
ദില്ലി: ഓക്സ്ഫോഡ് കൊവിഡ് 19 വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓഗസ്റ്റ് 22 ഓടെ ഇന്ത്യയിൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ദിവസം നൂറോളം പേർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകുമെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഓക്സ്ഫോഡ് സർവ്വകലാശാല വികസിപ്പിച്ചെടുക്കുകയും സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുകയും ചെയ്യുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ അഞ്ചിടത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും പൂനെ, മുംബൈ, മഹാരഷ്ട്ര, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കുമെന്ന് ആഭ്യന്തര കാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി അറിയിച്ചു.
ഈ ഘട്ടത്തിൽ 1600 പേർക്ക് കൊവിഡ് വാക്സിൻ നൽകും. ഓക്സ്ഫോഡ് കൊവിഡ് വാക്സിൻ ഇന്ത്യയിലാദ്യമായി നിർമ്മാണം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് സൂചന ലഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
' കൊവിഡ് 19 ഹോട്ട്സ്പോട്ടുകളായ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിലെ 20 സ്ഥലങ്ങളും ആശുപത്രികളും തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിഎംആറുമായി സഹകരിച്ച് 12 ആശുപത്രികളിൽ പരീക്ഷണം നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്...' സെറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് പറഞ്ഞു.
ഒന്നും രണ്ടും ഘട്ടങ്ങളേക്കാൾ ദൈർഘ്യമേറിയതാണ് മൂന്നാം ഘട്ട പരീക്ഷണങ്ങൾ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ആദ്യം കൊവിഡ് വാക്സിൻ നൽകുന്നത് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻ നിരപോരാളികൾക്കുമാണെന്ന് മോദി വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam