
രണ്ട് വര്‍ഷത്തിലധികമായി നീണ്ട പോരാട്ടത്തിനൊടുവിലും കൊവിഡ് 19 ( CoVID 19 ) ഭീഷണിയില്‍ ഇനിയും നാം മുക്തരായിട്ടില്ല. ഇപ്പോഴും കൊവിഡ് നാശം വിതച്ചുകൊണ്ട് അതിന്റെ യാത്ര തുടരുകയാണ്. ഇതിനിടെ കൊവിഡിനെ നിസാരവത്കരിച്ച് ചിത്രീകരിക്കുന്നൊരു പ്രവണതയും പലരിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൊവിഡ് എത്രത്തോളം അപകടകാരിയാണെന്നതിന് തെളിവായി പല കേസുകളുടെ ( Covid Case ) വിശദാംശങ്ങളും പുറത്തുവരുന്നുണ്ടെന്നതാണ് സത്യം.
അത്തരത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നൊരു കേസ് ആണ് യുപിയിലെ ലക്‌നൗ സ്വദേശിയായ പന്ത്രണ്ടുകാരന്‍ ശൗര്യയുടെ കേസ്. ഓഗസ്റ്റിലാണ് ശൗര്യക്ക് കൊവിഡ് പിടിപെടുന്നത്. ആദ്യഘട്ടത്തില്‍ കൊവിഡാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. വൈറല്‍ ന്യുമോണിയ ആണെന്ന നിഗമനത്തിലായിരുന്നു അന്ന് നാട്ടില്‍ തന്നെ പരിശോധിച്ച ഡോക്ടര്‍മാര്‍.
എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ ശൗര്യയെ ഹൈദരാബാദിലെ കിംസ് ആശുപത്രിയിലേക്ക് ആകാശമാര്‍ഗം എത്തിക്കുകയായിരുന്നു. ഇവിടെ നാല് മാസത്തോളമാണ് ശൗര്യ ചികിത്സയില്‍ കഴിഞ്ഞത്. കൊവിഡ് മൂര്‍ച്ഛിച്ചതോടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും തുടര്‍ന്ന് ECMO ( എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയ്ന്‍ ഓക്‌സിജനേഷന്‍ ) എന്ന ലൈഫ് സപ്പോര്‍ട്ട് മെഷീന്റെ സഹായത്തോടെ 65 ദിവസം ജീവനും മരണത്തിനുമിടയില്‍.
ഗുരുതരമായ നിലയില്‍ ഇത്രയും ദീര്‍ഘമായി തുടര്‍ന്നാല്‍ ശ്വാസകോശം മാറ്റിവയ്ക്കുക എന്നതല്ലാതെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. എന്നാല്‍ ശൗര്യ ഈ വെല്ലുവിളി വിജയിച്ചു. 65 ദിവസം ECMO സഹായത്തോടെ മുന്നോട്ടുപോയി. തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കാതെ തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഏഷ്യയില്‍ തന്നെ ഒരു കുട്ടിയില്‍ ഇത്തരമൊരു വിജയം ആധുനിക വൈദ്യശാസ്ത്രം കൈവരിക്കുന്നത് ആദ്യമായാണ്. ഡോക്ടര്‍മാര്‍ക്കും, കുഞ്ഞിനെ പരിചരിച്ച മറ്റ് ജീവനക്കാര്‍ക്കുമെല്ലാം നന്ദി അറിയിക്കുകയാണ് ശൗര്യയുടെ മാതാപിതാക്കളായ രേണു ശ്രീവാസ്തവയുംരാജീവ് ശരണും.
ശൗര്യയുടെ അതിജീവനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതിലെ സന്തോഷം ഡോക്ടര്‍മാരും മാധ്യമങ്ങളുമായി പങ്കുവച്ചു. അത്ഭുതകരമായാണ് കുഞ്ഞ് മരണത്തില്‍ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് എത്തിയിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. നേരത്തേ 56കാരനായ ചെന്നൈ സ്വദേശി ഇത്തരത്തില്‍ ECMO സഹായത്തോടെ 109 ദിവസം ആശുപത്രിയില്‍ തുടരുകയും പിന്നീട് ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
രോഗം സൃഷ്ടിച്ച സങ്കീര്‍ണതകളില്‍ നിന്ന് ശൗര്യ ഇപ്പോള്‍ 90 ശതമാനവും മോചിതനായിട്ടുണ്ട്. ഫിസിയോതെറാപ്പിക്കാണ് ഇപ്പോള്‍ ഏറെ പ്രാധാന്യം കൊടുക്കുന്നത്.
കുട്ടികളില്‍ ചില സന്ദര്‍ഭങ്ങളില്‍ കൊവിഡ് ഈ രീതിയില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. അവരുടെ ശരീരത്തിന് വൈറസ് ആക്രമണം താങ്ങാനുള്ള ശേഷി ഉണ്ടാകില്ലെന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതത്രേ. കൊവിഡ് 19 പല അവയവങ്ങളെയും ബാധിക്കാനുള്ള സാധ്യതയും കുട്ടികളില്‍ കൂടുതലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ചിത്രത്തിന് കടപ്പാട്: എൻഡിടിവി
Also Read:- ജലദോഷങ്ങളില്‍ പകുതിയും കൊവിഡെന്ന് യുകെ ഗവേഷകരുടെ മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam