Latest Videos

Covaxin : പ്രതിരോധശേഷി കൂടി; കൊവാക്സിൻ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം

By Web TeamFirst Published Jan 14, 2022, 5:44 PM IST
Highlights

കൊവാക്സിന്‍ ബൂസ്റ്റര്‍ ഡോസിന് ശേഷം വൈറസിനെതിരെ നിര്‍വീര്യമാക്കുന്ന ആന്‍റിബോഡികളുടെ തോത് 19 മുതല്‍ 265 മടങ്ങ് വര്‍ധിച്ചതായും കമ്പനി വ്യക്തമാക്കുന്നു. 

കൊറോണ വൈറസിന് (Coronavirus) ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദമായ ഒമിക്രോണിനെ (Omicron) ചെറുക്കാൻ ഭാരത് ബയോട്ടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് (Covaxin) സാധിച്ചേക്കുമെന്ന് പഠനം. കൊവാക്സിൻ ബൂസ്റ്റര്‍ ഡോസിന്‍റെ രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രതിരോധശേഷി വാഗ്ദാനം ചെയ്യുന്നുവെന്നാണ് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് (Bharat Biotech) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

കൊവാക്സിന്‍ ബൂസ്റ്റര്‍ ഡോസിന് ശേഷം വൈറസിനെതിരെ നിര്‍വീര്യമാക്കുന്ന ആന്‍റിബോഡികളുടെ തോത് 19 മുതല്‍ 265 മടങ്ങ് വര്‍ധിച്ചതായും കമ്പനി വ്യക്തമാക്കുന്നു. കൊവിഡിനെതിരെ ഒരു ആഗോള വാക്സിന്‍ പുറത്തിറക്കുക എന്ന  ലക്ഷ്യം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല അവകാശപ്പെടുന്നു.

ഇന്ത്യയില്‍ നിലവില്‍  കൊവിഷീല്‍ഡിനും കൊവാക്സിനും മാത്രമാണ് ബൂസ്റ്റര്‍ ഡോസായി അനുമതി ലഭിച്ചിരിക്കുന്നത്. മുന്‍പ് എടുത്ത വാക്സിന്‍ തന്നെ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാനാണ് ആരോഗ്യ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. 

അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ കേസുകളിൽ റെക്കോര്‍ഡ് പ്രതിദിന വർധനയാണ് ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000 ൽ അധികം പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി. പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി. 

Also Read: ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യത : വിദ​ഗ്ധർ

click me!