കൃത്യമായി വര്‍ക്കൗട്ട് പിന്തുടരുന്നയാളായിരുന്നു പുനീത്. ഫിറ്റ്‌നസിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യുന്നയാളുമായിരുന്നു അദ്ദേഹം. ജിമ്മില്‍ പരിശീലനത്തില്‍ തുടരവേയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ശരീരം 'ഫിറ്റ്' ആയി (Body Fitness ) സൂക്ഷിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് ഗുണമേ ഉണ്ടാക്കൂ. കായികാധ്വാനമില്ലാതെ തുടരുന്നത് പല തരത്തിലുള്ള അസുഖങ്ങളിലേക്കും നമ്മെ നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ തന്നെ വ്യായാമം നിര്‍ദേശിക്കുന്നത് ( Doing Exercise) . 

എന്നാല്‍ വ്യായാമത്തിലേക്ക് കടക്കുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് അസുഖങ്ങള്‍, ശാരീരികമായ അവശതകള്‍, ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ അങ്ങനെ പല കാര്യങ്ങളും പരിഗണനയിലെടുക്കേണ്ടതുണ്ട്. 

പക്ഷേ, മിക്കപ്പോഴും ഇത്തരം കാര്യങ്ങളൊന്നും തന്നെ കണക്കാക്കാതെയാണ് അധികപേരും വ്യായാമം തുടങ്ങുക. ഇങ്ങനെ ശാസ്ത്രീയമായ അവബോധമില്ലാതെ വ്യായാമം ചെയ്യുന്നത് ഗുണമുണ്ടാക്കില്ലെന്ന് മാത്രമല്ല ശരീരത്തിനും മനസിനും ഒരുപോലെ ദോഷവും ഉണ്ടാക്കാം. 

അമിത വ്യായാമവും ഇങ്ങനെ തന്നെ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയില്‍ ഉയരുകയുണ്ടായി. കൃത്യമായി വര്‍ക്കൗട്ട് പിന്തുടരുന്നയാളായിരുന്നു പുനീത്. ഫിറ്റ്‌നസിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യുന്നയാളുമായിരുന്നു അദ്ദേഹം. ജിമ്മില്‍ പരിശീലനത്തില്‍ തുടരവേയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അമിതമായ വ്യായാമമാണോ പുനീതിന്റെ അകാല വിയോഗത്തിന് കാരണമായതെന്ന ചോദ്യം അന്ന് മുതല്‍ തന്നെ ഉയര്‍ന്നുകേട്ടതാണ്. ഇക്കാര്യത്തില്‍ വലിയ വ്യക്തതയൊന്നും തന്നെ ഇല്ല. എന്നാല്‍ അമിത വ്യായാമം ചില സന്ദര്‍ഭങ്ങളിലെങ്കിലും ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

'വ്യായാമത്തെ കുറിച്ച് ഒന്നും മനസിലാക്കാതെ അതിലേക്ക് പോകുന്നത് തീര്‍ച്ചയായും നന്നല്ല. പെട്ടെന്ന് റിസള്‍ട്ട് കിട്ടാനായി ജിമ്മിലേക്കും മറ്റും പോകുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. ഇതും അപകടകരമായ പ്രവണത തന്നെ. പേശികളിലും മറ്റും പരിക്കുണ്ടാക്കാനും ക്രമേണ ഹൃദയത്തെ തന്നെ പ്രതികൂലമായി ബാധിക്കാനുമെല്ലാം ഇവ കാരണമാകാം...'- ആസ്തര്‍ ആര്‍വി ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ലീഡ് കണ്‍സള്‍ട്ടന്റായ ഡോ. എസ് വെങ്കടേഷ് പറയുന്നു. 

കടുത്ത വ്യായാമങ്ങളിലേക്ക് കടക്കും മുമ്പ് വാം അപ് ആവശ്യമാണ്. ഇതിന് അറിവുള്ളവരുടെ പരിശീലനവും ആവശ്യമാണ്. അല്ലാത്ത പക്ഷം അത് ദോഷകരമായി ഭവിക്കാനുള്ള സാധ്യതകളേറെയാണെന്നും അദ്ദേഹം പറയുന്നു. 

ചുരുങ്ങിയ സമയത്തിനകം ഫലം കിട്ടാന്‍ വേണ്ടി വ്യായാമം ചെയ്യു്‌നനവരില്‍ അതിന്റേതായ സമ്മര്‍ദ്ദം കാണുമെന്നും അതും പ്രതികൂലമായ ഘടകമായി വരാമെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. പേശീ വേദന, മൂഡ് ഡിസോര്‍ഡര്‍, ഉറക്കപ്രശ്‌നം, ബിപി വ്യതിയാനം എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം അമിതവ്യായാമത്തിന്റെ ഭാഗമായി വരാം. ഇവയെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ഹൃദയത്തെ മോശമായി ബാധിക്കാം. 

'അമിത വ്യായാമം ചിലരില്‍ ബിപി വ്യതിയാനമുണ്ടാക്കാം. കൊളസ്‌ട്രോളിന്റെ പ്രശ്‌നമുള്ളവരിലാണെങ്കില്‍ പെട്ടെന്ന് തന്നെ അത് ഹൃദയത്തെ ബാധിക്കാം. വെന്‍ട്രിക്കുലാര്‍ അരിത്മിയ ഒക്കെ പോലുള്ള ഗുരുതരമായ ഹൃദയപ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ സംഭവിക്കാം...'- ഡോ. വെങ്കടേഷ് പറയുന്നു. 

ഇതിന് പുറമെ പ്രതിരോധശക്തി ദുര്‍ബലമാകാനും അതുവഴി വൈറല്‍ ബാധ പോലുള്ള അസുഖങ്ങള്‍ പിടിപെടാനുമെല്ലാം അമിത വ്യായാമം കാരണമാകാം. വ്യായാമം ചെയ്യുന്നത് ഗുണകരം തന്നെ, എന്നാല്‍ അതിന് മുമ്പായി ചെയ്യേണ്ട കാര്യങ്ങള്‍, ശ്രദ്ധിക്കേണ്ട വിഷയങ്ങളെല്ലാം കരുതിയിരിക്കണമെന്നും ഡോക്ടര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

Also Read:- പുനീത് രാജ്കുമാറിന്റെ മരണം; യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ