Latest Videos

കൊവിഡ് മൂന്നാം തരംഗം അടുത്തെത്തിയോ? ; വിദഗ്ധര്‍ പറയുന്നു...

By Web TeamFirst Published Sep 25, 2021, 12:14 PM IST
Highlights

നിലവില്‍ വാക്‌സിനേഷന്‍ നടപടികളുമായി മുന്നോട്ടുപോവുക തന്നെയാണ് രാജ്യം. ഭിന്നശേഷിക്കാര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ ആരോഗ്യപരമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും വാക്‌സിന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള തീരുമാനവും ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്

കൊവിഡ് 19 മഹാമാരിയുടെ മൂന്നാംതരംഗം രാജ്യത്തുണ്ടാകുമെന്ന് നേരത്തേ മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. അതിരൂക്ഷമായ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യമേഖലയെ ആകെ സ്തംഭിപ്പിക്കുന്ന അവസ്ഥ വരെയെത്തിയിരുന്നു. 

കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിച്ചതോടെ രാജ്യതലസ്ഥാനം അടക്കമുള്ളയിടങ്ങളില്‍ നിരവധി രോഗികള്‍ക്ക് ചികിത്സ പോലും ലഭ്യമാകാത്ത സാഹചര്യമായിരുന്നു രണ്ടാം തരംഗത്തില്‍ കണ്ടത്. ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെയും ഓക്‌സിജന്‍ ലഭിക്കാതെയുമെല്ലാം മരിച്ച കൊവിഡ് രോഗികള്‍ തന്നെയുണ്ട്. 

ഇനി, മൂന്നാം തരംഗം കൂടി വരുമ്പോള്‍ എങ്ങനെയായിരിക്കും സാഹചര്യങ്ങള്‍ മാറിമറിയുകയെന്ന ആശങ്കയാണ് ഏവരിലുമുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 15നും ഒക്ടോബര്‍ 13നും ഇടയിലാണ് രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമെത്തേണ്ടത്. 

 

 

ഈ അടുത്ത ദിവസങ്ങളിലാകട്ടെ, മൂന്നാം തരംഗം സമീപമെത്തിയതായാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. നമ്മള്‍ ക്ഷണിച്ചെങ്കില്‍ മാത്രമാണ് മൂന്നാം തരംഗം സംഭവിക്കൂവെന്നും, അത് തീര്‍ത്തും മനുഷ്യരുടെയും വൈറസിന്റെയും ഇടപെടലിന് അനുസരിച്ചായിരിക്കും ഉണ്ടാവുകയെന്നുമാണ് മൂന്നാം തരംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് 'സയന്‍സ് ആന്റ് ടെകനോളജി മന്ത്രാലയ'ത്തിന് കീഴില്‍ 'ബയോടെക്‌നോളജി' വിഭാഗം മേധാവിയായ ഡോ. രേണു സ്വരൂപ് പ്രതികരിച്ചത്. 

എന്നാല്‍ മൂന്നാം തരംഗമുണ്ടായാലും അത് രണ്ടാം തരംഗം പോലെ ഒരിക്കലും രൂക്ഷമാകില്ലെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. വലിയൊരു വിഭാഗം ജനത്തിനും നിലവില്‍ വാക്‌സിന്‍ എത്തിക്കഴിഞ്ഞു എന്നതാണ് മൂന്നാം തരംഗം രൂക്ഷമാകാതിരിക്കാന്‍ ഇവര്‍ കാണുന്ന കാരണം. 

'വലിയൊരു വിഭാഗം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തുകഴിഞ്ഞു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണവും കുറവല്ല. കൊവിഡ് 19നെ ഫലപ്രദമായി ചെറുക്കാന്‍ വലിയ പരിധി വരെ വാക്‌സിന് സാധ്യമാണ്. ഇനി വാക്‌സിനെടുത്ത ശേഷവും രോഗം ബാധിക്കുകയാണെങ്കില്‍ പോലും അത് തീവ്രമാകാനുള്ള സാധ്യത വളരെ വളരെ കുറവാണ്. അതിനാല്‍ തന്നെ മൂന്നാം തരംഗമുണ്ടായാലും അത് രണ്ടാം തരംഗത്തെ പോലെ രൂക്ഷമാവുകയില്ല...'- സിഎസ്‌ഐആര്‍ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മാണ്ഡെ പറയുന്നു. 

 

 

ഇനി, ജനിതകവ്യതിയാനം സംഭവിച്ച പുതിയൊരു കൊവിഡ് വൈറസ് ഉദയം ചെയ്യുകയാണെങ്കില്‍ അത് മൂന്നാം തരംഗത്തെ കാര്യമായ രീതിയില്‍ സ്വാധീനിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഡെല്‍റ്റ' വൈറസ് വകഭേദത്തിന്റെ വരവാണ് ഇത്തരത്തില്‍ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാക്കിയത്. 

നിലവില്‍ വാക്‌സിനേഷന്‍ നടപടികളുമായി മുന്നോട്ടുപോവുക തന്നെയാണ് രാജ്യം. ഭിന്നശേഷിക്കാര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ ആരോഗ്യപരമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും വാക്‌സിന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള തീരുമാനവും ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരത്തില്‍ വാക്‌സിന്‍ പരമാവധി പേരിലേക്ക് എത്തിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തയ്യാറെടുപ്പ്.

Also Read:- രാജ്യത്ത് 84 കോടി ജനങ്ങളിലേക്ക് ഇതുവരെ വാക്‌സിന്‍ എത്തിയെന്ന് കേന്ദ്രം

click me!