
ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ, അറിയാതെ പെട്ടെന്ന് മൂത്രം പോകുന്നുവെന്ന്. തുമ്മുകയോ, പൊട്ടിച്ചിരിക്കുകയോ, വ്യായാമം ചെയ്യുകയോ, പെട്ടെന്ന് ഞെട്ടുകയോ ഒക്കെ ചെയ്യുമ്പോള്‍ ഇങ്ങനെ മൂത്രം പോകുന്നവരുണ്ട്. രണ്ട് തരത്തിലാണ് ഇതിനെ കാണേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഒന്ന് സാന്ദര്‍ഭികമായി സംഭവിക്കുന്നത്. അതായത് അമിത മദ്യപാനം, അമിതമായ കാപ്പികുടി, അല്ലെങ്കില്‍ പുറത്തുനിന്ന് പെട്ടെന്ന് ഏല്‍ക്കേണ്ടി വരുന്ന മര്‍ദ്ദനമോ, പരിക്കോ, ഞെട്ടലോ മൂലമൊക്കെ മൂത്രം പോകുന്നത്. ഇതിനെ മാറ്റിനിര്‍ത്തിയാല്‍ പതിവായി അറിയാതെ മൂത്രം പോകുന്നവരുണ്ട്.
അവരെക്കുറിച്ചാണ് ആദ്യം സൂചിപ്പിച്ചത്. അതായത് തുമ്മുമ്പോഴും ഉറക്കെ ചിരിക്കുമ്പോഴുമെല്ലാം മൂത്രാശയത്തിന് മുകളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ട് മൂത്രം പുറത്തുപോകുന്നവര്‍. സാധാരണഗതിയില്‍ പ്രായമാകുമ്പോഴാണ് ഈ പ്രശ്‌നം വരാനുള്ള സാധ്യത കൂടുന്നത്. അധികവും സ്ത്രീകളിലാണ് ഈ വിഷമത കാണുന്നത്.
അമ്പത് കടന്ന സ്ത്രീകളില്‍ മൂത്രാശയ പേശികള്‍ അയയുന്നതോടെയാണ് നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥയുണ്ടാകുന്നത്. ഇതിന് പുറമെ ചില കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം.
മലബന്ധം, കുടല്‍ സംബന്ധമായ ചില പ്രശ്‌നങ്ങള്‍, ഏതെങ്കിലും അസുഖത്തിന് സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ സൈഡ് എഫക്റ്റായി വരുന്നത്, മൂത്രാശയത്തിലെ അണുബാധ, മൂത്രാശയത്തിലോ വൃക്കയിലേ കല്ലുണ്ടാകുന്നത്, മൂത്രനാളിയിലെ അണുബാ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അനിയന്ത്രിതമായി മൂത്രം പോകുന്നതിന് ഇടയാക്കാറുണ്ട്. ഇത്തരം കാരണങ്ങള്‍ മൂലം ചെറുപ്പക്കാരിലും മൂത്രം പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്.
ശ്രദ്ധിക്കേണ്ട പ്രധാനകാര്യമെന്തെന്നാല്‍ പതിവായി ഇത്തരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ വൈകാതെ ഒരു ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തണമെന്നതാണ്. തുറന്നുപറയാനുള്ള മടി കൊണ്ടോ, നിസാരമായ പ്രശ്‌നമാണെന്ന കണക്കുകൂട്ടല്‍ കൊണ്ടോ വിഷയം പരിഗണിക്കാതെ വിട്ടാല്‍ ഒരുപക്ഷേ അത് കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കെത്തിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam