കൊവിഡ് 19; വളര്‍ത്തു മൃ​ഗങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്...

By Web TeamFirst Published Mar 13, 2020, 2:23 PM IST
Highlights

പൂച്ചകൾക്കും നായ്ക്കൾക്കും കൊറോണ വൈറസ് പകരില്ലെന്ന് ലോകാരോ​ഗ്യ സംഘടന. വളർത്തുമൃഗങ്ങൾക്ക് കൊറോണ വൈറസ് ബാധിക്കുമെന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ലെന്നാണ് ആരോഗ്യ വിദ്​ഗധർ പറയുന്നത്. 

വളർത്തു മൃഗങ്ങളെ അതിയായി സ്നേഹിക്കുന്നവരായിയിരിക്കും നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ വളർത്തു മൃഗങ്ങളുമായി കളിക്കുന്നത് പലപ്പോഴും പല രോഗങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ പറയാറുണ്ട്. എന്നാൽ അതിന് പുറമെ ഇപ്പോൾ കൊറോണയുടെ പശ്ചാതലത്തിൽ പല വിധത്തിലുള്ള വ്യാജ വാർത്തകളും പടരുന്നുണ്ട്. 

വളർത്തു മൃ​ഗങ്ങളിൽ കൊറോണ പകരുമോ എന്നതിനെ കുറിച്ച് പലരിലും സംശയമുണ്ട്. പൂച്ചകൾക്കും നായ്ക്കൾക്കും കൊറോണ വൈറസ് പകരില്ലെന്ന് ലോകാരോ​ഗ്യ സംഘടന. വളർത്തുമൃഗങ്ങൾക്ക് കൊറോണ വൈറസ് ബാധിക്കുമെന്നതിന് ഇപ്പോൾ തെളിവുകളൊന്നുമില്ലെന്നാണ് ആരോഗ്യ വിദ്​ഗധർ പറയുന്നത്. 

മുൻപുള്ള സാര്‍സ് വൈറസുകളെപ്പോലെ, കൊവിഡ് -19 പ്രധാനമായും ചുമ, തുമ്മൽ, ഉമിനീർ അല്ലെങ്കിൽ മൂക്കിൽ നിന്ന് പുറന്തള്ളുന്ന തുള്ളികളിലൂടെയാണ് പകരുന്നത്. വളർത്തുമൃഗങ്ങൾ വളരെ എളുപ്പത്തിൽ തുള്ളികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, വൈറസിന് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് ചാടാൻ കാര്യമായ തടസ്സങ്ങളുണ്ട്, തിരിച്ചും അങ്ങനെയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 
 
 വളർത്ത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും വളർത്തുമൃഗങ്ങളെ തൊട്ടു കഴിഞ്ഞാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് പത്ത് സെക്കൻഡ് എങ്കിലും കഴുകുന്നത് വളരെ നന്നായിരിക്കും. കാരണം വൈറസ് രോഗം മാത്രമല്ല ഇ കൊളൈ, സാൽമൊണല്ല തുടങ്ങിയവ വരുന്നത് തടയും. അത് കൊണ്ട് തന്നെ വളർത്തു മൃഗങ്ങളെ താലോലിക്കുന്നവർ ശ്രദ്ധിക്കണമെന്നും വിദ​ഗ്ധർ പറയുന്നു. 

ഇതിന് മുമ്പ് കിഴക്കന്‍ ചൈനയിലുള്ള ഷിജിയാങ് മേഖലയിൽ കൊറോണ വൈറസ് പകരുന്നത് വളര്‍ത്തു മൃഗങ്ങളില്‍ നിന്നാണെന്ന ധാരണയില്‍ പൂച്ചകളേയും നായകളെയുമൊക്കെ വലിച്ചെറിഞ്ഞ് കൊന്നതായി ചില ഓൺലെെൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിയന്‍ജിന്‍ നഗരത്തിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നും ഇത്തരത്തില്‍ കൊല്ലപ്പെട്ട നിലയിലുള്ള ഉള്ള നായയുടെ ശരീരം ഫ്‌ളാറ്റിന്റെ സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. ഷാങ്ങ്ഹായില്‍ നിന്നും 5 വളര്‍ത്തു പൂച്ചകളുടെ ശവശരീരങ്ങളാണ് രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ കാണപ്പെട്ടത്.

അതേ സമയം പൂച്ചകളില്‍ നിന്നും നായകളില്‍ നിന്നും കൊറോണ രോഗം പടരുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. രോഗബാധിതരുമായി ഇടപഴകുന്ന വളര്‍ത്തുമൃഗങ്ങളെയും മറ്റുള്ളവരില്‍ നിന്നും അകറ്റിനിര്‍ത്തി നിരീക്ഷിക്കണമെന്ന് എപ്പിഡമോളജിസ്റ്റ്കൂടിയായ ഡോക്ടര്‍ ലീ ലന്‍ജ്വാന്‍ ഒരു ചാനല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ‌

അടുത്തിടെയാണ് ഹോങ്കോങ്കില്‍ വളർത്തു നായയ്ക്ക് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.  നായയുടെ ഉടമയായ അറുപതുകാരിയിൽ നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാകാം വൈറസ് പടർന്നതെന്നാണ് സംശയിക്കുന്നത്. 

 ക്വാറന്റൈൻ ചെയ്ത നായ, കൊറോണ പൊസിറ്റീവ് ആണെങ്കിലും ദുർബലമായ വിഭാഗത്തിൽപ്പെടുത്താവുന്ന കുറഞ്ഞ അണുബാധയാണിതെന്നാണ് ഹോങ്കോങ് അഗ്രികൾച്ചർ ഫിഷറീസ് ആൻഡ് കൺസർവേഷൻ വകുപ്പ് അറിയിച്ചിരുന്നു. 
വളർത്തു മൃ​ഗങ്ങളുമായി അടുത്തിടപഴകാനുള്ള സാഹചര്യങ്ങൾ കുറയ്ക്കണം. മൃഗങ്ങളുമായി ഇടപഴകുകയാണെങ്കിൽ കൃത്യമായ ശുചിത്യ നിർദേശങ്ങൾ പാലിക്കണമെന്നാണ് അറിയിച്ചിരുന്നു. 

click me!