 

Also Read:- വൈറസ് നിർമ്മിച്ചത് വുഹാനിലെ ലാബിലെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്‍റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി വാഴക്കൂമ്പ് സാലഡ് വളരെ എളുപ്പം തയ്യാറാക്കാം
Health : 2025 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 25 കാര്യങ്ങൾ ഇവയാണ്!