
സ്തനാർബുദ ബോധവല്‍കരണ മാസമായ ഒക്ടോബറിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസും അമൃത ഹോസ്പിറ്റലും ചേർന്ന് സംസ്ഥാനതല കാമ്പയിന്‍ 'ചിറക്' സംഘടിപ്പിക്കുന്നു. ‘കരുത്ത്, പിന്തുണ, അതിജീവനം’ ('Strength. Support. Survival.) എന്ന സന്ദേശമാണ് കാമ്പയിന്‍ ഉയർത്തിപ്പിടിക്കുന്നത്. സ്തനാര്‍ബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക, തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുക എന്നിവയാണ് കാമ്പയിൻ്റെ മുഖ്യലക്ഷ്യം.
വനിതാ കോളേജുകൾ, കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് കൂട്ടായ്മകള്‍ തുടങ്ങി കേരളത്തിലുടനീളമുള്ള 15 പ്രധാന വേദികള്‍ കേന്ദ്രീകരിച്ചാണ് കാമ്പയിൻ പരിപാടികൾ നടക്കുക. ബോധവല്‍കരണ സെമിനാറുകൾ, വിദഗ്ധരുമായുള്ള ചർച്ചകൾ, സ്ക്രീനിംഗുകൾ, ഓണ്‍ലൈന്‍ ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കും.
സ്തനാർബുദത്തെക്കുറിച്ച് സ്ത്രീകളെയും പൊതുസമൂഹത്തെയും ബോധവല്‍കരിക്കുക, നേരത്തെയുള്ള രോഗനിർണയം, സ്വയം പരിശോധന, പ്രതിരോധ മാർഗ്ഗങ്ങൾ എന്നീ കാര്യങ്ങളില്‍ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക, ആരോഗ്യ വിദഗ്ധർ, രോഗത്തെ അതിജീവിച്ചവർ, കൗൺസിലർമാർ എന്നിവരുമായി സംവദിക്കാനുള്ള വേദിയൊരുക്കുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനോടൊപ്പം ചേര്‍ന്ന് അമൃത ഹോസ്പിറ്റലാണ് കാമ്പയിന്‍ അവതരിപ്പിക്കുന്നത്. കൊച്ചി റോട്ടറി ക്ലബ്ബിന്‍റെയും ഡിഡിആർസി എജിലസിന്‍റെയും പങ്കാളിത്തത്തോടെയാണ് ഈ ഉദ്യമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam