പ്രമേഹത്തിനെ പ്രതിരോധിക്കാന്‍ കറുവാപ്പട്ട?

By Web TeamFirst Published Aug 23, 2021, 3:00 PM IST
Highlights

കലോറി, കാര്‍ബ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങി പല ഘടകങ്ങളും കറുവാപ്പട്ടയിലടങ്ങിയിട്ടുണ്ട്. ബി കോംപ്ലക്‌സിന്റെയും സ്രോതസാണ് കറുവാപ്പട്ട. ഇതിന് പുറമെ കോളിന്‍, ബീറ്റ കെരോട്ടിന്‍, ലൈസോപീന്‍, ലൂട്ടിന്‍, സീക്‌സാന്തിന്‍ തുടങ്ങി പല ആന്റിഓക്‌സിഡന്റ് ഏജന്റുകളും ഇതിലടങ്ങിയിരിക്കുന്നു

ഇന്ത്യയില്‍ ഏതാണ്ട് ആര് കോടിയിലധികം പ്രമേഹരോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം പേരും പ്രമേഹം വൈദ്യപരിശോധനയിലൂടെ തിരിച്ചറിയാതെയും ചികിത്സ തേടാതെയും ജീവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 

യൂറോപ്യന്‍സിനെയോ ആഫ്രിക്കന്‍സിനെയോ അപേക്ഷിച്ച് ഇന്ത്യക്കാരില്‍ പ്രമേഹം കൂടുതലായി കാണപ്പെടുന്നുണ്ടത്രേ. മോശം ജീവിതരീതികളെ തുടര്‍ന്ന് ഇതിന്റെ സാധ്യത ഓരോ വര്‍ഷവും കൂടിവരികയുമാണ്. 

ഡയറ്റ് അടക്കമുള്ള ജീവിതരീതികളില്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനായാല്‍ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ നമുക്കും സാധിക്കും. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനം. 

 


ചില ഭക്ഷണങ്ങള്‍ പ്രമേഹസാധ്യതയെ അകറ്റിനിര്‍ത്തുന്നുണ്ട്. അതുപോലെ ചിലത് ഈ സാധ്യതയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ പ്രമേഹസാധ്യത കുറയ്ക്കുമെന്ന രീതിയില്‍ പലരും പറഞ്ഞുകേട്ടിട്ടുള്ള ഒരു ഭക്ഷണപദാര്‍ത്ഥമാണ് കറുവാപ്പട്ട. സത്യത്തില്‍ ഇതിനെയൊരു ചേരുവ മാത്രമായിട്ടാണ് മിക്ക വീടുകളിലും പരിഗണിക്കാറ്. ഏറ്റവും പ്രധാനപ്പെട്ടൊരു ഇന്ത്യന്‍ സ്‌പൈസാണ് കറുവാപ്പട്ട. 

ആയുര്‍വേദ വിധിപ്രകാരം ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഔഷധം തന്നെയാണ് കറുവാപ്പട്ട. ദഹനമില്ലായ്മ, വയറിളക്കം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, പല്ലുവേദന സന്ധിവേദന പോലുള്ള പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കറുവാപ്പട്ട സഹായകമാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. 

ഇതിന് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതും ആയുര്‍വേദ വിധിപ്രകാരമുള്ള കണ്ടെത്തലാണ്. മോഡേണ്‍ മെഡിസിനുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചില പഠനങ്ങളും ഇതിനെ മുമ്പ് സാധൂകരിച്ചിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനാണേ്രത കറുവാപ്പട്ട പ്രയോജനപ്പെടുന്നത്. 

 


കലോറി, കാര്‍ബ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങി പല ഘടകങ്ങളും കറുവാപ്പട്ടയിലടങ്ങിയിട്ടുണ്ട്. ബി കോംപ്ലക്‌സിന്റെയും സ്രോതസാണ് കറുവാപ്പട്ട. ഇതിന് പുറമെ കോളിന്‍, ബീറ്റ കെരോട്ടിന്‍, ലൈസോപീന്‍, ലൂട്ടിന്‍, സീക്‌സാന്തിന്‍ തുടങ്ങി പല ആന്റിഓക്‌സിഡന്റ് ഏജന്റുകളും ഇതിലടങ്ങിയിരിക്കുന്നു. ഈ ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാണ് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നതത്രേ. 

പ്രമേഹത്തിന് പുറമെ ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി കൊളസ്‌ട്രോളിനെ അകറ്റാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും കറുവാപ്പട്ട സഹായകമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു

Also Read:- ചക്കക്കുരു കഴിക്കുന്നത് നല്ലതോ?; ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?

click me!