
കൊവിഡ് 19 ( Covid 19 ) മഹാമാരിയുടെ താണ്ഡവം തുടരുന്നതിനിടെയാണ് മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി കേസുകള്‍ ( Dengue Cases ) വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. ഇടയ്ക്ക് ഡെങ്കു കേസുകളില്‍ വര്‍ധനവ് കണ്ടതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഡെങ്കു കേസുകള്‍ നിയന്ത്രണവിധേയമായാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് പുറത്തുവന്ന കണക്കുകള്‍ അല്‍പം ആശങ്കപ്പെടുത്തുന്നതാണ്.
ഒരു മാസത്തെ കാലയളവിനുള്ളില്‍ മാത്രം ദില്ലിയില്‍ 1200 ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ് ഈ കണക്ക്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഡെങ്കു കേസുകളുടെ കാര്യത്തില്‍ ഇത്തരത്തിലൊരു വര്‍ധനവ് ദില്ലിയിലുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.
സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ മാത്രം 1200 ഡെങ്കു കേസുകളാണ് ദില്ലിയില്‍ സ്ഥിരീകരിതച്ചത്. ആകെ ഈ വര്‍ഷം 1530 ഡെങ്കു കേസുകള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഇതിന് മുമ്പ് 2017ലാണ് ദില്ലിയില്‍ ഒരു മാസക്കാലയളവിനുള്ളില്‍ വന്‍ തോതില്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 2,022 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഡെങ്കു മരണനിരക്കിന്റെ കാര്യത്തിലും ദില്ലിയെ സംബന്ധിച്ച് 2017 തന്നെയായിരുന്നു ഇതിന് മുമ്പ് വെല്ലുവിളി ഉയര്‍ത്തിയ സമയം. പത്ത് മരണമാണ് ആ വര്‍ഷം മാത്രം സംഭവിച്ചത്. നിലവില്‍ ആറ് മരണവും ദില്ലിയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കൂടുതല്‍ അപകടകാരിയായ ടൈപ്പ്- 2 ഡെങ്കു വൈറസ് വ്യാപകമായി എന്ന വാര്‍ത്തയും ഏറെ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാലിക്കാര്യത്തില്‍ അനാവശ്യമായ ഭയം വേണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യവിദഗ്ധരും അറിയിച്ചിരുന്നു. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലായിരുന്നു ടൈപ്പ്- 2 ഡെങ്കു കേസുകള്‍ സ്ഥിരീകരിച്ചത്.
സാധാരണ ഡെങ്കിപ്പനി ആണെങ്കില്‍ പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന പനി, കണ്ണ് വേദന, തലവേദന, പേശീവേദന, സന്ധി വേദന, വിശപ്പില്ലായ്മ, ഭക്ഷണത്തിന് രുചി തോന്നായ്ക, നെഞ്ചില്‍ തടിപ്പ് പോലെയോ ചൂടുകുരു പോലെയോ പൊങ്ങുക, ഓക്കാനം എന്നിവയെല്ലാമാണ് ലക്ഷണമായി വരാറ്. ടൈപ്പ്- 2 വാറസ് മൂലമുള്ളതാണെങ്കില്‍ സാധാരണ പനിക്ക് പകരം 'ഹെമറേജിക് ഫീവര്‍' വരാന്‍ സാധ്യത കൂടുതലാണ്. ഇത് അല്‍പം ഗൗരവമുള്ള അവസ്ഥയുമാണ്.
Also Read:- ഡെങ്കിപ്പനി; അറിയാം അപകടകാരിയായ ടൈപ്പ്- 2 വൈറസ് ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam