ആധുനിക സൗകര്യങ്ങളുള്ള പ്രത്യേക ഓർത്തോപീഡിക് സെന്ററുകളിലാണ് കൃത്രിമ ലിഗമെന്റ് ശസ്ത്രക്രിയകൾ ചെയ്യേണ്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖം പ്രാപിക്കൽ കൃത്യമായ ഫിസിയോതെറാപ്പി, വ്യായാമങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
കായികതാരങ്ങളുടെ സ്വപ്നങ്ങളെ തകർക്കുന്ന, നിനച്ചിരിക്കാതെ വരുന്ന വെല്ലുവിളികളാണ് കളിക്കളത്തിൽ ഉണ്ടാകുന്ന പരിക്കുകൾ. കളികൾക്കിടയിലോ പരിശീലന സമയത്തോ വരുന്ന ഇത്തരം പരിക്കുകൾ കരിയറിനെ തന്നെ സാരമായി ബാധിക്കുന്നത് എത്രയോ കായികതാരങ്ങളുടെ കാര്യത്തിൽ നാം കണ്ടുകഴിഞ്ഞു.
ഇത്തരം പരിക്കുകളിൽ ഒന്നാണ് ലിഗമെന്റിനുണ്ടാകുന്ന പൊട്ടലുകൾ (Ligament tears). കൈത്തണ്ട, തോൾ, പ്രത്യേകിച്ച് കൈ-കാൽ മുട്ടുകൾ എന്നിവിടങ്ങളിലെ ലിഗമെന്റുകൾക്കുണ്ടാകുന്ന പരിക്കുകൾ പലപ്പോഴും മാസങ്ങളോളം താരങ്ങളെ കളത്തിന് വെളിയിൽ മാറ്റിനിർത്തുകയോ എന്നെന്നേക്കുമായി കളി ജീവിതം അവസാനിപ്പിക്കുകയോ ചെയ്യാറുണ്ട്.
പരമ്പരാഗതമായി, ലിഗമെന്റ് പുനർനിർമ്മാണത്തിന് രോഗിയുടെ തന്നെ ശരീരത്തിലെ മറ്റൊരു ടെൻഡനോ (Autograft) അല്ലെങ്കിൽ ദാതാവിൽ നിന്നുള്ള കോശങ്ങളോ (Allograft) ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, കായിക ചികിത്സാരംഗത്ത് അർത്ഥവത്തായ പുരോഗതി കൈവരിച്ചുകൊണ്ടാണ് 'കൃത്രിമ ലിഗമെന്റുകൾ' (Artificial Ligaments) ഇന്ന് ഈ രംഗത്ത് പുതിയ സാധ്യതകൾ തുറന്നുനൽകുന്നത്.
എന്താണ് കൃത്രിമ ലിഗമെന്റുകൾ?
മുറിഞ്ഞുപോയ ലിഗമെന്റുകൾ (പ്രധാനമായും ACL) പുനർനിർമ്മിക്കാനോ ബലപ്പെടുത്താനോ ഉപയോഗിക്കുന്ന ഉയർന്ന കരുത്തുള്ള സിന്തറ്റിക് ഗ്രാഫ്റ്റുകളാണ് ഇത്. ആധുനിക കൃത്രിമ ലിഗമെന്റ് സാങ്കേതികവിദ്യയിലെ പ്രധാന മാറ്റം അതിന്റെ 'ഓപ്പൺ-വീവ് സ്കാഫോൾഡ്' (Open-weave scaffold) ഡിസൈനാണ്.
കൃത്യമായി രൂപകൽപ്പന ചെയ്ത ഈ നൂതന ഘടനയിലൂടെ ശരീരത്തിലെ കോശങ്ങൾക്ക് ഗ്രാഫ്റ്റിനുള്ളിലേക്ക് വളരാൻ സാധിക്കുന്നു. കാലക്രമേണ ഈ ഗ്രാഫ്റ്റ് ശരീരത്തിന്റെ ഭാഗമായി മാറുകയും (Ligamentization), വെറുമൊരു മെക്കാനിക്കൽ സപ്പോർട്ട് എന്നതിലുപരി സ്വാഭാവിക ലിഗമെന്റിനെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.
ഉദാഹരണം:
JewelACL™️ (UK)
ബ്രിട്ടനിലെ ലീഡ്‌സിൽ നിർമ്മിക്കുന്ന JewelACL™️ (XIROS) ഈ ആധുനിക രീതിക്ക് മികച്ച ഉദാഹരണമാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി ഹെർണിയ ശസ്ത്രക്രിയകളിലും വാസ്കുലർ ഇംപ്ലാന്റുകളിലും ഉപയോഗിക്കുന്ന മെഡിക്കൽ ഗ്രേഡ് പോളിസ്റ്റർ (Polyethylene Terephthalate - PET) ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഇതിന്റെ ക്ലിനിക്കൽ പ്രത്യേകതകൾ :
- ഓപ്പൺ-വീവ് സ്കാഫോൾഡ് ഘടന: ഇത് കോശങ്ങളുടെ വളർച്ചയെയും സ്വാഭാവിക ലിഗമെന്റായി മാറുന്ന പ്രക്രിയയെയും സഹായിക്കുന്നു.
- ഉയർന്ന കരുത്ത്: സ്വാഭാവികമായ ACL-ന്റെ അത്രതന്നെ കരുത്ത് നൽകുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
- അസ്ഥി സംരക്ഷണം: പരമ്പരാഗത രീതികളെ അപേക്ഷിച്ച് ചെറിയ സുഷിരങ്ങൾ (Tunnels) മാത്രം മതിയാകും എന്നതിനാൽ അസ്ഥികളുടെ ഘടന കൂടുതൽ സുരക്ഷിതമായി നിലനിൽക്കുന്നു.
പ്രധാന ഗുണങ്ങൾ:
ഓരോ രോഗിയുടെയും അവസ്ഥ വ്യത്യസ്തമാണെങ്കിലും, കൃത്രിമ ലിഗമെന്റ് ശസ്ത്രക്രിയ താഴെ പറയുന്ന ഗുണങ്ങൾ നൽകുന്നു:
- വേഗത്തിലുള്ള സുഖപ്രാപ്തി (മറ്റൊരു ഭാഗത്തുനിന്നും ടെൻഡൻ എടുക്കാത്തതിനാൽ).
- മറ്റു ഭാഗങ്ങളിൽ മുറിവുകളോ വേദനയോ ഉണ്ടാകില്ല (No donor-site morbidity).
- അസ്ഥി സംരക്ഷണം.
- കൃത്യമായ ഘടനയും ഗുണനിലവാരവും.
ചികിത്സയും സുഖപ്രാപ്തിയും
ആധുനിക സൗകര്യങ്ങളുള്ള പ്രത്യേക ഓർത്തോപീഡിക് സെന്ററുകളിലാണ് കൃത്രിമ ലിഗമെന്റ് ശസ്ത്രക്രിയകൾ ചെയ്യേണ്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖം പ്രാപിക്കൽ കൃത്യമായ ഫിസിയോതെറാപ്പി, വ്യായാമങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
കായിക പരിക്കുകൾ ഇനി കരിയറിന്റെ അവസാനമാകില്ല. അത്ലിറ്റുകളുടെ കരിയർ സംരക്ഷിക്കുന്നതിൽ കൃത്രിമ ലിഗമെന്റുകൾ വരും കാലങ്ങളിൽ വലിയ പങ്കുവഹിക്കുമെന്നതിൽ തർക്കമില്ല.
ലേഖനം തയ്യാറാക്കിയത്
പ്രൊഫ. ഡോ. ശ്രീജിത്ത് ടി.ജി,
സീനിയർ കൺസൾട്ടന്റ് & ഓർത്തോപീഡിക്സ് വിഭാഗം മേധാവി,
സ്റ്റാർകെയർ ഹോസ്പിറ്റൽ, കോഴിക്കോട്.


