കൊവിഡ് 19; കൂടുതല്‍ ബാധിക്കുന്നത് ആരെയൊക്കെ? പുതിയ റിപ്പോർട്ട്

By Web TeamFirst Published Mar 12, 2020, 11:35 AM IST
Highlights

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആരെയെന്നത് ഉത്തരവുമായി ചൈനീസ് സെന്റർ ഓഫ് ഡിസീസ് കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആരെയെന്നത് ഉത്തരവുമായി  ചൈനീസ് സെന്റർ ഓഫ് ഡിസീസ് കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തുകയും അതുപോലെ തന്നെ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുകയും ചെയ്ത ചൈനയിലെ 44000 പേരില്‍ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് ഈ റിപ്പോര്‍ട്ട്.  സ്ത്രീകളും കുട്ടികളും കുറെയെൊക്കെ രോഗബാധയില്‍നിന്നു മുക്തരാണ് എന്നാണ് ഈ പഠനം പറയുന്നത്. 

രോഗം ബാധിച്ച് മരിച്ചവരില്‍ 2.8 ശതമാനവും  പുരുഷന്മാരാണ്. സ്ത്രീകളുടെ എണ്ണം 1.7 ശതമാനം മാത്രമാണ്. 80 വയസ്സിന് മുകളിലുള്ള 15 ശതമാനം പേര്‍ രോഗത്തിന് അടിമപ്പെടുന്നുണ്ടെങ്കിലും കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം 0.2  ശതമാനം മാത്രമാണ് എന്നും പഠനത്തില്‍ പറയുന്നു. ബിബിസി അടക്കമുളള മാധ്യമങ്ങള്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

സ്ത്രീകളെയും കുട്ടികളെയും രോഗം കാര്യമായി ബാധിക്കാറില്ല എന്നാണ് ഈ പഠനം പറഞ്ഞുവെയ്ക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് ഇവര്‍ക്ക് കൂടുതലാണ് എന്നും പഠനം പറയുന്നു.  പനി ഉള്‍പ്പെടെയുള്ള രോഗങ്ങളും സ്ത്രീകളെക്കാള്‍ പുരുഷന്‍മാരെയാണ് ബാധിക്കുന്നത്.  അതുപോലെ തന്നെ  പുകവലി  പോലുള്ള ദുശ്ശീലങ്ങള്‍ പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. പുകവലി ദോഷകരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. സ്വാഭാവികമായും രോഗം അത്തരക്കാരെ വേഗം പിടികൂടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനയില്‍ 52 ശതമാനം പുരുഷന്‍മാരും പുകവലിക്കാരണത്രേ. സ്ത്രീകളുടെ എണ്ണം വെറും രണ്ടു ശതമാനം മാത്രമാണ്. രോഗത്തോട് മനുഷ്യരുടെ പ്രതിരോധം പ്രതികരിക്കുന്നതിലും വ്യത്യാസമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം പുരുഷന്‍മാരില്‍നിന്ന് വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. വൈറസ് ബാധകള്‍ക്കെതിരെ ആന്റി ബോഡി ഉല്‍പാദിപ്പിക്കുന്നതിലും സ്ത്രീ ശരീരങ്ങള്‍ തന്നെയാണ് മുന്നില്‍ എന്നും വിദഗ്ധര്‍ പറഞ്ഞുവെയ്ക്കുന്നു. 
 

click me!