കൊവിഡ് 19 പിടിപെട്ട ശേഷം സംഭവിക്കുന്നത്; പുതിയ പഠനം

By Web TeamFirst Published Nov 2, 2021, 11:33 PM IST
Highlights

കൊവിഡ് ബാധിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം പേരിലും പ്രതിരോധവ്യവസ്ഥയിലുള്‍പ്പെടുന്ന കോശങ്ങള്‍ നശിച്ചുപോകുന്നതായും ഇതുമൂലം പ്രതിരോധവ്യവസ്ഥ തന്നെ പ്രശ്‌നത്തിലാകുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്

കൊവിഡ് 19 നമ്മെ പല രീതിയില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നമുക്കറിയാം. അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും പല ആന്തരീകാവയവങ്ങളെയും കൊവിഡ് ദോഷകരമായി ബാധിക്കുന്നുണ്ട്.  

എത്രത്തോളം തീവ്രതയിലാണ് ഓരോ അവയവത്തെയും കൊവിഡ് വൈറസ് ബാധിക്കുന്നതെന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് കൃത്യമായി പറയുവാന്‍ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പഠനങ്ങള്‍ നടന്നുവരികയാണ്. 

ഇവയുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പറയാനുള്ളത്. മ്യൂണിക്കില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

കൊവിഡ് ബാധിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം പേരിലും പ്രതിരോധവ്യവസ്ഥയിലുള്‍പ്പെടുന്ന കോശങ്ങള്‍ നശിച്ചുപോകുന്നതായും ഇതുമൂലം പ്രതിരോധവ്യവസ്ഥ തന്നെ പ്രശ്‌നത്തിലാകുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്. 

ശരീരത്തിനകത്തെത്തുന്ന വൈറസിനെ പ്രതിരോധിക്കാന്‍ പ്രതിരോധവ്യവസ്ഥ ഒരുങ്ങും. എന്നാല്‍ ശക്തിയേറിയ വൈറസിനെ ചെറുക്കാന്‍ പ്രതിരോധവ്യവസ്ഥ അധികമായി പ്രയത്‌നിക്കുന്നു. ഇതമൂലമാണത്രേ കോശങ്ങള്‍ക്ക് പ്രശ്‌നം സംഭവിക്കുന്നത്. 

ഇത് പിന്നീട് ഏതെങ്കിലും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയോ, രക്തം കട്ട പിടിക്കാനിടയാക്കുകയോ ഹൃദയത്തെ അപകടത്തിലാക്കുകയോ എല്ലാം ചെയ്‌തേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

മാത്രമല്ല, കൊവിഡ് ബാധിച്ച് അത് മാറിയ ശേഷം അധികം വൈകാതെ തന്നെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലേക്കും ഈ പ്രശ്‌നം എത്തിക്കാമെന്ന് പഠനം പറയുന്നു. കൊവിഡ് ബാധിക്കപ്പെട്ടവരില്‍ നിന്ന് രക്തം ശേഖരിച്ച്, ഇതിലാണ് ഗവേഷകര്‍ പഠനം നടത്തിയതത്രേ. എന്നാല്‍ ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ ഗൗരവതരമായ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാനാവൂ എന്നും ഗവേഷകര്‍ തന്നെ പറയുന്നു. 

Also Read:- ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്‌ അഞ്ച് രാജ്യങ്ങളിൽ കൂടി അംഗീകാരം

click me!