ഭയന്നത് സത്യം;'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും

Web Desk   | others
Published : Jan 20, 2020, 10:23 PM ISTUpdated : Jan 22, 2020, 12:08 PM IST
ഭയന്നത് സത്യം;'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും

Synopsis

2002-03 വര്‍ഷങ്ങളില്‍ 37 രാജ്യങ്ങളിലായി പടര്‍ന്ന സാര്‍സ് തൊള്ളായിരത്തോളം ജീവനുകളാണ് അന്ന് കവര്‍ന്നെടുത്തത്. ഏകദേശം പതിനായിരം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതിന്റെ ബാക്കിപത്രമാണോ ഇപ്പോള്‍ പടരുന്ന 'കൊറോണ'യെന്നതാണ് ആശങ്കയുണ്ടാക്കുന്ന സംശയം  

ചൈനയിലും മറ്റ് മൂന്ന് രാജ്യങ്ങളിലുമായി പടര്‍ന്നുകൊണ്ടിരിക്കുന്ന 'കൊറോണ' വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് സ്ഥിരീകരണമായി. ചൈനീസ് സര്‍ക്കാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീതി വിതച്ച് വ്യാപകമായ 'സാര്‍സ്' എന്ന പകര്‍ച്ചവ്യാധിയുമായി ഏറെ സാമ്യതകളാണ് 'കൊറോണ'വൈറസ് ബാധിച്ചവരിലും കാണപ്പെടുന്നത്.

ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും വൈകാതെ രോഗിയുടെ ആരോഗ്യനില സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നതായിരുന്നു 'സാര്‍സ്'ന്റെ രീതി. അതിന് സമാനമായാണ് 'കൊറോണ'യും പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. 2002-03 വര്‍ഷങ്ങളില്‍ 37 രാജ്യങ്ങളിലായി പടര്‍ന്ന സാര്‍സ് തൊള്ളായിരത്തോളം ജീവനുകളാണ് അന്ന് കവര്‍ന്നെടുത്തത്. ഏകദേശം പതിനായിരം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.

ഇതിന്റെ ബാക്കിപത്രമാണോ ഇപ്പോള്‍ പടരുന്ന 'കൊറോണ'യെന്നതാണ് ആശങ്കയുണ്ടാക്കുന്ന സംശയം. ചൈനയിലെ 'വുഹാന്‍' എന്ന നഗരത്തിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 'കൊറോണ' റിപ്പോര്‍ട്ട് ചെയ്തത്. ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുകയും എന്നാല്‍ ന്യൂമോണിയ അല്ലെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് ഡോക്ടര്‍മാരില്‍ ഇത് സംശയം ജനിപ്പിച്ചത്. പിന്നീട് നടത്തിയ വിശദപരിശോധനകളിലാണ് ഭീകരനായ വൈറസാണ് അസുഖത്തിന് പിന്നിലെന്ന് മനസിലാക്കാനായത്.

ആയിരത്തിലേറെ പേര്‍ക്ക് വുഹാനില്‍ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ പക്ഷേ, ചൈന ഇക്കാര്യം നിഷേധിക്കുകയാണ്. ആകെ നാല്‍പത്തിയൊന്ന് പേര്‍ക്ക് മാത്രമാണ് രോഗമുള്ളതെന്നും മൂന്ന് പേര്‍ മാത്രമാണ് മരണപ്പെട്ടതെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ വിശദീകരണം. ഇതിനിടെ ജപ്പാന്‍, തായ്‌ലാന്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും 'കൊറോണ' സ്ഥിരീകരിച്ചു. ചൈനയിലെ ഷെന്‍സെനില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ഇന്ത്യക്കാരിയും ഉള്‍പ്പെടുന്നുണ്ട്. ദില്ലി സ്വദേശിനിയായ പ്രീതി മഹേശ്വരിയാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ആദ്യഘട്ടത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരുന്നത് എന്നായിരുന്നു 'കൊറോണ'യെക്കുറിച്ച് കേട്ടിരുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്നുവെന്ന സ്ഥിരീകരണം വലിയ തീവ്രതയുണ്ടാക്കുന്ന വാര്‍ത്ത തന്നെയാവുകയാണ്. നാല് രാജ്യങ്ങളിലായി പടര്‍ന്നിരിക്കുന്ന രോഗം, ഇതിനോടകം തന്നെ എവിടെയെല്ലാം എത്തിയിരിക്കുന്നുവെന്നത് അറിയാനാവാത്ത അവസ്ഥയുണ്ട്. തുടര്‍ദിവസങ്ങളില്‍ യാത്രാവിലക്ക് മുതല്‍ കനത്ത മുന്നൊരുക്കങ്ങള്‍ വരെ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ വന്നേക്കാനും ഇതോടെ സാധ്യതകളായി.

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ