Coronavirus : കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 5 മിനിറ്റിനുള്ളില്‍; പഠനം

By Web TeamFirst Published Jan 15, 2022, 10:29 AM IST
Highlights

5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നും യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നു. 

നിശ്വാസവായുവിലൂടെ എത്തുന്ന കൊറോണ വൈറസ് (coronavirus) ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 5 മിനിറ്റിനുള്ളിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേയ്ക്ക് എത്തിപ്പെട്ടാൽ കൊവിഡ് (covid) ബാധയുണ്ടാകാം. അതേസമയം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നും യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ (University of Bristol) ഗവേഷകർ നടത്തിയ പഠനത്തില്‍ (study) പറയുന്നു. 

അതായത് കൊവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴി‍ഞ്ഞാല്‍ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കും. വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കൊവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നു. 

മാസ്ക് ധരിക്കേണ്ടതിന്‍റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പഠനം. കൊവിഡ് വ്യാപനത്തിന്റെ പ്രധാന റിസ്ക് രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ജോനാഥ് റീഡ് പറയുന്നു. 

അതേസമയം, രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. കേരളത്തില്‍16,338 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 

Also Read: പ്രതിരോധശേഷി കൂടി; കൊവാക്സിൻ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം


 

click me!