Deepesh Bhan : നടൻ ദീപേഷിന്‍റെ മരണം; അമിത വ്യായാമം കാരണമായോ?

Published : Jul 26, 2022, 04:00 PM IST
Deepesh Bhan : നടൻ ദീപേഷിന്‍റെ മരണം; അമിത വ്യായാമം കാരണമായോ?

Synopsis

വീട്ടില്‍ വച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു ദീപേഷ്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹെമറേജ് ആയിരുന്നു മരണകാരണം. 

ഫിറ്റ്നസ് കാര്യങ്ങളെ ഗൗരവമായി എടുക്കുന്ന ആളുകളില്‍ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും കുറയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത് ഒരു പരിധി വരെ ശരി തന്നെയാണ്. എന്നാല്‍ വ്യായാമം അമിതമായാലും ( Over Exercise ) അത് ശരീരത്തിന് അപകടമാകാം. ഇപ്പോള്‍ ടെലിവിഷൻ താരമായ ദീപേഷ് ഭാനിന്‍റെ ( Deepesh Bhan )  മരണത്തോടെ ഈ വിഷയം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

വീട്ടില്‍ വച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു ദീപേഷ് ( Deepesh Bhan ). ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹെമറേജ് ആയിരുന്നു മരണകാരണം. 

ഫിറ്റ്നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുവായ നാല്‍പത്തിയൊന്നുകാരനായ ദീപേഷിന്‍റെ പെടുന്നനെയുള്ള മരണത്തില്‍ ആഘാതത്തിലായിരിക്കുകയാണ് കുടുംബവും സഹപ്രവര്‍ത്തകരും. മദ്യപാനമോ പുകവലിയോ പോലുള്ള ദുശ്ശീലങ്ങള്‍ ഏതുമില്ലാതിരുന്ന ദീപേഷ് പക്ഷേ, ജിമ്മില്‍ അധികസമയം വര്‍ക്കൗട്ടിന് വേണ്ടി ചെലവിടുകയും ഡയറ്റ് പരിമിതപ്പെടുത്തുകയും ചെയ്തിരുന്നതായും ഇക്കാര്യത്തില്‍ തങ്ങള്‍ താക്കീത് നല്‍കിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറയുന്നു. 

'അടുത്തിടെയായി ദീപേഷ് ഒരുപാട് സമയം ജിമ്മില്‍ ചെലവിടുമായിരുന്നു. അതുപോലെ ഓട്ടവും ഉണ്ടായിരുന്നു. നാല്‍പത് കഴിഞ്ഞാല്‍ വര്‍ക്കൗട്ടിന്‍റെ കാര്യത്തില്‍ അല്‍പമൊരു അയവ് വരുത്തണമെന്ന് ഞാൻ നേരത്തെ തന്നെ ദീപേഷിനോട് പറയുമായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് വണ്ണം ചെറുതായി കൂടിയതോടെ അദ്ദേഹം വര്‍ക്കൗട്ടും കാര്യമാക്കുകയായിരുന്നു. രാത്രി ഭക്ഷണവും കഴിച്ചിരുന്നില്ല. ഡയറ്റിംഗ് ക്രമത്തിന്‍റെ ഭാഗമാണെന്നായിരുന്നു അറിയിച്ചിരുന്നത്'- ദീപേഷിന്‍റെ സഹപ്രവര്‍ത്തകനും നടനുമായ ആസിഫ് ഷേയ്ഖ് പറയുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗലൂരുവില്‍ നിന്നും സമാനമായ രീതിയിലൊരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജിമ്മില്‍ വെയിറ്റ് ലിഫ്റ്റിംഗിനിടെ കുഴഞ്ഞുവീണൊരു യുവതി മരിച്ചുവെന്നതായിരുന്നു വാര്‍ത്ത. ഹെമറേജ് തന്നെയായിരുന്നു ഇവരുടെയും മരണകാരണം.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അമിത വ്യായാമം എങ്ങനെയാണ് നമ്മെ ബാധിക്കുകയെന്ന ചര്‍ച്ച സജീവമാവുകയാണ്. അവരവരുടെ ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനും ചേരാത്ത വിധം അമിതമായി വ്യായാമം  ( Over Exercise ) ചെയ്യുമ്പോള്‍ ബിപി (രക്തസമ്മര്‍ദ്ദം) പെട്ടെന്ന് ഉയരുകയും അത് തലച്ചോറിനകത്ത് രക്തസ്രാവമുണ്ടാക്കുകയും ചെയ്യാമെന്ന് ( ഹെമറേജ്) ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

അതുപോലെ തന്നെ വെയിറ്റ് ട്രെയിനിംഗ് ചെയ്യുമ്പോഴും ഏറെ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബിപി വ്യതിയാനം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത ഇത് കൂട്ടുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. സാധാരണഗതിയില്‍ ആളുകള്‍ വെയിറ്റ് ട്രെയിനിംഗ് ചെയ്യേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. എയറോബിക് വര്‍ക്കൗട്ട് തന്നെ ധാരാളമാണെന്നും അല്ലാത്തവര്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഹാര്‍ട്ട് റേറ്റ് രേഖപ്പെടുത്താൻ സഹായിക്കുന്ന ഡിജിറ്റല്‍ വാച്ചോ ഓക്സിമീറ്ററോ എല്ലാം ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

Also Read:- വ്യായാമം അമിതമായാല്‍ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമോ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം
വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...