
ലോകമൊട്ടാകെ ആശങ്ക പരത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന് ഇരയായി പിഞ്ചുകുഞ്ഞ്. ജനിച്ച്, മണിക്കൂറുകള്‍ക്കകം തന്നെ വൈറസ് ബാധ കണ്ടെത്തിയതോടെ 'കൊറോണ' ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്.
വൈറസിന്റെ ഉറവിടമെന്ന് കരുതപ്പെടുന്ന ചൈനയിലെ വുഹാനില്‍ നിന്നുള്ള ഒരു സ്ത്രീക്കാണ് ഈ കുഞ്ഞ് പിറന്നത്. ഇവര്‍ക്ക് 'കൊറോണ വൈറസ്' പിടിപെട്ടതായി പ്രസവത്തിന് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ വച്ചാണോ കുഞ്ഞിന് വൈരസ് ബാധയുണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല.
രണ്ട് സാധ്യതകളാണ് ഇക്കാര്യത്തിലുള്ളതെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ പറയുന്നു. ഒന്ന്, ഗര്‍ഭാവസ്ഥയിലിരിക്കെ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് പടരുന്ന സാഹചര്യം. രണ്ടാമത്, പ്രസവശേഷം അമ്മയുമായി അടുത്തിടപഴകിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുഞ്ഞിലേക്ക് വൈറസ് പടരുന്ന സാഹചര്യം.
രണ്ടായാലും ഇത് പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈറസ് ബാധ കണ്ടെത്തിയവരില്‍ ഗര്‍ഭിണിയായ സ്ത്രീകളുണ്ടെങ്കില്‍, അത്തരം കേസുകളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ടെന്നും കുഞ്ഞിനെ രോഗത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുത്തിയെടുക്കാമെന്ന കാര്യത്തില്‍ പുതിയ നടപടികള്‍ തീരുമാനിച്ച് കൈക്കൊള്ളേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
3.25 കിലോഗ്രാം തൂക്കവുമായി പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. എന്നാല്‍ പരിശോധനയില്‍ 'കൊറോണ' വൈറസ് പോസിറ്റീവാണെന്ന് കാണിക്കുകയായിരുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്നും കടുത്ത നിരീക്ഷണത്തിലാണ് കുഞ്ഞിനുള്ള ചികിത്സ തുടരുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതുവരെ 560ലധികം പേരാണ് കൊറോണ റൈസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മുപ്പതിനായിരത്തോളം പേര്‍ക്ക് വിവിധ രാജ്യങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിലധികം രോഗികള്‍ രോഗത്തില്‍ നിന്ന് മുക്തരായി എന്നതാണ് ഇതിനിടെ ആശ്വാസം പകരുന്ന വാര്‍ത്ത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam