
ക്യാൻസർ എന്ന രോഗത്തെ എല്ലാവർക്കും പേടിയാണ്. എന്നാൽ ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണത്തിനൊപ്പം തന്നെയുണ്ട് അത് പൂർണ്ണമായി ഭേദമായവരുടെ എണ്ണവും. ക്യാൻസർ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്.
നമ്മൾ അറിഞ്ഞിരിക്കേണ്ടത് മറ്റ് അസുഖങ്ങളെപ്പോലെതന്നെ നമുക്ക് ക്യാൻസറിനെയും നേരത്തെ കണ്ടു പിടിക്കാനായി സാധിക്കും. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിലൊന്ന് ക്യാൻസറുകളെയും പൂർണമായി ചികിത്സിക്കാനായി കഴിയും. ക്യാൻസർ ശരീരത്തിൽ ഉണ്ടാകുമ്പോൾ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങളെ കുറിച്ച് തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവി ഡോ. ഡാനിഷ് സലീം പറയുന്നു.
ക്യാൻസറിന്റെ ലക്ഷണങ്ങളെ എളുപ്പം മനസിലാക്കാൻ 'CAUTION' എന്ന വാക്ക് ഉപയോഗിക്കാം. അതിൽ C എന്ന് പറയുന്നത് 'change in bowel or bladder' എന്നാണ്. അതായത് കുറച്ച് ദിവസം വയറിളകി പോകുന്നു, കുറച്ച് ദിവസം മലം കട്ടിയായി പോകുന്നു. ഇങ്ങനെ തുടർച്ചയായി കാണുന്നുണ്ടെങ്കിൽ irritable bowel syndrome നെ തുടർന്ന് ഉണ്ടാകാം. ഇത് ചെറുപ്പക്കാരിലാണ് കൂടുതലും കാണുന്നത്. എന്നാൽ മറ്റ് കാരണങ്ങളൊന്നുമില്ലാതെ മലബന്ധം തുടർച്ചയായി നിൽക്കുവാണെങ്കിൽ ക്യാൻസറിന്റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് പറഞ്ഞു.
അതിൽ A എന്ന് പറയുന്നത് 'a sore that does not heal' എന്നാണ്. ഒരു മുറിവ് ഉണ്ടാകുകയും ഉണങ്ങാതെ നിൽക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. രണ്ട് കാരണങ്ങൾ കൊണ്ട് മുറിവ് ഉണങ്ങാതെ ഇരിക്കാം. പ്രമേഹം കൊണ്ടും ഉണ്ടാകാം. അല്ലെങ്കിൽ ക്യാൻസർ ഉള്ളവരിലും മുറിവ് ഉണങ്ങാതെ നിൽക്കും. ഇതും ക്യാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ്.
അതിൽ U എന്ന് പറയുന്നത് 'unusual discharge or bleeding' ആണ്. അതായത് മലത്തിലൂടെയും മൂത്രത്തിലൂടെയും ഡിസ്ചാർച് പോവുകയോ രക്തം പോവുകയോ ചെയ്താൽ ശ്രദ്ധിക്കുക. ചുമയ്ക്കുന്ന സമയത്ത് കഫത്തിലൂടെ രക്തം പോകുവുകയും അത് തുടർച്ചയായി ഉണ്ടാവുകയും ചെയ്താൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ക്യാൻസറിന്റെ ലക്ഷണങ്ങളിൽ മറ്റൊന്നാണിത്.
T എന്ന് പറയുന്നത് 'thickening or lump in the breast or anywhere' എന്നാണ്. ശരീരത്തിൽ എവിടെയെങ്കിലും കട്ടിയുള്ള മുഴ കണ്ടാൽ ശ്രദ്ധിക്കുക. സ്ത്രീകളിൽ മാറിടങ്ങളിൽ കട്ടിയുള്ള മുഴ കണ്ടാൽ ഉടൻ തന്നെ പരിശോധന നടത്തുക. ഇതും ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്.
I എന്ന് പറയുന്നത് 'indigestion or swallowing difficulty' എന്നാണ്. എന്ത് ഭക്ഷണം കഴിച്ചാലും ദഹിക്കാതിരിക്കുക. അല്ലെങ്കിൽ വായിൽ ഭക്ഷണം കഴിച്ച് ഇറക്കാനുള്ള പ്രയാസം. ഇത് തൊണ്ടയിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
O എന്ന പറയുന്നത് 'Obvious change in the size of the mole' ആണ്. ശരീരത്തിൽ എവിടെയെങ്കിലും ഒരു മുഴ ഉണ്ടാവുകയും അതിന്റെ വലുപ്പം കൂടുകയോ നിറ വ്യത്യാസം ഉണ്ടാവുകയോ ചെയ്താൽ ശ്രദ്ധിക്കുക. ഇവയെല്ലാം ക്യാൻസർ ആകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് സലീം പറയുന്നു.
N എന്ന് പറയുന്നത് 'nagging cough or hoarseness' എന്നാണ്. തൊണ്ടയിൽ ശബ്ദത്തിന് വ്യത്യാസം വരിക, കുത്തികുത്തിയുള്ള ചുമ ഇവയെല്ലാം ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. പുരുഷന്മാരിൽ ശ്വാസകോശ ക്യാൻസറാണ് കൂടുതലും കാണുന്നത്. എന്നാൽ സ്ത്രീകളിൽ സ്തനാർബുദമാണ് കൂടുതലായി കാണുന്നത്.
Read more ഏകാന്തതയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം? പഠനം പറയുന്നു