
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 ( Covid 19 India ) കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിലെ ഏറ്റവും വലിയ കൊവിഡ് കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ന് മാത്രം നാലായിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ് ( Covid surge ) വന്നിരിക്കുന്നത്.
ഇത് മാര്‍ച്ച് 11 മുതലിങ്ങോട്ടുള്ള കണക്ക് നോക്കുമ്പോള്‍ ഏറ്റവുമധികം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമായി ( Covid surge ) മാറിയിരിക്കുകയാണ്. ആകെ 4,041 കേസുകളാണ് ഇന്ന് വന്നിരിക്കുന്നത്. ദശലക്ഷക്കണക്കിന് പേരെയാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ( Covid 19 India ) കടന്നുപിടിച്ചത്. ഏതാണ്ട് അഞ്ചര ലക്ഷം പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചുവെന്നാണ് ( Covid death ) കണക്ക്.
എന്നാല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരവും, മറ്റ് ചില സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരവും ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ( Covid death ) ഇതിനെക്കാളെല്ലാം വളരെ കൂടുതലാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് മാത്രം.
നേരത്തെയും കൊവിഡ് കേസുകളില്‍ മുന്നില്‍ നിന്നിരുന്ന മഹാരാഷ്ട്ര തന്നെയാണ് ഇപ്പോഴും മുന്നിട്ടുനില്‍ക്കുന്നത്. പ്രത്യേകിച്ച് സംസ്ഥാന തലസ്ഥാനമായ മുംബൈയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ ആഴ്ച മാത്രമെടുത്താല്‍ തന്നെ മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്നതായി കാണാം. മെയ് മാസത്തില്‍ മുന്‍മാസങ്ങളെ അപേക്ഷിച്ച് കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുമെല്ലാം നല്ല സൂചനകളല്ല നല്‍കുന്നത്. നേരത്തെ കൊവിഡ് രണ്ടാം തരംഗസമയത്ത് രാജ്യം നേരിട്ട പ്രതിസന്ധികള്‍ നാം കണ്ടതാണ്. കേസുകള്‍ വര്‍ധിച്ചതിനൊപ്പം തന്നെ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞ്, ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ മെഡിക്കല്‍ മേഖല ആകെയും തകിടം മറിഞ്ഞ സാഹചര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്.
ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വ കഭേദളാണ് ഇത്തരത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതില്‍ 'ഡെല്‍റ്റ' വകഭേദമായിരുന്നു രണ്ടാം തരംഗത്തിന് കാരണമായത്. മൂന്നാം തരംഗമെത്തിയപ്പോള്‍ 'ഒമിക്രോണ്‍' എന്ന വകഭേദമായിരുന്നു കാരണമായി വന്നത്. മൂന്നാം തരംഗത്തില്‍ രോഗം കുറെക്കൂടി വ്യാപകമാവുകയും കേസുകള്‍ ക്രമാതീതമായി കൂടുകയും ചെയ്തുവെങ്കിലും രോഗതീവ്രത കുറവായതിനാല്‍ ആശുപത്രികളില്‍ തിരക്കുണ്ടാവുകയോ, കൂടുതല്‍ പേര്‍ മരിക്കുന്ന സാഹചര്യമുണ്ടാവുകയോ ചെയ്തില്ല.
എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ മറിച്ചുള്ള ചില സാധ്യതകളിലേക്ക് കൂടി വിരല്‍ചൂണ്ടുകയാണ്. രാജ്യത്ത് കൊവിഡ് നാലാം തരംഗം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് തന്നെയാണ് വിദഗ്ധര്‍ പറഞ്ഞിട്ടുള്ളത്. ഇത് നാലാം തരംഗത്തിന്‍റെ സൂചനകളാണ് നല്‍കുന്നതെങ്കില്‍ രോഗതീവ്രതയുടെ കാര്യത്തില്‍ ആശങ്കയ്ക്കുള്ള വക ഉണ്ടായേക്കാം. എന്തായാലും വരും ദിവസങ്ങളില്‍ ഇതെക്കുറിച്ച് കൂടുതല്‍ അറിയാം.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളോടാണ് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. മിക്കയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും പിന്‍വലിച്ചതോടെ രോഗവ്യാപനം ശക്തമാകാനുള്ള അനുകൂലസാഹചര്യങ്ങളും നിലനില്‍ക്കുകയാണ്. ഇതും വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു.
Also Read:- 'കൊവിഡ് ഹൃദയത്തെ ബാധിക്കുന്നു'; പുതിയ പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam